Voice of Truth

മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്നാൽ ഇടിമിന്നലേൽക്കാൻ സാധ്യതയുണ്ടോ?

ഉത്തരം ചുരുക്കത്തിൽ: സാധ്യതയുണ്ട്. പക്ഷേ മൊബൈൽ ഉപയോഗിച്ചില്ലെങ്കിലും മിന്നലേൽക്കാൻ അത്ര തന്നെ സാധ്യതയുണ്ടാകും.

ഉത്തരം വിശദമായി:

മൊബൈൽ ഫോൺ ഉപയോഗിക്കവേ മിന്നലേറ്റ് മരിച്ച സംഭവങ്ങൾ വലിയ വാർത്തകളാവാറുണ്ട്. അവയിൽ മിക്കതും വാട്സാപ്പും ഫെയ്സ്ബുക്കും പോലുള്ള മാധ്യമങ്ങളിലൂടെ നിത്യഹരിത സന്ദേശങ്ങളായി പാറിപ്പറന്ന് നടക്കുകയും ചെയ്യും. ‘ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും’ എന്നതായിരിക്കും ഗുണപാഠം. എന്നാൽ ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്.

എന്താണ് ഇടിമിന്നൽ? ആത്യന്തികമായി, ചാർജുകളുടെ ഒരു അണപൊട്ടിയൊഴുകലാണ് അത്. എല്ലാ വസ്തുക്കളും ആറ്റങ്ങളാൽ നിർമിതമാണ്. ആറ്റങ്ങൾ പോസിറ്റീവ് ചാർജുള്ള ന്യൂക്ലിയസ്സിനോട് നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ ചേർന്നാണ് ഉണ്ടാകുന്നത് എന്നതിനാൽ എല്ലാ വസ്തുക്കളിലും ചാർജുണ്ട്. പക്ഷേ പോസിറ്റീവും നെഗറ്റീവും ഓരോ ആറ്റത്തിലും പരസ്പരം തുല്യമായി ക്യാൻസൽ ചെയ്യുന്നതുകൊണ്ട് അതിന്റെ പ്രഭാവം നമുക്ക് അറിയാനാകില്ല എന്നേയുള്ളു. എന്നാൽ വസ്തുക്കൾ പരസ്പരം ഉരസുന്നതുപോലെയുള്ള സാഹചര്യങ്ങളിൽ ചിലപ്പോൾ ചാർജുകൾ തമ്മിൽ വേർപിരിക്കപ്പെടാറുണ്ട്. ഉണങ്ങിയ മുടിയിൽ ചീപ്പ് കൊണ്ട് ഉരസിയ ശേഷം ചെറിയ പേപ്പർ കഷണങ്ങളുടെ അടുത്തേയ്ക്ക് കൊണ്ടുചെന്നാൽ, ചീപ്പ് പേപ്പർ കഷണങ്ങളെ വലിച്ച് പിടിക്കുന്ന പരീക്ഷണം ചെയ്തിട്ടില്ലേ? ഉരസുമ്പോൾ ചാർജ് രണ്ട് വസ്തുക്കളിലായി വേർതിരിക്കപ്പെടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ വേർതിരിക്കപ്പെടുന്ന ചാർജിന് നീങ്ങിപ്പോകാനുള്ള സാഹചര്യം ഇല്ലെങ്കിൽ, അതവിടെ പതിയെ കുമിഞ്ഞുകൂടാൻ തുടങ്ങും. (ചാർജിന് നീങ്ങിപ്പോകാൻ സാഹചര്യമുള്ള ലോഹങ്ങളെ ഉരസി ചാർജ് ചെയ്യാൻ കഴിയാത്തത് അതുകൊണ്ടാണ്).

