മിയ ജോര്‍ജ്ജ് എന്ന ജിമി ജോര്‍ജ്ജ് സദാ സന്തോഷവതിയാണ്. ഒരു സ്വപ്നം പോലെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന മലയാള സിനിമ രംഗത്തെ മികച്ച അവസരങ്ങളെ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ മിയ നോക്കിക്കാണുന്നു. ബന്ധുക്കളിലും പരിചയക്കാരിലും സിനിമയുമായി ബന്ധമുള്ള ആരുമില്ലാതിരുന്നിട്ടും, അനായാസേനയെന്നവണ്ണം സിനിമയിലേയ്ക്ക് രംഗപ്രവേശം ചെയ്ത മിയ കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മുപ്പത്തിയേഴോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. അതില്‍ മുപ്പത്തിമൂന്നും നായികാവേഷം തന്നെ. മലയാളത്തിലെ മിക്കവാറും മുന്‍നിര നായകന്‍മാര്‍ക്കെല്ലാമൊപ്പം മിയ അഭിനയിച്ചിരിക്കുന്നു. ഏഴ് ചിത്രങ്ങള്‍ തമിഴിലും തെലുങ്കിലുമായുണ്ട്. ഇക്കാലയളവിനുള്ളില്‍, മലയാളസിനിമയിലെ മുന്‍നിര നായിക നടിമാരില്‍ തന്നെ നിര്‍ണ്ണായകമായൊരു സ്ഥാനം മിയ ആര്‍ജ്ജിച്ചെടുത്തത് തന്റെ കഴിവുകൊണ്ട് മാത്രമല്ല, വ്യക്തിത്വം കൊണ്ട് കൂടിയാണ്. മികച്ചൊരു നര്‍ത്തകിയും ഗായികയും കൂടിയായ മിയയ്ക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ സിനിമാപ്രേക്ഷകരുടെ മാത്രമല്ല, ടെലിവിഷന്‍ പ്രേക്ഷകരുടെയും ഹൃദയത്തില്‍ ഇടംനേടുവാന്‍ കഴിഞ്ഞിരിക്കുന്നു. ഉല്ലാസവതിയായ ഈ പാലാക്കാരി പെണ്‍കൊടിയെ ടെലിവിഷന്‍ പ്രോഗ്രാമുകളിലെങ്കിലും കണ്ടിട്ടുള്ളവര്‍ പുഞ്ചിരി നിറഞ്ഞ ഈ മുഖവും ആരെയും പിടിച്ചിരുത്തുന്ന സംസാരവും മറക്കാനിടയില്ല. സ്വന്തം കുടുംബാംഗത്തെപ്പോലെ മലയാളികള്‍ മിയയെ നെഞ്ചോട് ചേര്‍ക്കുന്നു.
മുപ്പത്തേഴോളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നല്ലോ, ഒരു നടി എന്ന നിലയില്‍ സന്തോഷവതിയാണോ?
സന്തോഷവതിയാണ്. എന്നാല്‍, തൃപ്തയാണോ എന്ന് ചോദിച്ചാല്‍, നമ്മളൊക്കെ മനുഷ്യരല്ലേ, ഭക്ഷണം മാത്രമല്ലേ മതി എന്ന് പറയാറുള്ളൂ… പിന്നെ ഒരു നടി എന്ന നിലയില്‍ എനിക്കിനിയും ഒരുപാട് ചെയ്യാനുണ്ടെന്നാണ് എന്റെ വിശ്വാസം. കരിയറില്‍ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് കരുതുന്നു. ഒരു സിനിമയും, മിയയുടെയോ അല്ലെങ്കില്‍ മറ്റൊരു നടന്റെയോ നടിയുടെയോ ടാലന്റ് മുന്നില്‍ കണ്ടുകൊണ്ടല്ലല്ലോ എഴുതുന്നത്. ഒരു തിരക്കഥ തയ്യാറായിക്കഴിയുമ്പോള്‍ അതിലേയ്ക്കാണ് നമ്മെ പ്ലേസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ഇത്രയും സിനിമകള്‍ ചെയ്‌തെങ്കിലും ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഏരിയകള്‍ ഇനിയും ബാക്കിയുണ്ടാവും. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അത്തരം ക്യാരക്ടറുകള്‍ക്കുവേണ്ടി കാത്തിരിക്കുന്നു. എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ഹാപ്പിയാണോ എന്ന് ചോദിച്ചാല്‍ അതെ എന്ന് തന്നെയാണ് ഉത്തരം.
