കേരളത്തിലെ ഇരുപത് സീറ്റുകളെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതം എന്ന് പറയാനാവില്ലെങ്കിലും, കോണ്‍ഗ്രസ് ഒഴികെയുള്ള രണ്ട് മുന്നണികളുടെയും ആത്മവിശ്വാസത്തിന് അത് ആഘാതം സൃഷ്ടിച്ചിട്ടുണ്ട് എന്ന് തീർച്ച. കോണ്‍ഗ്രസിന് അവര്‍ പോലും പ്രതീക്ഷിക്കാത്ത ഒരു മുന്നേറ്റമാണ് കേരളം സമ്മാനിച്ചത്. പത്തൊമ്പത് മണ്ഡലങ്ങളിലും ആരംഭം മുതല്‍ വ്യക്തമായ മേല്‍ക്കൈ. ആലപ്പുഴ മണ്ഡലത്തില്‍ മാത്രമാണ് ഒരു ആശയക്കുഴപ്പമെങ്കിലും നിലനിന്നിരുന്നത്. മിക്കവാറും രാഷ്ട്രീയ നിരീക്ഷകരെ സംബന്ധിച്ചും, ചില ചോദ്യങ്ങളും ഒപ്പം, ചില വ്യക്തതകളും ഈ ഇലക്ഷന്‍ നല്‍കിയിട്ടുണ്ട്. വാസ്തവത്തില്‍ ഈ ഇലക്ഷന്‍ കേരള രാഷ്ട്രീയത്തിന്റെ സമഗ്രമായ ഒരു പ്രതിഫലനമാണോ? അല്ല എന്ന് പറയേണ്ടി വരും. ഇവിടെ മതിമറന്ന് ആഹ്ളാദിക്കാന്‍ കോണ്‍ഗ്രസിനോ, അതിരറ്റ് നിരാശപ്പെടാന്‍ സിപിഎമ്മിനോ കാര്യമായൊന്നുമില്ല.
വാസ്തവത്തില്‍, മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലത്തിന്റെ മദ്ധ്യത്തില്‍ ഇത്തരമൊരു തോല്‍വി നേരിടേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. ഈ ഭരണകാലത്ത്, കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ച പിടിപ്പുകേടുകളും ശ്രദ്ധക്കുറവുകളും, അമിതാത്മവിശ്വാസത്തിന്റെ ഭാഗമായ ധാര്‍ഷ്ട്യമനോഭാവങ്ങളും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിരിച്ചടിയായിട്ടുണ്ട്, തീര്‍ച്ച. കഴിഞ്ഞ പ്രളയകാലത്തെ തുടര്‍ന്നുണ്ടായ അതിജീവന പദ്ധതികളില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചകളും, ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ വന്നുപോയ വിവേകക്കുറവും, ന്യൂനപക്ഷത്തോടുള്ള സമീപനത്തിലെ പാകപ്പിഴകളും തുടങ്ങി പിണറായി വിജയന്‍ സര്‍ക്കാരിന് വന്നുപോയ വീഴച്ചകളെ ശക്തമായി ഓര്‍മ്മിപ്പിക്കുകയാണ് ഈ ഇലക്ഷന്‍. അക്രമ രാഷ്ട്രീയം കൊണ്ട് പൊറുതിമുട്ടിയ ഒരു ഭൂതകാലവും ഒരു ചോദ്യചിഹ്നമാകുന്നുണ്ട്.
വന്നുപോയ ശ്രദ്ധക്കുറവുകളെ, സംഭവിച്ചുപോയ അബദ്ധങ്ങളെ തുറന്നു സമ്മതിച്ച് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം, വെല്ലുവിളി മനോഭാവം കൈക്കൊള്ളുന്നതിനെയും, വെള്ളപൂശാന്‍ ശ്രമിക്കുന്നതിനെയും കേരളത്തിലെ ബൗദ്ധികസമൂഹം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുമെന്ന് ഇനിയെങ്കിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സാരഥികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ നാട്ടില്‍ സജീവ സാന്നിധ്യമായി സിപിഎമ്മും, സിപിഐയും, മുന്നണിയിലെ മറ്റു പാര്‍ട്ടികളും വേണം. അവര്‍ ഐക്യത്തോടെ നിലനില്‍ക്കുകയും വേണ്ടതുണ്ട്. എന്നാല്‍, കാലാനുസൃതമായി സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് ശാസ്ത്രീയമായ സമീപനത്തിന്റെ പിന്‍ബലമുണ്ടാകണം. സാഹചര്യങ്ങള്‍ക്കും, സാമൂഹികമായ ആവശ്യങ്ങള്‍ക്കും അനുസൃതമായി ജനങ്ങള്‍ക്കൊപ്പം നിലകൊള്ളാനുള്ള ആര്‍ജ്ജവം ഉണ്ടാകണം. ഇവിടെ ആവശ്യം, നീതിനിഷ്ഠവും വികസനോന്മുഖവുമായ ഒരു ഭരണകൂടമാണ്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയുംകാള്‍ പലകാരണങ്ങള്‍കൊണ്ടും വ്യത്യസ്ഥമാണ് കേരളം. മറ്റെല്ലാവരെയും അപേക്ഷിച്ച് അനന്തമായ സാധ്യതകളും, ആള്‍ബലവും ഉണ്ടായിട്ടും അശാസ്ത്രീയമായ രാഷ്ട്രീയ നീക്കങ്ങള്‍കൊണ്ട് മാത്രം വളര്‍ച്ച മുരടിച്ചുപോയ ഒരു ദേശമാണ് ഇത്. ഇവിടെ ഇനിയെങ്കിലും പരിഗണിക്കപ്പെടേണ്ട പ്രധാനമായ പല കാര്യങ്ങളുണ്ട്. സാധാരണ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിലുള്ള സുരക്ഷയും, യുവജനങ്ങളുടെ ഭാവി സാധ്യതകളുമാണ് പ്രധാനം. തരംതാണ രാഷ്ട്രീയ നാടകങ്ങളും അക്രമ രാഷ്ട്രീയവുംകൊണ്ട് ഒരു നാശക്കൂമ്പാരമാകുന്ന അവസ്ഥയിലേയ്ക്ക് കേരളം എത്തിപ്പെട്ടുകൂടാ.