എത്രത്തോളം ചാർജ് കുമിഞ്ഞുകൂടുന്നുവോ അത്രത്തോളം വലിയൊരു പൊട്ടൻഷ്യൽ അവിടെ രൂപം കൊള്ളുന്നു എന്ന് പറയാം. രണ്ട് സ്ഥലങ്ങൾക്കിടയിൽ പൊട്ടൻഷ്യലിൽ വ്യത്യാസം ഉണ്ടെങ്കിൽ, അവിടങ്ങൾക്കിടയിൽ ഒരു വൈദ്യുതപ്രവാഹം ഉണ്ടാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. രണ്ട് ഉയരങ്ങളിലിരിക്കുന്ന രണ്ട് ജലടാങ്കുകളെ ഒരു പൈപ്പ് ഉപയോഗിച്ച് ബന്ധിച്ചാൽ ഉയരെയുള്ളതിൽ നിന്ന് താഴത്തേതിലേക്ക് ജലം ഒഴുകുന്നത് പോലെ തന്നെ. എത്രത്തോളം വീതി കൂടിയ പൈപ്പാണോ അത്രത്തോളം വലുതായിരിക്കും ജലത്തിന്റെ ഒഴുക്ക്. ആ പൈപ്പിനെ നമ്മൾ അടച്ചുപിടിച്ചാലും പൊട്ടൻഷ്യൽ വ്യത്യാസം അവിടെത്തന്നെ നിൽക്കും. പക്ഷേ ഇടയ്ക്കുള്ള പാത (പൈപ്പ്) ജലപ്രവാഹത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനാൽ ജലപ്രവാഹം ഉണ്ടാകുന്നില്ല എന്നേയുള്ളൂ. ചാർജുകളുടെ കാര്യത്തിൽ, ടാങ്കുകൾ തമ്മിലുള്ള ഉയരവ്യത്യാസത്തിന് സമാനമാണ് വോൾട്ടേജ് (Voltage, V). ജലപ്രവാഹത്തിന് സമാനമാണ് കറന്റ് (Current, I). ഇടയ്ക്കുള്ള പൈപ്പ് എത്രത്തോളം ജലപ്രവാഹത്തെ തടയും എന്നതിന് സമാനമാണ്, പൊട്ടൻഷ്യൽ വ്യത്യാസമുള്ള രണ്ട് ഭാഗങ്ങൾക്കിടയിലെ പ്രതിരോധം (Resistance, R). ഈ മൂന്ന് അളവുകളേയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രസിദ്ധമായ നിയമമാണ് ഓം നിയമം. V = I x R എന്നാണ് അത് പറയുന്നത്. അതായത് രണ്ട് സ്ഥലങ്ങൾക്കിടയിലെ വോൾട്ടേജ്, എത്ര കറന്റുണ്ടാക്കുമെന്ന് തീരുമാനിക്കുന്നത് അവയ്ക്കിടയിലെ പ്രതിരോധമാണ്.