സ്‌കൂള്‍ കാലഘട്ടത്തില്‍ ഡാന്‍സിലും സ്‌പോര്‍ട്ട്‌സിലുമൊക്കെ മിടുക്കിയായിരുന്നെന്ന് കേട്ടിട്ടുണ്ട്, പഠനത്തില്‍ എങ്ങനെയായിരുന്നു?
ഡാന്‍സ്, പാട്ട് തുടങ്ങിയവയൊക്കെ എന്നും കൂടെയുണ്ടായിരുന്നു. ചെറിയ ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ ഓട്ടത്തിലും ചാട്ടത്തിലുമൊക്കെ പലപ്പോഴും ഫസ്റ്റ് ആയിരുന്നു. കൂടുതല്‍ പ്രാക്ടീസ് വേണ്ടിവരും എന്ന ഘട്ടം വന്നപ്പോഴാണ് നിര്‍ത്തിയത്. സ്‌പോര്‍ട്ട്‌സ് വേണോ, ഡാന്‍സ് വേണോ എന്നൊരു ഘട്ടം വന്നപ്പോള്‍ ഡാന്‍സ് തെരഞ്ഞെടുത്തു. സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ എന്നും കലാപരമായ കാര്യങ്ങളിലൊക്കെ ആക്ടീവ് ആയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങി ഓട്ടംതുള്ളല്‍ വരെ ചെയ്തിട്ടുണ്ട്. അതിന്റെ ഒരു തുടര്‍ച്ചയായാണ് സിനിമയിലും എത്തിയത്. പഠനത്തിലും മോശമില്ലായിരുന്നു. പക്ഷെ, ഫൈനല്‍ എക്‌സാം സമയത്ത് മാത്രമേ കാര്യമായി പഠിച്ചിരുന്നുള്ളൂ. പത്താം ക്ലാസില്‍ ഒമ്പത് എ പ്ലസും, ഒരു എ യും ആയിരുന്നു. പ്ലസ്ടുവിന് എണ്‍പത്തിനാല് ശതമാനം മാര്‍ക്ക് ഉണ്ടായിരുന്നു. ഈസി ഗോയിംഗ് പ്രകൃതമായിരുന്നു അന്നും. കൂട്ടുകാരൊക്കെ അന്നും ഇന്നും ഒരേ ആള്‍ക്കാര്‍ തന്നെ. മിക്കവരും വീടിന്റെ പരിസരപ്രദേശങ്ങളിലൊക്കെ ഉള്ളവരാണ്.
അഭിനയ ജീവിതത്തിലേയ്ക്കുള്ള രംഗപ്രവേശം എങ്ങനെയായിരുന്നു?
എഷ്യാനെറ്റ് സംപ്രേഷണം ചെയ്ത അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്തുകൊണ്ടാണ് അഭിനയം ആരംഭിച്ചത്. ആ സീരിയലിന്റെ ടൈറ്റില്‍ സോംഗ് എഴുതിയത് ഫാ. ജോസ് തറപ്പേല്‍ എന്ന അച്ചനാണ്. എന്റെ സ്‌കൂളില്‍ അച്ചന്‍ അന്വേഷിച്ചു, മാതാവായി അഭിനയിക്കാന്‍ പറ്റിയ കുട്ടികള്‍ ഉണ്ടോ എന്ന്. അന്ന് ഞാന്‍ സ്‌കൂളില്‍ ഡാന്‍സും പാട്ടുമൊക്കെയായി ആക്ടീവ് ആയിരുന്നതിനാല്‍ പ്രിന്‍സിപ്പാളും അദ്ധ്യാപകരുമൊക്കെ എന്റെ കാര്യം അച്ചനോട് പറഞ്ഞു. അങ്ങനെ അവരൊക്കെ നിര്‍ബ്ബന്ധിച്ചിട്ടാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. വേഷം മാതാവിന്റെ ആയതുകൊണ്ടാണ് അന്ന് അഭിനയിക്കാന്‍ സമ്മതിച്ചത് തന്നെ. മറ്റൊരു വേഷമായിരുന്നെങ്കില്‍ ഒരുപക്ഷെ ചെയ്യുമായിരുന്നില്ല. അങ്ങനെ, പള്ളിയിലെ തറപ്പേല്‍ അച്ചനും, അദ്ധ്യാപകരുംകൂടിയാണ് എന്നെ നടിയാക്കിയത്. എങ്കിലും, അഭിനയത്തില്‍ തുടരണം എന്ന ചിന്ത അന്ന് ഉണ്ടായിരുന്നില്ല. ആദ്യമായി ഒരു ചെറിയ റോള്‍ ചെയ്തുകഴിഞ്ഞപ്പോള്‍ ഇത് ഇങ്ങനെയൊക്കെയാണെന്ന് മനസിലായി. അങ്ങനെയിരിക്കെ, അല്‍ഫോന്‍സാമ്മയില്‍ ചെയ്ത വേഷം കണ്ട് മറ്റൊരു അവസരം കൂടി വന്നു. രണ്ടാമതൊരു സീരിയലില്‍ കൂടി അഭിനയിച്ച ശേഷമാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തില്‍ നായകന്റെ പെങ്ങളുടെ വേഷമായിരുന്നു സിനിമയില്‍ ആദ്യം ചെയ്തത്. ചില ക്യാരക്ടര്‍ റോളുകള്‍ കൂടി ആയിടയ്ക്ക് ചെയ്ത ശേഷമാണ്, ചേട്ടായീസ് എന്ന സിനിമയില്‍ നായികയായി വരുന്നത്.
