Voice of Truth

കേരളത്തിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്തം മാധ്യമങ്ങൾക്കാണ്! കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ മനഃശാസ്ത്ര വിദഗ്ദ എഴുതുന്നു

“അന്തിച്ചർച്ചകൾ നടത്തി അർമ്മാദിക്കുന്ന മാധ്യമങ്ങൾ, കുറ്റ കൃത്യങ്ങൾ ആഘോഷമാക്കുന്നവർ, നിയമപാലകരെയും സംവിധാനങ്ങളെയുമൊക്കെ മറികടന്ന് വലിച്ചു കീറി, തങ്ങൾക്കിഷ്ടമുള്ള രീതിയിൽ വളച്ചൊടിച്ചവതരിപ്പിച്ച് വിധിയാളരാകുന്നവർ, – നിങ്ങൾ നിരന്തരം സംപ്രേക്ഷണം ചെയ്യുന്നവയുടെ വിഷലിപ്തത ഒന്ന് കുറയ്ക്കാമെങ്കിൽ നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ ഇനിയും ശുദ്ധവായു നിറയും.”

അഞ്ചാം ക്ലാസ്സുകാരി കടുത്ത പ്രണയത്തിലായിരുന്നു. “വീട്ടുകാരും ടീച്ചേഴ്സുമൊക്കെ പ്രശ്നം. അവനെ എനിക്ക് വിടാൻ പറ്റില്ല. നമുക്കിഷ്ടപ്പെട്ടവരെ കെട്ടിയില്ലെങ്കിൽ പിന്നെ കെട്ടുന്നവനെ കഷ്ടപ്പെട്ടിഷ്ടപ്പെടേണ്ടി വരില്ലേ ?” 😳 അവളുടെ അവസാന വാചകം എവിടെയോ കേട്ടു പരിചയം പോലെ.
ഇത് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ? ഇത് ഇയാൾടെ സ്വന്തം ഡയലോഗ് ആണോ അതോ വേറെ …

“യെസ് മാം, എന്റെ സ്വന്തം ഡയലോഗാണ്.”

ശരി. എന്റെ തോന്നലാവാം എന്ന് കരുതിയെങ്കിലും സംശയം പൂർണ്ണമായും വിട്ടുമാറിയില്ല. ആ ഞായറാഴ്ച റ്റി വിയിൽ ഓം ശാന്തി ഓശാന എന്ന സിനിമ കണ്ടു കൊണ്ടിരിക്കെ എന്റെ സംശയം ദുരീകരിക്കപ്പെട്ടു.

” എനിക്ക് വീട്ടിൽ നിന്നിറങ്ങിപ്പോകാൻ തോന്നുന്നു. എവിടേക്കെങ്കിലും പോകണം. ആരോടും ഒന്നും പറയാതെ . അലഞ്ഞു തിരിയണം.” കണ്ണുകളിൽ പ്രത്യേക ഭാവത്തോടെ 19 കാരിയുടെ ഡയലോഗ്.

“കഴിഞ്ഞ ആഴ്ച റിലീസായ ചാർളി മൂവി കണ്ടിരുന്നോ?”

എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയോടെ അവൾ മറുപടി പറഞ്ഞു. “ഉവ്വ്.”

മനോഭാവങ്ങളെയും മൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുന്നതിൽ ദൃശ്യ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ് എന്നത് എണ്ണമറ്റ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.
കുട്ടിക്കാലം മുതൽ ഈ രൂപീകരണത്തിൽ പങ്കു വഹിക്കുന്നത്, ഏറ്റവും പ്രഥമമായി കുടുംബവും, രണ്ടാമതായി വിദ്യാലയവും അദ്ധ്യാപകരും കൂട്ടുകാരുമുൾപ്പെടെയുള്ള സമൂഹവും മൂന്നാമത് ദൃശ്യമാധ്യമങ്ങളുമായിരുന്നുവെങ്കിൽ ആധുനിക കാലഘട്ടത്തിൽ, ദൃശ്യമാധ്യമങ്ങൾ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു. പ്രത്യേകിച്ച് കൗമാര കാലഘട്ടത്തിൽ കുട്ടികൾ അനുകരണീയമായ മാതൃകകൾക്കായി തിരയുന്ന സമയമാണ്.