ശരീരത്തിലൂടെയുള്ള വൈദ്യുതപ്രവാഹം അപകടകരമാണ്. നമ്മുടെ നാഡികളും പേശികളുമൊക്കെ ശക്തി കുറഞ്ഞ വൈദ്യുതസിഗ്നലുകൾ വഴിയാണ് പ്രവർത്തിക്കുന്നത്. പുറത്തുനിന്നും മറ്റേതെങ്കിലും വൈദ്യുതി ആ വഴിയിലൂടെ ഒഴുകിയാൽ സ്വാഭാവിക നാഡി സിഗ്നലുകൾ തകിടം മറിയും. അത് പേശികളെ പിടിച്ചുമുറുക്കുന്നത് തൊട്ട്, വൈദ്യുതപ്രവാഹം വഴി താപം ഉണ്ടായി ശരീരം കത്തിപ്പോകുന്നത് വരെ പല രീതിയിലുള്ള ഫലങ്ങൾ ഉണ്ടാക്കാം. ഹൃദയത്തിനെ മിടിപ്പിക്കുന്ന പേശികളെയൊക്കെ ബാധിക്കുമ്പോഴാണ് പലപ്പോഴും ഷോക്ക് മരണത്തിന് കാരണമാകുന്നത്. എന്തായാലും ഒഴുകുന്ന കറന്റിന്റെ അളവനുസരിച്ചിരിക്കും അതുണ്ടാക്കുന്ന ഫലം. എപ്പോഴും ഓർക്കുക, വോൾട്ടേജല്ല കറന്റാണ് അപകടമുണ്ടാക്കുന്നത്. ഒരു പ്രത്യേക വോൾട്ടേജ് എത്ര കറന്റ് ഉണ്ടാക്കുമെന്ന് തീരുമാനിക്കുന്നത് ഇടയ്ക്കുള്ള പ്രതിരോധമാണെന്ന് പറഞ്ഞല്ലോ. സ്വിച്ച് ബോർഡിലെ രണ്ട് ദ്വാരങ്ങളിൽ ഒന്ന് (ഫെയ്സ്) വളരെ ഉയർന്ന പൊട്ടൻഷ്യലിലാണ് ഉണ്ടാകുക. പക്ഷേ ചുറ്റുമുള്ള മാധ്യമങ്ങൾ -പ്ലാസ്റ്റിക്കോ വായുവോ- പ്രതിരോധം വളരെ കൂടിയതായതിനാൽ സ്വാഭാവിക വൈദ്യുതപ്രവാഹം സാധ്യമാകില്ല. അവിടെ നിങ്ങൾ സ്വന്തം ശരീരം കൊണ്ട് തൊട്ടാൽ, ഫെയ്സിനും താഴെ ഭൂമിയ്ക്കും ഇടയിൽ ഒരു വൈദ്യുതപ്രവാഹത്തിന് പറ്റിയ, പ്രതിരോധം കുറഞ്ഞ ഒരു റോഡ് ഓഫർ ചെയ്യുകയാണ് ചെയ്യുന്നത്. അതാണ് ഷോക്കടി എന്ന ‘അനുഭൂതി’യായി മാറുന്നത്. എന്നാൽ അതേ സമയം, മണ്ണിൽ താഴ്ന്നുകിടക്കുന്ന ഒരു ലോഹവയർ കൂടി ഫെയ്സിൽ കൊണ്ട് മുട്ടിച്ചാൽ കറന്റ് നിങ്ങളെ വേണ്ടാന്നുവെച്ച് അതിലൂടെ ഒഴുകും. കാരണം അതെപ്പോഴും പ്രതിരോധം കുറഞ്ഞ വഴിയിലൂടെ ഒഴുകാനേ ശ്രമിക്കൂ. (ഇപ്പറഞ്ഞ തത്വമാണ് വയറിങ്ങിൽ ‘എർത്തിങ്’ വഴി സുരക്ഷ ഉറപ്പാക്കാൻ ഉപയോഗിക്കുന്നത്)

വൈദ്യുതിയുടെ ഇത്രയും അടിസ്ഥാന ഗുണങ്ങൾ മനസിലാക്കിയാൽ ഇനി ഇടിമിന്നലിലേക്ക് വരാം. അന്തരീക്ഷത്തിലെ പ്രക്ഷുബ്ധതകൾ കാരണം പലപ്പോഴും മേഘങ്ങളിൽ ചാർജുകൾ കുമിഞ്ഞുകൂടാറുണ്ട്. മേഘങ്ങളുടെ അടിഭാഗത്ത് നെഗറ്റീവും മുകൾ ഭാഗത്ത് പോസിറ്റീവും ചാർജാണ് അടിയുക. ഒരു പരിധിയ്ക്കപ്പുറം പൊട്ടൻഷ്യൽ വ്യത്യാസം ഉയർന്നാൽ, ചാർജുകൾ ഇടയ്ക്കുള്ള മാധ്യമത്തെ അയണീകരിച്ച് അതുവഴി ഒഴുകി അതില്ലാതാക്കാൻ ശ്രമിക്കും. അയണീകരണം എന്നാൽ, ഇടയ്ക്കുള്ള മാധ്യമത്തിലെ ആറ്റങ്ങളിലെ ഇലക്ട്രോണുകളെ പറിച്ചെറിയുന്ന പരിപാടിയാണ്. അതോടെ ആറ്റങ്ങൾ ചാർജുള്ള അയോണുകളാകുകയും, കറന്റിന് പറ്റിയ പ്രതിരോധം കുറഞ്ഞ ഒരു വഴി രൂപം കൊള്ളുകയും ചെയ്യുന്നു. കുമിഞ്ഞുകൂടുന്ന ചാർജ് ഇങ്ങനെ ഒഴുകി പൊട്ടൻഷ്യൽ വ്യത്യാസം ഇല്ലാതാകുന്ന പ്രക്രിയയെ ഡിസ്ചാർജിങ് എന്ന് വിളിക്കാം. മേഘങ്ങളിൽ നിന്നും അയണീകരിക്കപ്പെട്ട വായുവിലൂടെ ഡിസ്ചാർജിങ് നടക്കുമ്പോൾ ആ വൈദ്യുതി അത്യധികം ഉയർന്ന താപനില സൃഷ്ടിക്കും. അതിന്റെ ഫലമായി വായു ചുട്ടുപഴുത്ത് പ്രകാശിക്കുന്നതാണ് മിന്നൽ (flash) ആയിട്ട് നമ്മൾ കാണുന്നത്.

