- തിരുവല്ലയിൽ മൽസ്യബന്ധനത്തിനിടെ ഒരു മരണം
- കൊച്ചി ചെല്ലാനം, അമ്പലപ്പടി ഭാഗങ്ങളിൽ വെള്ളം കയറി
- കൊല്ലത്തും വിഴിഞ്ഞത്തുമായി ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി
- പത്തനംതിട്ടയിൽ കൺട്രോൾ റൂം തുറന്നു
- കൊല്ലം ആലപ്പാട്ട് അമ്പത് മീറ്ററോളം കടൽ കരയിലേക്ക് കയറി
- കാസർഗോഡ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- മലപ്പുറത്ത് പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ തീരപ്രദേശത്തെ വീടുകളിൽ വെള്ളം കയറി.
- മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി
- മീനച്ചിലാറ്റിലും, പമ്പയിലും ജലനിരപ്പ് ഉയരുന്നു
കനത്ത മഴയും, കടൽക്ഷോഭവും വ്യാപകമായതോടെ തീരപ്രദേശവും മലയോര മേഖലകളും ആശങ്കയിൽ. നിലവിൽ അപകട ഭീഷണിയിൽ അകപ്പെട്ടിരുന്ന ചെല്ലാനം, വിഴിഞ്ഞം പ്രദേശങ്ങളിലെ ജനങ്ങൾ കടലാക്രമണ ഭീഷണിയിലാണ്.
തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങൾ കടുത്ത ഭീഷണിയിലാണ്. ബുധനാഴ്ച വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള ശ്രമം തുടരുകയാണ്. പുതിയതുറയിൽനിന്ന് രണ്ടുപേരും, പുല്ലുവിളയിൽ നിന്ന് രണ്ടുപേരുമാണ് സംഘത്തിൽ ഉൾപ്പെടുന്നത്.
കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ നാല് തമിഴ്‌നാട് സ്വദേശികൾ അപകടത്തിൽപെട്ടു. ഒരാൾ നീന്തി രക്ഷപെട്ടു. മറ്റു മൂന്നുപേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ കരയ്ക്കടിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.
കരിമണൽ ഖനന മേഖലയായ കൊല്ലം ആലപ്പാട്ട് കടൽക്ഷോഭം ശക്തമാണ്. അശാസ്ത്രീയമായ ഖനനം മൂലം തീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതാണ് വലിയ ക്ഷോഭത്തിന്റെ കാരണം എന്നാണ് ആരോപണം. പ്രദേശവാസികൾ സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
പൊന്നാനിയിൽ പതിനഞ്ചോളം ഭവനങ്ങളിൽ വെള്ളം കയറിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ഓഖി ദുരന്തത്തോടെ നശിച്ച കടൽഭിത്തി വർഷങ്ങൾ കഴിഞ്ഞിട്ടും പുനരുദ്ധരിക്കാത്തതാണ് ഇവിടെ ഭീഷണിയായിരിക്കുന്നത്. മഴ വീണ്ടും ശക്തിപ്രാപിക്കും എന്ന അറിയിപ്പുള്ളതിനാൽ അനേകർ തീരദേശം വിട്ട് ബന്ധു ഭവനങ്ങളിലേയ്ക്ക് യാത്രയാകുന്നു.
കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും മഴ ശക്തമാണ്. മലയോര മേഖലകളിൽ പരക്കെ ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. കണ്ണൂർ നഗരത്തിൽ പതിവില്ലാത്ത രീതിയിൽ വെള്ളം കയറിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. വയനാട് ഒഴികെയുള്ള ജില്ലകളിൽ പലയിടങ്ങളിലും കനത്തമഴയും, ജാഗ്രതാ നിർദ്ദേശവും തുടരുകയാണ്.