ആ സമയത്ത്, സെലിബ്രിറ്റികളിലൂടെ, പ്രശസ്ത കഥാപാത്രങ്ങളിലൂടെ നല്കപ്പെടുന്ന സന്ദേശങ്ങൾക്ക് അവരെ വളരെയധികം സ്വാധീനിക്കാൻ കഴിയും. നിഷ്കളങ്ക സൗഹൃദങ്ങളുടെ, തീരെ ചെറു പ്രായത്തെപ്പോലും പ്രണയകാലം എന്ന രീതിയിൽ ചിത്രീകരിക്കുന്ന സിനിമകളും പാട്ടുകളും കുഞ്ഞുങ്ങളിൽ കുത്തിവയ്ക്കുന്ന ആശയക്കുഴപ്പങ്ങളുടെയും സ്വാധീനങ്ങളുടെയും തോത് എത്രമാത്രം ഉണ്ട് എന്ന് അറിയണമെങ്കിൽ അവരുടെ ലോകത്തേക്കൊന്നിറങ്ങി സൂക്ഷ്മമായി പഠിക്കണം. എന്നെ ആരും ഇതുവരെ പ്രൊപ്പോസ് ചെയ്തിട്ടില്ലാത്തതു കൊണ്ട് എന്നെ ഒന്നിനും കൊള്ളില്ല, ഞാൻ സുന്ദരിയല്ല എന്നൊക്കെ ചിന്തിച്ച് അപകർഷത പേറുന്ന പെൺകുട്ടികളെ നമുക്കിന്ന് അഞ്ചും ആറും ക്ലാസ്സുകൾ മുതൽ കണ്ടെത്താൻ കഴിയും. കാണുന്നതൊക്കെ അപ്പാടെ വിഴുങ്ങുക എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം സ്വഭാവികമാണ്. എന്നാൽ അതിനെ വിമർശനാത്മകമായി കാണാനും ചിന്തിക്കാനും, ആരോഗ്യകരമായതു മാത്രം ഉൾക്കൊള്ളാനുമുള്ള പരിശീലനം കുടുംബങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും നല്കണം.

വിഷം വമിക്കുന്ന സീരിയലുകൾ

നിരന്തരമായി കണ്ടു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ കേട്ടുകൊണ്ടിരിക്കുന്ന കഥാ പ്രാത്രങ്ങളോട് താദാത്മ്യം പ്രാപിക്കാനുള്ള (Identification) പ്രവണത മനുഷ്യ മനസ്സുകൾക്കുണ്ട്. സന്ധ്യ മയങ്ങുന്നതോടുകൂടി നമ്മുടെ വീടുകളിൽ വിരുന്നെത്തുന്ന കണ്ണീർ പരമ്പരകളുടെ ഉള്ളടക്കം പരിശോധിക്കുക. രണ്ട് രീതിയിലാണ് ഇവ സ്ഥിരം കാണുന്നവരിൽ, identification നടക്കുന്നത്. ചിലർ സദാ കണ്ണീരൊഴുക്കുന്ന ഇരകളോട് താദാത്മ്യപ്പെടും. സ്വന്തം ജീവിതത്തിലും എപ്പോഴും ‘ഇര’ കളായി (victims) തങ്ങളെത്തന്നെ കരുതും. മറ്റുള്ളവരിൽ നിന്നും എപ്പോഴും തങ്ങൾക്കെതിരേയുള്ള പെരുമാറ്റം പ്രതീക്ഷിക്കും. എല്ലാത്തരം പെരുമാറ്റങ്ങളെയും അത്തരത്തിൽ വ്യാഖ്യാനിക്കും. നിരാശയ്ക്കും വിഷാദത്തിനും ആകുലതയ്ക്കും അടിമയാകും.

രണ്ടാമത്തെ കൂട്ടർ ശക്തരായ കഥാപ്രാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കും. നിർഭാഗ്യവശാൽ നമ്മുടെ സീരിയലുകളിലൊക്കെ ഭൂരിഭാഗവും ‘ശക്തി’ , ക്രൂരതയും വഞ്ചനയും നിറഞ്ഞ കഥാപാത്രങ്ങൾക്കായതുകൊണ്ട്, ഇരകളാകാൻ ഇഷ്ടപ്പെടാത്തവർ ഇത്തരം ക്രൂര കഥാപാത്രങ്ങളാകാൻ ശ്രമിക്കാം. ആരോ ഒരിക്കൽ തമാശായി പറഞ്ഞതോർക്കുന്നു. മലയാളത്തിലെ സീരിയലുകൾ കണ്ടാൽ കേരളത്തിനു വെളിയിലുള്ളവർ മലയാളി സ്ത്രീകളെ വിവാഹം കഴിക്കാൻ ഭയപ്പെടും എന്ന്. അപ്പറഞ്ഞതിൽ ഒരുപാട് കാര്യമുണ്ട് എന്ന് ചിന്തിക്കാറുണ്ട്. ഇന്ന് ക്രൂരമായ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുവെങ്കിൽ, അതിൽ ഇത്തരം സീരിയലുകളുടെയും കഥാപാത്രങ്ങളുടെയും സ്വാധീനം എത്ര മാത്രമുണ്ട് എന്ന് പഠനം നടത്തുന്നത് നല്ലതാണ്.

