- കഴിഞ്ഞ ജൂൺ ഇരുപത്തേഴിന് പുറത്തിറങ്ങിയ ഹെക്ടറിന്റെ ബുക്കിങ് ഇരുപത്തൊന്നായിരം പിന്നിട്ടതിനെ തുടർന്നാണ് താൽക്കാലികമായി നിർത്തിവച്ചത്
- ഹെക്ടറിന്റെ കൂടിയ മോഡലുകൾ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് വലിയ ജനപ്രീതി നേടി.
- രണ്ടാംഘട്ട ബുക്കിംഗ് ആരംഭിക്കുന്ന തിയതി കമ്പനി ഉടൻ അറിയിക്കും.
മോറിസ് ഗാരേജസ് ഏറെ പുതുമകളുള്ള ഹെക്ടറുമായി ഇന്ത്യയിലേയ്ക്ക് വരുന്നു എന്ന അറിയിപ്പ് ലഭിച്ചതുമുതൽ അനേകം വാഹന പ്രേമികൾ വലിയ കൗതുകത്തോടെയാണ് അതിനായി കാത്തിരുന്നത്. ഒരു നൂറ്റാണ്ടിനടുത്ത ചരിത്രമുള്ള എംജി എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഗുണമേന്മയുള്ള വിശ്വാസം ആഴമുള്ളതായിരുന്നു. ജൂൺ നാലിന് ആരംഭിച്ച ബുക്കിംഗ് ലോഞ്ചിന് മുമ്പ്തന്നെ പതിനായിരം പിന്നിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇരുപത്തൊന്നായിരം പിന്നിട്ടതോടെ കമ്പനി താൽക്കാലികമായി ബുക്കിങ്ങ് നിർത്തിവയ്ക്കുന്നതായി അറിയിക്കുകയായിരുന്നു.

എംജിയുടെ ആദ്യ വാഹനത്തിന് ഇന്ത്യയിൽ ലഭിച്ചത് ആവേശകരമായ വരവേൽപ്പാണ്. കൂടിയ ഡിമാൻഡിന് അനുസരിച്ചു വാഹനം നിർമ്മിച്ച് നൽകാനുള്ള പ്രൊഡക്ഷൻ കപ്പാസിറ്റി ഇപ്പോൾ ഇന്ത്യയിലുള്ള ഫാക്ടറിക്ക് ഇല്ല. നിലവിൽ പ്രതിമാസം രണ്ടായിരം യൂണിറ്റ് ആണ് നിർമ്മാണശേഷി. അത് അടുത്ത ഒക്ടോബറോടെ മൂവായിരമാക്കി ഉയർത്താൻ കഴിയുമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. നിലവിൽ ബുക്ക് ചെയ്തവർക്ക് വാഹനം ലഭിക്കാൻ ഏഴുമാസംവരെ സമയം എടുക്കും.
സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളിലായി, അഞ്ച് കളറുകളിലാണ് ഇപ്പോൾ ഹെക്ടർ ലഭ്യമായിരിക്കുന്നത്. ഈ വാഹനത്തിന്റെ സ്മാർട്ട് സവിശേഷതകൾ ഏറെ ശ്രദ്ധേയമാണ്. അതിനാലാണ് ഇന്റർനെറ്റ് കാർ എന്ന് കമ്പനിതന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിൽ ലഭ്യമായ ഐ സ്മാർട്ട് ടെക്‌നോളജി ഇന്ത്യയിൽ ആദ്യമാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. അമ്പതിലേറെ സൗകര്യങ്ങൾ ഐ സ്മാർട്ടുമായി ബന്ധപ്പെട്ട് വണ്ടിയിൽ ലഭ്യമാണ്.
പൊതുവെ ഈ വിഭാഗത്തിൽ പെട്ട വാഹനങ്ങളെക്കാൾ കൂടിയ വലിപ്പവും, താരതമ്യേന കുറഞ്ഞ വിലയും, അധിക സൗകര്യങ്ങളും വലിയ ജനപ്രീതി നേടുവാൻ കാരണമായിട്ടുണ്ട്. 1.5 ലിറ്റർ ടർബോ ചാർജ്‌ഡ് പെട്രോൾ എൻജിനും, 2 ലിറ്റർ ഡീസൽ എൻജിനാണ് ഹെക്ടറിന് ശക്തി പകരുന്നത്.