തിരുവനന്തപുരം: മിൽമയുടെ കാലിക്കവറുകൾ സ്കൂൾ വിദ്യാർഥികൾ തിരിച്ചേല്പിച്ചാൽ ചെറിയ തുക നൽകുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ.
സർക്കാർ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം മിൽമയിൽ പൂർണമായി നടപ്പാക്കാൻ രണ്ടു വർഷം വേണമെന്നു മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ.
പാലും പാൽ ഉത്പന്നങ്ങളുമായി മിൽമ പ്രതിദിനം 25 ലക്ഷത്തിലധികം പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നുണ്ട്. ഇതു മുഴുവൻ ഒറ്റയടിക്കു കുപ്പി ഗ്ലാസിൽ വിൽക്കാനാകില്ല. വെൻഡിംഗ് മെഷീൻ വച്ചിട്ടും കവർ പാൽ വാങ്ങാനാണ് ആളുകൾ താല്പര്യം കാണിക്കുന്നത്.
പഴയ സാധനങ്ങൾ ശേഖരിക്കുന്നർക്കു സഹായം നൽകി പാൽകവർ ശേഖരിക്കും. ഹരിതകർമ സേന, കുടുംബശ്രീ യൂണിറ്റുകൾ വഴിയും പാൽ കവർ സംഭരിക്കും. ഇതിലേക്കായി സംസ്ഥാന സർക്കാരിന്റെ ക്ലീൻ കേരള കന്പനി ലിമിറ്റഡുമായി സഹകരിച്ചു പദ്ധതി നടപ്പാക്കും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിൽ ഡിസംബറിലും മറ്റ് ജില്ലകളിൽ ജനുവരിയിലും പ്ലാസ്റ്റിക് സംഭരണപരിപാടി ആവിഷ്കരിക്കും. പ്ലാസ്റ്റിക് നിരോധനത്തിൽ സർക്കാർ മിൽമയ്ക്കു തത്കാലം ഇളവ് നൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.