2014 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി അഞ്ചുവർഷം പൂർത്തിയാക്കാനൊരുങ്ങുമ്പോൾ ഗുരുതരമായ ആരോപണങ്ങളുമായി പ്രശസ്ത വ്യവസായി എഎം നായിക്. എൽ ആൻഡ് ടി കമ്പനിയുടെ ചെയർമാനും, പത്മഭൂഷൺ, പത്മവിഭൂഷൺ അംഗീകാരങ്ങൾ നേടിയ ഗുജറാത്ത് സ്വദേശിയായ അദ്ദേഹത്തിൻറെ വാക്കുകൾ ചർച്ചയാകുന്നു.
മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യ പരാജയമാണെന്ന് ലൈവ് മിന്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിഭാവനം ചെയ്തതു പോലെ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്ക് സാധിച്ചിട്ടില്ല, രാജ്യത്ത് തന്നെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുപകരം ഇറക്കുമതി ചെയ്യുന്നതിനാണ് ഇന്നും കമ്പനികൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ, തൊഴിലവസരങ്ങൾ കുറയുകയാണ് ഉണ്ടായത്. പദ്ധതിയുടെ ഭാഗമായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നെങ്കിലും തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്നതിനാൽ സർക്കാരിനും ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഉത്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യപ്പെടുന്ന ഇന്നത്തെ അവസ്ഥ ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വലിയ തോതിൽ വർധിച്ചുവെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മൂലധന നിക്ഷേപങ്ങളും ഉത്പാദനവും കുറഞ്ഞതോടെ സാമ്പത്തിക വളർച്ചയും കുറഞ്ഞു. പരിശീലനം സിദ്ധിച്ച തൊഴിലാളികളും അവർക്ക് ലഭ്യമായ തൊഴിലവസരങ്ങളും തമ്മിൽ വലിയ അന്തരമുണ്ട് എന്ന് അസ്സെഹം ചൂണ്ടിക്കാട്ടി. ഈ പൊരുത്തക്കേട് പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
ആഗോളതലത്തിൽ നടക്കുന്ന വ്യാപാരയുദ്ധങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകുന്ന അവസരങ്ങൾ വലുതാണ്. എന്നാൽ അത്തരം സാധ്യതകൾ ഉപയോഗിക്കാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തായ്ലാൻഡ്, വിയറ്റ്നാം പോലുള്ള ചില രാജ്യങ്ങൾ മാത്രമാണ് ഈ അവസരം നല്ല രീതിയിൽ ഉപയോഗിച്ചിട്ടുള്ളത്. വിദേശനിക്ഷേപം കൂട്ടാനും വ്യാപാര അനുകൂല സാഹചര്യം സൃഷ്ടിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും എഎം നായിക് പറഞ്ഞു.
2008ൽ എക്കണോമിക് ടൈംസിന്റെ ബിസിനസ് ലീഡർ ഓഫ് ദി ഇയർ അവാർഡ്, ഗുജറാത്ത് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഹോണററി ഡോക്ടറേറ്റ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ അദ്ദേഹത്തിന് പ്രഖ്യാപിച്ചത് ഈ വർഷമാണ്.