സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപികമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാരെയും മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഇതോടെ, 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള പ്രസവാവധിക്കും ചികിത്സാ ആവശ്യങ്ങൾക്കായി തൊഴിലുടമ അനുവദിക്കുന്ന1000 രൂപയ്‌ക്കും ഇവരും അർഹരാവും. ഈ ആനുകൂല്യം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാവും കേരളം.
ആഗസ്റ്റ് 29 ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടാൻ തീരുമാനിച്ചത്. അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് വനിതകൾക്ക് ഈ ആനുകൂല്യം കൈവരുന്നത്.
നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനയച്ചതും.
അണ്‍ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് ഈ വരുന്ന നിയമസഭാ സമ്മേളനത്തില്‍ വിദ്യഭ്യാസ വകുപ്പ് അവതരിപ്പിക്കാനിരിക്കെ ഇത്തരമൊരു ആനുകൂല്യംകൂടി ലഭിക്കുന്നത് അൺഎയിഡഡ് ജീവനക്കാർക്ക് ഇരട്ടിമധുരമാകും.