ജിമി എങ്ങനെ മിയയായി?
ചേട്ടായീസ് എന്ന സിനിമ നടക്കുന്ന സമയത്താണ് ജിമി എന്ന പേര് മാറ്റി മിയ എന്ന പേര് സ്വീകരിക്കുന്നത്. ജിമി എന്ന പേര് പലരും പതിവായി തെറ്റിച്ച് പറയുന്നതായിരുന്നു മാറ്റാന്‍ കാരണം. ബിജുച്ചേട്ടനും (ബിജു മേനോന്‍), സംവിധായകന്‍ ഷാജൂണ്‍ കാര്യാലും പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്.
സിനിമ മേഖലയുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും അനായാസേന ഒരു നായികനടിയായി രംഗപ്രവേശം ചെയ്ത്, ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യക്തമായൊരു ഇടം നേടിയെടുത്തു. എന്താണ് ഈ വിജയത്തിന് പിന്നില്‍?
വീട്ടുകാരുടെ നല്ല സപ്പോര്‍ട്ട് ഇല്ലെങ്കില്‍ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ സിനിമയില്‍ സജീവമാകാന്‍ കഴിയില്ല. ഇവിടെ എല്ലാവരും നല്ല സപ്പോര്‍ട്ട് ആണ്. പ്രത്യേകിച്ച് മമ്മി. എവിടെ പോയാലും മമ്മി കൂടെയുണ്ടാവും. പിന്നെ, മോശം പേര് കേള്‍പ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു തരത്തിലും ഒരു ചീത്തപ്പേര് ഉണ്ടാവരുത് എന്നുള്ള ശക്തമായ ബോധ്യത്തോടെയാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. എന്തെങ്കിലും പ്രശ്‌നം തോന്നുന്നതെല്ലാം ഒഴിവാക്കുകയാണ് പതിവ്.
കുടുംബാംഗങ്ങള്‍?
പിതാവ് ജോര്‍ജ്ജ്, മുംബൈയില്‍ എന്‍ജിനീയര്‍ ആയിരുന്നു. പിന്നീട് നാട്ടില്‍ വന്ന് ബിസിനസ് ആരംഭിച്ചു. അമ്മ മിനി. അമ്മയ്ക്ക് ഒരു ബ്യൂട്ടിപാര്‍ലറും ടൈലറിംഗ് ഷോപ്പും ഉണ്ടായിരുന്നു, ഇപ്പോള്‍ മറ്റു ചിലരാണ് അത് നടത്തുന്നത്. ഏക സഹോദരി ജിനി, കുടുംബമായി വിദേശത്താണ്.
പൊതുസമൂഹത്തില്‍ സിനിമയുടെ സ്വാധീനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും നടക്കാറുണ്ടല്ലോ. എന്താണ് വ്യക്തിപരമായ അനുഭവവും, അഭിപ്രായവും?
പോസിറ്റീവ് ആയി ഞാനും സ്വാധീനിക്കപ്പെടാറുണ്ട്. മോട്ടിവേഷണലായ ഒരുപാട് സിനിമകള്‍ ഉണ്ടല്ലോ. സു സു സുധി വാല്‍മീകം പോലുള്ള സിനിമകളൊക്കെ ഒരുപാട് പേര്‍ക്ക് തങ്ങളുടെ വിഷമങ്ങളെയൊക്കെ അതിജീവിക്കാന്‍ ശക്തി പകര്‍ന്നിട്ടുള്ളതായി കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഞാനും മോട്ടിവേറ്റഡ് ആകാറുണ്ട്. എന്നാല്‍ സിനിമയില്‍ കാണുന്ന എന്തെങ്കിലും അനുകരിക്കാന്‍ പോകാറില്ല.
തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലേയ്ക്ക് കടന്നുചെന്നപ്പോഴുള്ള അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?
ഭാഷയും ഡയലോഗും കഷ്ടപ്പെട്ടിരുന്ന് പഠിക്കണം എന്നതൊഴിച്ചാല്‍ വേറെ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടില്ല. മലയാളത്തില്‍ മുമ്പ് മുതല്‍ ഞാന്‍ ഡയലോഗുകള്‍ കാണാതെ പഠിച്ച് പറയുകയായിരുന്നു പതിവ് (പ്രോംപ്റ്റിംഗ് ഉപയോഗിക്കുമായിരുന്നില്ല). സ്വന്തം ലാംഗ്വേജ് ആകുമ്പോള്‍ പഠിക്കുവാന്‍ എളുപ്പമുണ്ടല്ലോ.പിന്നെ മലയാളം സിനിമയുടെ രീതിയേ അല്ല, തമിഴ്, തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രികളിലുള്ളത്. അവര്‍ ഹൈലി പ്രോഫഷണലാണ്. എല്ലാ ആര്‍ട്ടിസ്റ്റ് കള്‍ക്കും മാനേജരും, പി ആര്‍ വര്‍ക്ക് ചെയ്യുന്നവരും ഉണ്ട്. ഒരു പ്രൊഡക്ട് വില്‍ക്കുന്നത് പോലെയോ, ഇക്കാലത്ത് മറ്റ് പലതും മാര്‍ക്കറ്റ് ചെയ്യുന്നത് പോലെയോ ആണ് അവിടെ ഒരു ആര്‍ട്ടിസ്റ്റിന് അവസരങ്ങള്‍ കണ്ടെത്തുന്നത്. ഇവിടെ പലര്‍ക്കും മാനേജര്‍മാര്‍ പോലുമില്ല. മുമ്പ് പറഞ്ഞത് പോലെ ഒരു സ്‌ക്രിപ്റ്റ് തയാറായിക്കഴിയുമ്പോള്‍ ഈ വേഷം ഇയാള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നിയാല്‍ നമ്പര്‍ സംഘടിപ്പിച്ച് നേരിട്ട് വിളിക്കുകയാണ് പലപ്പോഴും ചെയ്യുക. തമിഴിലും തെലുങ്കിലുമൊക്കെ, ഇത്തരം കാര്യങ്ങള്‍ക്കായി ചില ഏജന്‍സികള്‍ തന്നെയുണ്ടെന്ന് തൊന്നും. അത്തരം രീതികളൊക്കെ ശരിക്കും നമുക്ക് അപരിചിതമാണ്.
അഭിനയ ജീവിതത്തില്‍ വെല്ലുവിളികളായി തോന്നിയത് എന്തൊക്കെയാണ്?
ശാരീരികമായും മാനസികമായുമുള്ള വെല്ലുവിളികള്‍ പലപ്പോഴും നേരിട്ടേക്കാം. ഫിസിക്കലി ചലഞ്ചിംഗ് ആയ വേഷങ്ങള്‍ ഞാന്‍ ഒരുപാടൊന്നും ചെയ്തിട്ടില്ല. ഹായ് ഐ ആം ടോണി എന്ന ചിത്രത്തില്‍ അത്തരത്തില്‍ ചില സീനുകള്‍ ഉണ്ടായിരുന്നു. ഓടുന്നതും, വീഴുന്നതും, പരിക്കേല്‍ക്കുന്നതും, അടി കിട്ടുന്നതും തുടങ്ങി… ആ ചിത്രത്തിലെ അഭിനയത്തിനിടെ ഒരിക്കല്‍ വീണ് പരിക്ക് പറ്റുകയുമുണ്ടായി. പല സിനിമകളും മെന്റലി ചലഞ്ചിംഗ് ആണ്. സങ്കീര്‍ണ്ണത കൂടുതലുള്ള വേഷങ്ങളാകുമ്പോള്‍ അവിടെ പ്രഷറും കൂടുതലായിരിക്കും. അടുത്തിറങ്ങിയ, എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന പ്രണയസിനിമയിലെ നായികയായ അഞ്ജലിയോട് കാഴ്ചക്കാര്‍ക്ക് ഇഷ്ടം തോന്നിയില്ലെങ്കില്‍ സിനിമ വിജയിക്കില്ല. മുമ്പ് തന്നെ, നമുക്ക് പരിചയമുള്ള ചില ചിത്രങ്ങളുണ്ടല്ലോ, കാണുമ്പൊള്‍ നമുക്ക് ഒന്നും തോന്നത്തതായി. നായകനും നായികയും ഒരുമിക്കണമെന്ന് കാണികള്‍ക്ക് തോന്നുമ്പോഴല്ലേ, പ്രണയകഥ വര്‍ക്കായി എന്ന് പറയാന്‍ കഴിയുക. എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമ മറിച്ചാവാന്‍ പാടില്ലായിരുന്നു. അഞ്ജലി എന്ന ക്യാരക്ടറിനെ എല്ലാവരും ഇഷ്ടപ്പെടണം, അഞ്ജലിയും സഞ്ജയും ഒരുമിക്കണമെന്ന് കാഴ്ചക്കാര്‍ ആഗ്രഹിക്കണം എന്നിവയായിരുന്നു ആ സിനിമയിലെ ടാസ്‌കുകള്‍. അതിനായി മാനസികമായി തയാറായി, ഓരോ സീനിലും പടിപടിയായി അതിനാവശ്യമായ കാര്യങ്ങള്‍ കൊടുത്ത് (അതിന്റെ ഒരു ഗ്രാഫുണ്ട്), പര്‍പ്പസ്ഫുളി അതിനുവേണ്ടി ചിന്തിച്ച്, മാനസികമായി ഒരുങ്ങി, സ്‌ട്രെയിന്‍ ചെയ്താണ് ഓരോന്നും ചെയ്തത്.
