Voice of Truth

ലോട്ടറിക്കും ലഹരിക്കും പ്രതിവർഷം പതിനായിരക്കണക്കിന് കോടി രൂപ മലയാളികൾ മുടക്കുമ്പോൾ പകരം ലഭിക്കുന്നതെന്ത്? ഓരോ മലയാളിയും നിർബ്ബന്ധമായി വായിച്ചിരിക്കേണ്ട ലേഖനം

  • കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ വിറ്റത് ഏകദേശം 50000 കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ്.
  • ഏകദേശം 96 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഒരോ ആഴ്ചയും കേരളത്തില്‍ അച്ചടിക്കുന്നത്.
  • 20 ലക്ഷത്തോളം ടിക്കറ്റ് ഒരു ലോട്ടറിയുടേത് വിറ്റാല്‍ അതിന്റെ നറുക്കെടുപ്പ് കഴിയുമ്പോള്‍ എന്തെങ്കിലും കാര്യമായ ഒരു തുക കിട്ടുന്നതും ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് മാത്രമാണ്
  • 2017 – 18 ല്‍ കേരളത്തില്‍ വിറ്റത് 11024 കോടി രൂപയുടെ മദ്യമാണ്.
  • ലോട്ടറി ടിക്കറ്റ്, മദ്യം, ഇതര ലഹരി വസ്തുക്കള്‍, പുകയില ഉല്പന്നങ്ങള്‍ എന്നിവയ്ക്കായി കേരളം ഒരു വര്‍ഷം ചെലവഴിക്കുന്നത് ഏകദേശം 25,000 കോടി രൂപയാണ്.

ലോട്ടറി ടിക്കറ്റ് എടുക്കുവാനും ലഹരി വസ്തുക്കള്‍ വാങ്ങുവാനും ഓരോ വര്‍ഷവും കേരളം ചെലവഴിക്കുന്ന തുക കേട്ടാല്‍ ഞെട്ടും. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ വിറ്റത് ഏകദേശം 50000 കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ്. 2010-ല്‍ 616 കോടിയുടെ ടിക്കറ്റ് ആണ് വിറ്റതെങ്കില്‍ അത് വര്‍ഷം തോറും ഉയര്‍ന്ന് 2018-ല്‍ 9217 കോടിയുടേതായി.

കേരളത്തില്‍ എല്ലാ ദിവസവും ഒരു ലോട്ടറി നറുക്കെടുപ്പ് ഉണ്ട്. ഞായറാഴ്ച പൗര്‍ണ്ണമി, തിങ്കളാഴ്ച വിന്‍വിന്‍, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച അക്ഷയ, വ്യാഴാഴ്ച കാരുണ്യപ്ലസ്, വെള്ളിയാഴ്ച നിര്‍മ്മല്‍, ശനിയാഴ്ച കാരുണ്യ.

കേരളത്തില്‍ നടത്തിയിരുന്ന സ്വകാര്യ ലോട്ടറികള്‍ നിരോധിച്ച് 1967-ല്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പി.കെ കുഞ്ഞിസാഹിബ് ആണ് ഗവണ്‍മെന്റിന്റെ ലോട്ടറി വകുപ്പ് എന്ന നിര്‍ദ്ദേശം വച്ചത്. ഗവണ്‍മെന്റ് അത് അംഗീകരിച്ചു. ആളുകള്‍ക്ക് തൊഴില്‍ നല്കുക, സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലോട്ടറി തുടങ്ങിയത്.

ഏകദേശം 96 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഒരോ ആഴ്ചയും കേരളത്തില്‍ അച്ചടിക്കുന്നത്. ഈ ടിക്കറ്റുകളിലധികവും വിറ്റുപോകുന്നുമുണ്ട്. രണ്ട് ലോട്ടറികളുടെ ടിക്കറ്റ് നിരക്ക് 40 രൂപ വീതവും (കാരുണ്യ പ്ലസ്, കാരുണ്യ) മറ്റുള്ളവയുടെ നിരക്ക് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള ലോട്ടറികളുടെ ഒന്നാം സമ്മാനം 60 ലക്ഷം മുതല്‍ 80 ലക്ഷം വരെയാണ്. രണ്ടാം സമ്മാനം 10 ലക്ഷം മുതല്‍ 1 ലക്ഷം വരെയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം. നാലാം സമ്മാനം 5000. അഞ്ചാം സമ്മാനം 2000. ആറാം സമ്മാനം 1000. ഏഴാം സമ്മാനം 500. എട്ടാം സമ്മാനം 100 എന്നിങ്ങനെയെക്കെയാണ് മറ്റ് സമ്മാനങ്ങള്‍.

