ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പോളിങിനു മുന്നോടിയായുള്ള പരസ്യ പ്രചാരണവും അവസാനിച്ചതോടെ ബദരിനാഥിലെയും കേദര്‍നാഥിലെയും പുണ്യസ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാര്‍ത്ഥനയ്ക്കായി പോകുമെന്ന് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണസി ഉള്‍പ്പെടെയുള്ള 59 മണ്ഡലങ്ങളിലേയ്ക്കാണ് നാളെ പോളിങ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ തിരക്കുകളിൽ നിന്ന് മാറി ഉത്തരാഖണ്ഡിലെ കേദര്‍നാഥിലും ബദരിനാഥിലും മോദി പ്രാര്‍ത്ഥിക്കാനായി എത്തുമെന്ന് പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മൈ നേഷനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേദര്‍നാഥ് മാത്രം സന്ദര്‍ശിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിൽ പിന്നീട് യാത്ര ബദരിനാഥിലേയ്ക്ക് കൂടി നീട്ടുകയായിരുന്നു. സുരക്ഷാ ചുമതലയുള്ള എസ്‍പിജി സംഘം ഇതിനോടകം പ്രധാനമന്ത്രി എത്തുന്ന കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ കേന്ദ്രങ്ങളിൽ മോദിയ്ക്ക് വേണ്ടിയുള്ള താമസസൗകര്യം ഉള്‍പ്പെടെ തയ്യാറായിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയുണ്ടായാലും മോദിയെ അതിവേഗം മാറ്റാനുള്ള പദ്ധതിയ്ക്കും രൂപം കൊടുത്തിട്ടുണ്ട്. നരേന്ദ്ര മോദിയ്ക്ക് ധ്യാനിയ്ക്കാനായി ഒരു ഗുഹ തന്നെ ഒരുക്കിയിട്ടുണ്ടെന്നും മൈ നേഷൻ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.