ഇടതുപക്ഷം നൂറുശതമാനവും ഉറപ്പിച്ചിരുന്ന സീറ്റുകള്‍ പോലും നഷ്ടപ്പെട്ടത് പാര്‍ട്ടിയെ സംബന്ധിച്ച് ചില ആപല്‍സൂചനകള്‍ നല്‍കുന്നുണ്ട്. നിലപാടുകളുടെ അപക്വതയും, ഭരണത്തിലെ പാളിച്ചകളും, പാര്‍ട്ടി അനുഭാവികളെ പോലും മറിച്ചുചിന്തിപ്പിക്കും എന്ന യാഥാര്‍ത്ഥ്യം അവിടെ വെളിപ്പെടുന്നു. വ്യക്തമായ മികച്ച ഭൂരിപക്ഷത്തോടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മേല്‍ക്കോയ്മയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ പോലും എല്ലാ ഘട്ടത്തിലും വലതുപക്ഷം മുന്നേറിയത്. അമിതാത്മവിശ്വാസത്തിന്റെ കവചം അഴിച്ചുമാറ്റി മണ്ണില്‍ ചവിട്ടി നിന്ന് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഈ അനുഭവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ഓര്‍മ്മിപ്പിക്കുന്നു.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈ വിജയം മതിമറന്ന് ആഹ്ളാദിക്കാനുള്ള ഒരവസരമല്ല. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങള്‍ ഏറെയുണ്ട്. കോണ്‍ഗ്രസിന്റെ കേരളത്തിലെ സംഘടനാപരമായ ബാലക്ഷയത്തെ അതിജീവിക്കുവാന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം സഹായിച്ചത് വിജയത്തിന് ഒരു പ്രധാന കാരണമായിട്ടുണ്ട്. കൂടാതെ, കേരളത്തിലെ ജനങ്ങള്‍ കേന്ദ്രത്തില്‍ ഒരു ഭരണമാറ്റം ഉണ്ടാകണമെന്നും, യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും അതിയായി ആഗ്രഹിച്ചതിന്റെ പ്രതിഫലനം കൂടിയാണ് ഈ ഇലക്ഷനിലെ വലതുപക്ഷത്തിന്റെ തിളക്കമാര്‍ന്ന വിജയം.
കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ് ഇനിയുള്ള നാളുകള്‍. ലോക്സഭാ ഇലക്ഷനെ തുടര്‍ന്നുണ്ടായ വീഴ്ചയില്‍ ദേശീയ നേതൃത്വം തളര്‍ന്നിരിക്കുമ്പോഴാണ് കേരളത്തിന്റെ ഈ നേട്ടം എന്നുള്ളതും വിജയത്തിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. വാസ്തവത്തില്‍, കോണ്‍ഗ്രസിന്റെ നിലനില്‍പ്പും പ്രാധാന്യവും ഒരു ദേശീയ പാര്‍ട്ടി എന്ന തലത്തിലാണ്. അവിടെ നിര്‍ണ്ണായകമായ ഒരു ശക്തിയായി വളരുകയാണ് പാര്‍ട്ടിയുടെ ദൗത്യവും. അങ്ങനെ നോക്കിയാല്‍, ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പരാജയത്തില്‍നിന്ന് കോണ്‍ഗ്രസിന് പഠിക്കുവാന്‍ ഏറെയുണ്ട്. കേരളത്തിലെ ഈ വിജയവും, കേരളാ നേതൃത്വത്തെ സംബന്ധിച്ച് ആശ്വാസം എന്നതിലുപരി ഒരു വെല്ലുവിളിയാണ്. തങ്ങള്‍ പ്രവര്‍ത്തന സജ്ജരും, കഴിവുറ്റവരുമാണ് എന്ന ബോധ്യം, കേരളത്തിലെ നിഷ്പക്ഷരായ പൊതുസമൂഹത്തിന് വ്യക്തമായി നല്‍കേണ്ട ഉത്തരവാദിത്തം വളരെ വലുതാണ്.
വാസ്തവത്തില്‍ കേരളത്തെ സംബന്ധിച്ച് രണ്ടു മുന്നണികളും ഇവിടെ വേണം. സംഭവിച്ചുപോയ പാളിച്ചകളെ തിരിച്ചറിഞ്ഞ്, കുറവുകള്‍ പരിഹരിച്ച് കൂടുതല്‍ ആര്‍ജ്ജവത്തോടെ മുന്നേറുവാന്‍ ഈ ഇലക്ഷന്‍ റിസള്‍ട്ട് ഇരുനേതൃത്വങ്ങള്‍ക്കും പ്രചോദനം നല്‍കട്ടെ.