ഇതിനു പുറമെ വിഷു, ഓണം ബംപര്‍ സമ്മാന ലോട്ടറികളും ഉണ്ട്. വിഷു ബംപറിന്റെ ഒന്നാം സമ്മാനം 2015-ല്‍ അഞ്ച് കോടിയായി. 2019-ലെ ഒന്നാം സമ്മാനം 12 കോടിയാണ്. ടിക്കറ്റ് വില 300 രൂപ. 2019-ലെ ഓണം ബംപര്‍ സമ്മാനങ്ങള്‍ കൊടുക്കാന്‍ തന്നെ 76 കോടിക്ക് മുകളില്‍ വേണം.

ചുരുക്കി പറഞ്ഞാല്‍ മലയാളികളും കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളും ചേര്‍ന്ന് വലിയൊരു തുക ലോട്ടറി ടിക്കറ്റിനായി ചെലവഴിക്കുന്നു. പൊതുവെ സാധാരണക്കാരാണ് അധികവും ടിക്കറ്റ് എടുക്കുന്നത്. മദ്യാപനംപോലെ, ലോട്ടറി ടിക്കറ്റ് എടുക്കുക എന്നത് പലര്‍ക്കും ഒരു ലഹരിയും അടിമത്തവും ആണ്. ലോട്ടറി എടുത്ത് നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കണം എന്ന വാശിയില്‍ ലോട്ടറി എടുക്കുന്നവരും കുറച്ചല്ല.

20 ലക്ഷത്തോളം ടിക്കറ്റ് ഒരു ലോട്ടറിയുടേത് വിറ്റാല്‍ അതിന്റെ നറുക്കെടുപ്പ് കഴിയുമ്പോള്‍ എന്തെങ്കിലും കാര്യമായ ഒരു തുക കിട്ടുന്നതും ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് മാത്രമാണ്. പിന്നീട് ഉള്ളവര്‍ക്ക് 5000 മുതല്‍ 100 വരെ. 20 ലക്ഷത്തോളം ടിക്കറ്റ് വില്‍ക്കുമ്പോള്‍ 100 രൂപ സമ്മാനം കിട്ടുന്നവര്‍ അടക്കം കൂട്ടിയാല്‍ 300-ല്‍ താഴെ പേര്‍ക്കാണ് എന്തെങ്കിലും സമ്മാനം കിട്ടുക. ബാക്കി എല്ലാവര്‍ക്കും നഷ്ടവും നിരാശയും. പാവപ്പെട്ടവര്‍ ലോട്ടറി എടുത്ത് തന്നെ കൂടുതല്‍ പാവങ്ങള്‍ ആകുന്നു.

ലോട്ടറി സമ്മാന ഘടന പരിഷ്‌കരിച്ചാല്‍ തന്നെ അത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകുമായിരുന്നു. പാവപ്പെട്ടവരുടെ പണം ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ച് ആദ്യത്തെ മൂന്ന് സമ്മാനക്കാര്‍ക്ക് ഗുണകരമാകുന്ന വിധം വീതിക്കുന്ന സമ്മാനഘടനയാണിപ്പോള്‍. ബംപര്‍ ലോട്ടറികളുടെ ഗുണം ഇരുനൂറിലധികം പേര്‍ക്ക് ലഭിക്കുമെന്ന് കരുതാം. മറ്റ് സമ്മാനക്കാര്‍ക്ക് 5000 തുടങ്ങി താഴേക്ക് 100 വരെയാണ് ലഭിക്കുന്നത്. ഈ സമ്മാന ഘടന പരിഷ്‌കരിച്ച് കൂടുതല്‍ പേര്‍ക്ക് ഗുണകരമാകുന്ന രീതി അവലംബിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ഉപകാരമുണ്ടാകും.

