Voice of Truth

കാലവര്‍ഷത്തിന്റെ ലഭ്യതക്കുറവ്, കേരളം ആശങ്കയില്‍; ജലദൗർലഭ്യം, വൈദ്യുതി വിതരണം മുടങ്ങുമെന്ന് മന്ത്രി

  • കാലവർഷം താളം തെറ്റിയതിനു കാരണം വായു കൊടുങ്കാറ്റ്‌ എന്ന് വിദഗ്ദർ
  • കാലവർഷത്തിന്റെ വരവ് ഇനിയും നീണ്ടാൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി നിയമസഭയിൽ
  • മഴയുടെ ലഭ്യതക്കുറവ്, കർഷകർ ആശങ്കയിൽ

ജൂണ്‍ മാസം പിന്നിട്ടിട്ടും, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലൊഴികെ മറ്റെവിടെയും ആവശ്യത്തിന് മഴയെത്തിയിട്ടില്ല. കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്‍റെ കണക്കുകള്‍ അനുസരിച്ച്, ഇടുക്കിയില്‍ ഈ സമയത്തിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടിയിരുന്ന മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. വയനാട്ടിലാകട്ടെ, അമ്പത്തഞ്ച് ശതമാനം മഴക്കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ അമ്പത്തഞ്ച് സെന്റിമീറ്റര്‍ മഴ ഇതിനകം ലഭിക്കേണ്ട സ്ഥാനത്ത് മുപ്പത്തഞ്ച് ശതമാനം മാത്രമാണ് ലഭിച്ചിരിക്കുന്നത്.

കേരളമെങ്ങും ആശങ്ക വിതച്ച് ചരിത്രം സൃഷ്ടിച്ച ഒരു മഴക്കാലം പിന്നിട്ട് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് വരള്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ഭീതി പടര്‍ത്തുന്നത് എന്നതാണ് വിരോധാഭാസം. കാലാവസ്ഥ മുമ്പെങ്ങുമില്ലാത്തവിധം താളംതെറ്റുന്നതിന്റെ ലക്ഷണങ്ങളാണ് മുന്നില്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം ഈ നാളുകളില്‍ മഴകൊണ്ട്‌ പൊരുതിമുട്ടിയിരുന്ന പല നാടുകളും മഴമേഘങ്ങള്‍ക്കായി ദാഹത്തോടെ കാത്തിരിക്കുന്നു. ഇരുണ്ട മേഘങ്ങളും, മിന്നലുകളും, മഴവില്ലുകളും തുടങ്ങിയ ശുഭലക്ഷണങ്ങള്‍ മിക്കയിടങ്ങളിലും ദൃശ്യമല്ല.

സാധാരണയായി ജൂണ്‍ മാസം ആരംഭത്തില്‍ത്തന്നെ കേരളത്തില്‍ ആരംഭിക്കുന്ന കാലവര്‍ഷം, അടുത്ത ഏതാനും മാസങ്ങള്‍കൊണ്ട്‌ ഭൂമിയെ തണുപ്പിക്കുകയാണ്‌ പതിവ്. എന്നാല്‍ ഇന്ന്, കേരളത്തില്‍ ചിലയിടങ്ങളില്‍ മുപ്പത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തുന്നു. സൂര്യന്‍ പൂര്‍വ്വാധികം ശക്തിയോടെ തെളിഞ്ഞു നില്‍ക്കുന്നു. മഴമേഘങ്ങള്‍ ദുര്‍ബ്ബലമായി വന്നുംപോയും നില്‍ക്കുന്നു. കര്‍ഷകരാണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്. കാലവര്‍ഷത്തെ ആശ്രയിച്ചുള്ള കൃഷികളാണ് കേരളത്തില്‍ ഏറെയും. ഒരു വര്‍ഷം കാലവര്‍ഷം പിഴച്ചാല്‍, വരുന്ന വര്‍ഷം പട്ടിണിയായിരിക്കും ഫലം.

കെഎസ്ഇബി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. കേവലം രണ്ടാഴ്ചത്തെ വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള വെള്ളം മാത്രമാണ് ജലസംഭരണികളില്‍ ഇപ്പോഴുള്ളത് എന്ന് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇനിയും മഴ വൈകിയാല്‍ കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള വെള്ളത്തിന്റെ കണക്കനുസരിച്ച്, 451.7 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക. കേരളത്തിന്റെ പ്രതിദിന വൈദ്യുതി ഉല്‍പ്പാദനം എഴുപത്തഞ്ച് ദശലക്ഷം യൂണിറ്റാണ്.

ഈയാഴ്ച അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം തിരികെയെത്തുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിക്കുന്നു. ഇത്തവണ കാലവര്‍ഷം വൈകാന്‍ കാരണമായത് ‘വായു’ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രതിഭാസങ്ങളാണ് എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അറബിക്കടലില്‍ രൂപംകൊണ്ട കൊടുങ്കാറ്റ് ജൂണ്‍ പത്തോടെയാണ് കേരള തീരത്തുകൂടി കടന്നുപോയത്. ആ ദിവസങ്ങളില്‍ ആരംഭിക്കേണ്ടിയിരുന്ന കാലവര്‍ഷത്തിന് അടിസ്ഥാനമായ പാരിസ്ഥിതിക ഘടകങ്ങളെ ആ കൊടുങ്കാറ്റ് സ്വാധീനിക്കുകയുണ്ടായി. മഴയുടെ രീതിയും, കാറ്റിന്റെ ദിശയും മാറുകയുണ്ടായി. ആ കൊടുങ്കാറ്റ് മഴമേഘങ്ങളെ ഇന്ത്യന്‍ തീരത്തുനിന്നും ഒമാന്‍ തീരത്തേയ്ക്ക് അകറ്റുകയുമുണ്ടായി. കാലാവസ്ഥയുടെ ഇത്തരം സങ്കീര്‍ണ്ണങ്ങളായ ഗതിമാറ്റങ്ങളെ അതിജീവിച്ചുകൊണ്ട് കാലവര്‍ഷം തിരികെയെത്തുമെന്ന വിശ്വാസത്തിലാണ് കാലാവസ്ഥാനിരീക്ഷകര്‍.

Leave A Reply

Your email address will not be published.