മേഘങ്ങളിലെ ഡിസ്ചാർജിങ് മൂന്ന് രീതിയിൽ നടക്കാം; അതേ മേഘത്തിന്റെ തന്നെ മറ്റൊരു ഭാഗത്തേയ്ക്ക് ചാർജൊഴുകാം, മറ്റൊരു മേഘത്തിലേയ്ക്ക് ഒഴുകാം, പിന്നെ ഭൂമിയിലേക്ക് ഒഴുകാം. ഇതിൽ ആദ്യത്തേതാണ് ഏറ്റവും സാധാരണമായി നടക്കുന്നത്. പക്ഷേ നമ്മൾ മനുഷ്യരെ സംബന്ധിച്ച്, മൂന്നാമത്തേതാണ് പ്രധാനം. അത് അന്തരീക്ഷത്തിൽ ആകെ ഉണ്ടാകുന്ന ഇടിമിന്നലുകളുടെ നാലിലൊന്നേ വരുള്ളൂ എങ്കിലും, അത്യധികം ഉയർന്ന അളവിൽ ചാർജ് ഇങ്ങ് ഭൂമിയിലേക്ക് ഒഴുകിവരുന്ന കാര്യമായതിനാൽ നമുക്കതിനെ പേടിക്കേണ്ടിവരും. ഒരു മനുഷ്യന് മരിയ്ക്കാൻ 0.1 ആമ്പിയർ (0.1 A) കറന്റ് ഒക്കെ മതിയാകും എന്നിരിക്കേ, മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്കുള്ള ഡിസ്ചാർജിങ് ആയിരക്കണക്കിന് ആമ്പിയർ വരുന്ന കറന്റായിട്ടാണ് നടക്കുന്നത് എന്നോർക്കണം. ചില്ലറ കളിയല്ല!