ഒന്നാം നമ്പറിന്റെ 12 കോടി ഒരാള്‍ക്ക് കൊടുക്കുന്നതിന് പകരം 12 പേര്‍ക്ക് ഓരോ കോടി കൊടുക്കുന്നത് സങ്കല്പിക്കുക. ഒന്നാം സമ്മാത്തിന്റെ തുക കുറച്ചിട്ട് 100,500,1000 സമ്മാനങ്ങള്‍ കിട്ടുന്നവര്‍ക്ക് അയ്യായിരമെങ്കിലും കിട്ടുന്ന വിധം സമ്മാനഘടന പരിഷ്‌കരിക്കുക. അപ്പോള്‍ അത് കൂടുതല്‍ നീതിയുക്തമായ സാമ്പത്തിക വിതരണത്തിന് കാരണമാകും.

ഇനി മദ്യത്തിന്റെ കാര്യം എടുക്കുക. 2017 – 18 ല്‍ കേരളത്തില്‍ വിറ്റത് 11024 കോടി രൂപയുടെ മദ്യമാണ്. 2016-17 ല്‍ അത് 10353 കോടിയുടേത് ആയിരുന്നു. ഇതര ലഹരി വസ്തുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്ന പണവും ചെറുതല്ല. 2018-ല്‍ 800 കോടിയുടെ മക്കുമരുന്ന് ഗവണ്‍മെന്റ് പിടിച്ചെടുത്തു. പിടിക്കപ്പെടാതെ വില്‍ക്കുന്ന ലഹരി വസ്തുക്കള്‍ എത്ര കോടി രൂപയുടേതായിരിക്കും.

പുകവലിക്ക് ചിലവഴിക്കുന്ന തുകയും ചെറുതല്ല. ശരാശരി 18.3 വയസില്‍ മലയാളികള്‍ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. 21.4 ശതമാനം പുരുഷന്മാരും 8.5 ശതമാനം സ്ത്രീകളും പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് നിഗമനം. സിഗരറ്റ് വലിക്കുന്ന ഒരാള്‍ ഒരു മാസം ശരാശരി 484 രൂപയും ബീഡി വലിക്കുന്നയാള്‍ 139 രൂപയും ചെലവഴിക്കുന്നു എന്നാണ് പഠനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

അപ്പോള്‍ ഒരു വര്‍ഷം പുകയില ഉല്പന്നങ്ങള്‍ക്കായി മലയാളികള്‍ എത്ര പണം ചെലവഴിക്കുന്നു. ഇതിനു പുറമേ, പുകയില ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കമ്പനിക്കാര്‍ പരസ്യത്തിനായി നല്കുന്ന തുകയും പുകയില ഉപയോഗം നിരിത്സാഹപ്പെടുത്താനായി ഗവണ്‍മെന്റ് നല്കുന്ന പരസ്യങ്ങളുടെ തുകയും കൂടി കൂട്ടിയാലോ? ഇതിന്റെ കൂടെ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് പിടിക്കുന്ന കാന്‍സറിന്റെ ചികിത്സയ്ക്കായി ചെലവഴിക്കുന്ന പണം കൂടി കണക്കില്‍ കൂട്ടുമ്പോള്‍ തുകയെത്രയാകും.

ചുരുക്കത്തില്‍ ലോട്ടറി ടിക്കറ്റ്, മദ്യം, ഇതര ലഹരി വസ്തുക്കള്‍, പുകയില ഉല്പന്നങ്ങള്‍ എന്നിവയ്ക്കായി കേരളം ഒരു വര്‍ഷം ചെലവഴിക്കുന്നത് ഏകദേശം 25,000 കോടി രൂപയെങ്കിലും ആയിരിക്കും. നമ്മുടെ സാധാരണ കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന തുകയാണോ ഇത്? ഇത്രയും തുക നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ കുടുംബങ്ങള്‍ക്കും നാടിനും എത്ര പുരോഗതി ഉണ്ടാകുമായിരുന്നു.