ലഹരിയും ഗുണ്ടായിസവും

ലഹരി ഉപയോഗങ്ങളെയും ഗുണ്ടായിസത്തെയും മഹത്വവൽക്കരിക്കുകയും ഹീറോയിസമായി അവതരിപ്പിക്കുകയും ചെയ്യുന്ന സിനിമകളും സീരിയലുകളും സമൂഹത്തിൽ ഇത്തരം കാര്യങ്ങൾ സാമാന്യവൽക്കരിക്കപ്പെടാനും വർദ്ധിപ്പിക്കുവാനും വഹിക്കുന്ന പങ്ക് വളരെ വലുതു തന്നെയാണ്. ഇന്ന് മിക്ക സ്കൂളുകളിലും ലഹരി ഉപയോഗവും ഗുണ്ടായിസവുമൊക്കെ തലവേദനയായി മാറുമ്പോൾ എത്ര മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും ബോധവൽക്കരിക്കുവാനുമായി പ്രയത്നിക്കുന്നു?

നെഗറ്റിവ് വാർത്തകൾ

വയനാട്ടിൽ കർഷക ആത്മഹത്യകൾ നടന്നിരുന്ന കാലത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്ന ഒരു കാര്യമായിരുന്നു, ഒരു ആത്മഹത്യയെക്കുറിച്ചുള്ള വാർത്ത വന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ ആത്മഹത്യകളുടെ ഒരു പരമ്പര തന്നെ പ്രതീക്ഷിക്കാം എന്നത്. വാർത്തകൾ അവതരിപ്പിക്കുന്ന രീതിയും നല്കുന്ന പ്രാധാന്യവും ദുർബ്ബല മനസ്സുമായി ഇരിക്കുന്നവർക്ക് പ്രോൽസാഹനവും പ്രചോദനവുമാകുന്നു എന്നതാണ് സത്യം. ആത്മഹത്യകളുടെ കാര്യത്തിൽ മാത്രമല്ല, പീഡനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാര്യത്തിലും ഇതേ പ്രവണത കാണാൻ സാധിക്കും.

ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ തകർക്കണമെങ്കിൽ അവരെക്കുറിച്ചുള്ള നെഗറ്റിവ് വാർത്തകൾ (ഉള്ളവയും ഉണ്ടാക്കുന്നയും വളച്ചൊടിക്കുന്നവയും) നിരന്തരം ആളുകളിലേക്കെത്തിച്ചുകൊണ്ടിരിക്കുക എന്നതും ഒരു മനശ്ശാസ്ത്രപരമായ കുതന്ത്രമാണ്. ഒരു തരം സ്ലോ പോയിസണിംഗ്.

ചുരുക്കിപ്പറഞ്ഞാൽ അന്തിച്ചർച്ചകൾ നടത്തി അർമ്മാദിക്കുന്ന മാധ്യമങ്ങൾ, കുറ്റ കൃത്യങ്ങൾ ആഘോഷമാക്കുന്നവർ, നിയമപാലകരെയും സംവിധാനങ്ങളെയുമൊക്കെ മറികടന്ന് വലിച്ചു കീറി, തങ്ങൾക്കിഷ്ടമുള്ള രീതിയിൽ വളച്ചൊടിച്ചവതരിപ്പിച്ച് വിധിയാളരാകുന്നവർ, – നിങ്ങൾ നിരന്തരം സംപ്രേക്ഷണം ചെയ്യുന്നവയുടെ വിഷലിപ്തത ഒന്ന് കുറയ്ക്കാമെങ്കിൽ നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ ഇനിയും ശുദ്ധവായു നിറയും.

നിഷ ജോസ്
counseling psychologist