ചില സിനിമകളിലാണെങ്കില്‍ നമുക്ക് പത്ത് സീനോക്കെയെ ഉണ്ടാവൂ. ഉള്ളത് പവര്‍ഫുള്‍ ആയിരിക്കണം. പത്ത് സീനുകൊണ്ട് ഇംപാക്ട് ഉണ്ടാക്കിയെടുക്കുക എന്നതാവും ടാസ്‌ക്. ഇര എന്ന ചിത്രത്തില്‍ എനിക്ക് ആകെ പത്ത് സീനുകളെ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒരു പ്രണയം കാണിക്കണം, വൈഗ ദേവി എന്ന കഥാപാത്രത്തിന്റെ മുന്‍കാല ജീവിതം പറയണം… ആ സിനിമയില്‍ നായിക മരിക്കുകയാണ്. ആ വേദന കാഴ്ചക്കാരന് അനുഭവപ്പെടണം. എല്ലാം പത്ത് സീനില്‍ തീരുകയും വേണം എന്നുള്ളത് ഒരു വലിയ ടാസ്‌ക് ആണ്. ഇത്തരത്തില്‍ ഒരുപാട് ചലഞ്ചുകള്‍ ഉണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ സ്‌ട്രെയിന്‍ ചെയ്ത് അഭിനയിക്കുന്നതിന് ഉദ്ദേശിച്ച ഫലം ലഭിക്കുമ്പോള്‍ സന്തോഷമുണ്ട്. മെഴുതിരി അത്താഴങ്ങളുടെ ക്ലൈമാക്‌സ് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ഒരുപാടു പേര്‍ പറയുകയുണ്ടായി. ക്ലൈമാക്‌സില്‍ വല്ലാതെ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു എന്നാണ് പലരും പറഞ്ഞത്. ആ ഫീല്‍ ആരംഭം മുതലുള്ള സീനുകളുടെ ആകെത്തുകയാണ്. പര്‍പ്പസ്ഫുളി ഉണ്ടാക്കിയെടുത്തത് തന്നെയാണ് അത്.
ഒരു അഭിനേത്രി എന്ന നിലയില്‍ ഇനിയുള്ള വലിയ ആഗ്രഹം എന്താണ്?
ഒരു പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞാലും മിയ എന്ന നടിയെ മനുഷ്യര്‍ ഓര്‍ത്തിരിക്കുന്ന രീതിയില്‍ കുറച്ച് വേഷങ്ങള്‍ ചെയ്യുക എന്നുള്ളതാണ് ഒരാഗ്രഹമായി മനസിലുള്ളത്. മിയയോ, അതാരാണെന്ന് കുറേക്കാലം കഴിഞ്ഞാലും മനുഷ്യര്‍ ചോദിക്കരുത്.
വളരെ ബുദ്ധിപൂര്‍വ്വവും നന്നായും മിയ സംസാരിക്കുന്നു, ചിന്തിക്കുന്നു… സിനിമയിലേയ്ക്ക് വന്നില്ലായിരുന്നുവെങ്കില്‍ ആരാകുമായിരുന്നു?
ഒരു അദ്ധ്യാപികയാകുവാനായിരുന്നു പണ്ട് മുതലുള്ള ആഗ്രഹം.