പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പ്രസ് കോണ്‍ഫറന്‍സ് അവസാനിച്ചപ്പോള്‍ വിമര്‍ശന പെരുമഴ. ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുമൊന്നിച്ചായിരുന്നു അദ്ദേഹത്തിന്റെ പത്ര സമ്മേളനം. മാധ്യമപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് പലതിനും ഉത്തരം നല്‍കിയത് അമിത് ഷാ ആയിരുന്നു എന്നതും വിമര്‍ശിക്കപ്പെട്ടു. എന്നാല്‍, ആദ്യം അമിത് ഷാ പത്രസമ്മേളനം നടത്തും എന്നാണ് അറിയിച്ചിരുന്നെങ്കിലും പിന്നീട് മോദി കൂടി പങ്കെടുക്കുകയായിരുന്നു.
മേയ് ഇരുപത്തിമൂന്നിന് ബിജെപി ഓഫീസില്‍നിന്ന് നിങ്ങള്‍ക്ക് മധുരം ലഭിക്കും എന്നായിരുന്നു ആത്മവിശ്വാസത്തോടെയുള്ള മോദിയുടെ വാക്കുകള്‍. അഞ്ചു വര്‍ഷം മുമ്പ് തങ്ങള്‍ നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടു എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭരണ നേട്ടങ്ങള്‍ അക്കമിട്ടു പറഞ്ഞായിരുന്നു അമിത്ഷായുടെ സംസാരവും. ഇത്തവണ മുന്നൂറിലധികം സീറ്റുകള്‍ നേടിക്കൊണ്ട് ബിജെപി അധികാരത്തില്‍ തുടരും എന്ന തന്റെ ആത്മവിശ്വാസവും അമിത്ഷാ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പങ്കുവച്ചു.
റാഫാല്‍ അഴിമതി, പ്രജ്ഞാ സിംഗ് താക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മോദി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. താന്‍ അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും, പാര്‍ട്ടി അദ്ധ്യക്ഷനുള്ളതിനാല്‍ അദ്ദേഹം മറുപടി പറയുമെന്നുമായിരുന്നു മോദിയുടെ പ്രതികരണം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ആശീര്‍വ്വാദം നല്‍കിയതിനാല്‍ നിങ്ങള്‍ക്ക് നന്ദി പറയാനാണ് താന്‍ വന്നിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. വീണ്ടും അധികാരത്തില്‍ വന്നാല്‍ ഉടന്‍ തന്നെ, പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു തുടങ്ങും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മാധ്യമപ്രവര്‍ത്തകരെ നിരാശരാക്കിയ മോദിയുടെ ശൈലിയെ അപഹസിച്ചുകൊണ്ടായിരുന്നു പ്രസ് കോൺഫറൻസിനെക്കുറിച്ചുള്ള രാഹുല്‍ഗാന്ധിയുടെ പ്രതികരണം.