കഴിഞ്ഞ നാളുകളിൽ പശ്ചിമഘട്ടം ഉൾപ്പെടുന്ന കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ച പശ്ചാത്തലത്തിൽ പശ്ചിമ ഘട്ട സംരക്ഷണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ യോഗം വിളിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല എന്ന, കേന്ദ്ര സർക്കാരിന് മുന്നിലുള്ള ആവശ്യത്തെക്കുറിച്ച് സംസ്ഥാനങ്ങളുടെ നിലപാടറിയാനാണ് യോഗം വിളിക്കുന്നത് എന്ന് മന്ത്രി വിശദീകരിച്ചു. സംസ്ഥാനങ്ങളുടെ വിശദീകരണം അറിഞ്ഞ ശേഷമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ട് ചർച്ച ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചിരുന്നു. പരിസ്ഥിതി ലോല മേഖലയായി കസ്തൂരിരംഗൻ റിപ്പോർട്ട് ശുപാർശ ചെയ്ത അറുപതിനായിരം ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ, 31387 ചതുരശ്ര കിലോമീറ്ററേ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാവൂ എന്നാണ് കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നത്. കേരളത്തിൽ, 13108 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിർദ്ദേശിച്ചിരുന്നെങ്കിലും, 8656 ചതുരശ്ര കിലോമീറ്റർ മതിയാവുമെന്നായിരുന്നു സർക്കാർ നിലപാട്.
ഇത്തരം പ്രാദേശങ്ങളിൽ ആവശ്യമായ നിയന്ത്രണങ്ങൾ, അവ നടപ്പാക്കാൻ വേണ്ട സാമ്പത്തിക സഹായം തുടങ്ങിയവയെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.