ചെന്നൈ: സ്ഥലംമാറ്റ നടപടിയില്‍ പ്രതിഷേധിച്ച് മദ്രാസ് ഹൈകോടതി വനിത ചീഫ് ജസ്റ്റിസ് വിജയ കമലേഷ് തഹില്‍രമണി രാജിവെച്ചു.
സുപ്രീംകോടതി കൊളീജിയം തഹില്‍രമണിയെ മേഘാലയ ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് വി.കെ തഹില്‍രമണി രാജികത്ത് രാഷ്ട്രപതിക്ക് അയച്ചത്. തുടര്‍നടപടിക്കായി കേന്ദ്രസര്‍ക്കാറിന് രാഷ്ട്രപ്രതി കത്ത് അയച്ചു.
മദ്രാസ് ഹൈകോടതി ജസ്റ്റീസുമാരുടെ അത്താഴവിരുന്നില്‍ പങ്കെടുക്കവേ താന്‍ ജോലി രാജിവെക്കുകയാണെന്ന് തഹില്‍രമണി അറിയിച്ചിരുന്നു. വി.കെ തഹില്‍രമണിയെ മേഘാലയ ഹൈകോടതിയിലേക്ക് മാറ്റി പകരം മേഘാലയ ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച കൊളീജീയം നടപടി വിവാദമായിരുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ആഗസ്റ്റ് 28ന് രണ്ടു ചീഫ് ജസ്റ്റിസുമാരെ പരസ്പരം സ്ഥലംമാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. തീണുമാനം പുനഃപരിശോധിക്കണമെന്ന ജസ്റ്റിസ് തഹില്‍രമണിയുടെ ആവശ്യവും കൊളീജിയം അംഗീകരിച്ചില്ല.
രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ഹൈകോടതിയാണ് മദ്രാസിലേത്. മദ്രാസ് ഹൈകോടതിയില്‍ 75 ജഡ്ജിമാരെ വരെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ചീഫ് ജസ്റ്റിസ് അടക്കം മൂന്നു ജഡ്ജിമാര്‍ മാത്രമുള്ള മേഘാലയയിലേക്കാണ് ജസ്റ്റിസ് തഹില്‍രമണിയെ നിയമിച്ചത്. ഇത് തരംതാഴ്ത്തലിന് തുല്യമായ നടപടിയെന്നാണ് വിവക്ഷിക്കപ്പെടുന്നത്.
ബോംബെ ഹൈകോടതിയില്‍ മൂന്നു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് തഹില്‍രമണി 2018 ആഗസ്റ്റ് 12നാണ് മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റെടുത്തത്. മുംബൈ ഹൈകോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് ജസ്റ്റിസ് തഹില്‍രമണി ബില്‍കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെയും ഗുജറാത്ത് കലാപത്തിനിടെ ബില്‍കീസ് ബാനുവിെന്റ കുടുംബത്തെ കൊലപ്പെടുത്തയ കേസിലെയും 11 കുറ്റവാളികളുടെ ജീവപര്യന്തം ശിക്ഷ സ്ഥിരീകരിച്ച് വിധിപ്രസ്താവം നടത്തിയത്. മാത്രമല്ല, കേസിലെ അഞ്ചു പൊലീസ് ഓഫിസര്‍മാരും രണ്ടു ഡോക്ടര്‍മാരും ഉള്‍പ്പെട്ട പ്രതികളെ വെറുതെവിട്ട കീഴ്‌കോടതി നടപടി റദ്ദാക്കി ശിക്ഷ വിധിക്കുകയും ചെയ്തു.