മേഘങ്ങളിൽ ഒരു പരിധിക്കപ്പുറം ചാർജ് കുമിഞ്ഞുകൂടി പൊട്ടൻഷ്യൽ വല്ലാതെ ഉയരുമ്പോൾ, തറയോ തറയിലെ ഉയർന്ന ഒരു വസ്തുവോ സൗകര്യത്തിന് ഒത്തുകിട്ടിയാൽ അതിലേക്ക് ഡിസ്ചാർജിങ് നടക്കാനുള്ള സാധ്യതയുണ്ട്. ചാർജ് പ്രവാഹം എപ്പോഴും പ്രതിരോധം കുറഞ്ഞ വഴി നോക്കുമെന്ന് പറഞ്ഞല്ലോ. വായുവിലെ മർദം, താപനില, ജലാംശം ഇവയൊക്കെ അനുസരിച്ച് ഓരോ ഭാഗത്തും പ്രതിരോധവും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് മിന്നലിന്റെ വരവ് ഇത്തിരി സങ്കീർണമാണ്. ആദ്യം മേഘം വിട്ട് പുറത്തേയ്ക്കിറങ്ങുന്ന ചാർജ് വായുവിൽ പല ദിശയിൽ ശാഖകളായിട്ട് ചിതറും. അതിൽ ഏറ്റവും പ്രതിരോധം കുറഞ്ഞ ശാഖയിലേക്കാകും അടുത്ത ഘട്ടം ചാർജൊഴുക്ക് (മറ്റ് ശാഖകൾ പതിയെ നിന്നുപോകും). ആ ശാഖയിൽ നിന്ന് പിന്നേയും ശാഖകളുണ്ടാകും. അതിലും ഏറ്റവും പ്രതിരോധം കുറഞ്ഞതിൽ നിന്ന് പിന്നേയും ശാഖകളുണ്ടാകും… ഇതിങ്ങനെ ഘട്ടം ഘട്ടമായി ആവർത്തിക്കും. അതാണ് മിന്നലിന്റെ ഫോട്ടോകളിൽ ഒറ്റവരിയായി ഒഴുകുന്നതിന് പകരം അതിങ്ങനെ ഒടിഞ്ഞൊടിഞ്ഞ് മണ്ണിലേക്ക് വരുന്നതായി തോന്നുന്നത്. ഇതിൽ ഏതെങ്കിലും ഒരു ശാഖ മണ്ണിൽ മുട്ടിക്കഴിഞ്ഞാൽ (അതിന് സെക്കൻഡിലൊരംശം സമയം മതിയാകും), പിന്നീടാണ് ശരിക്കുള്ള ഷോ! അതുവരെ നടന്ന ‘റോഡുവെട്ടലി’ൽ പത്തോ നൂറോ ആമ്പിയർ കറന്റാകും വരുന്നത്. റോഡ് പൂർത്തിയായിക്കഴിഞ്ഞാൽ പ്രതിരോധം വളരെ കുറഞ്ഞ ഒരു പ്ലാസ്മാ (ionized gas) ചാനലാണ് അവിടെ ഉണ്ടാകുന്നത്. അതോടെ മുപ്പതിനായിരത്തോളം ആമ്പിയർ വരുന്ന ഭീകരനൊരു കറന്റ് അതുവഴി കുത്തിയൊഴുകിയിങ്ങ് വരും. Return stroke എന്ന് വിളിക്കപ്പെടുന്ന ഇതാണ് മിന്നലേറ്റ് ഉണ്ടായതായി പറയപ്പെടുന്ന ഏതാണ്ടെല്ലാ അപകടങ്ങൾക്കും കാരണം. ഇതൊഴുകുന്ന വഴിയിൽ താപനില 50,000 ഡിഗ്രി വരെ ഉയരാം. (സൂര്യന്റെ ഉപരിതലത്തിൽ ഇതിന്റെ പത്തിലൊന്ന് താപനിലയേ ഉള്ളൂവെന്നോർക്കണം). ഇത്രയും ചൂടുപിടിച്ച വായു പെട്ടെന്ന് വികസിക്കുന്നതുവഴിയുള്ള മർദ്ദവ്യത്യാസങ്ങളാണ് ഇടിമുഴക്കമായി (thunder) കേൾക്കുന്നത്.

ഇനി ഓർത്തുനോക്കൂ, ആദ്യത്തെ ‘റോഡുവെട്ട് മിന്നൽ’ പ്രതിരോധം കുറഞ്ഞ റൂട്ട് നോക്കിനോക്കി വായുവിലൂടെ വരുന്ന വഴിയിൽ, നിങ്ങൾ സ്വന്തം ശരീരം കൊണ്ട് വെച്ചുകൊടുത്താൽ എന്ത് സംഭവിക്കും? തീർച്ചയായും അത് വായു വിട്ട് നിങ്ങളുടെ ശരീരത്തിലൂടെ കയറാൻ ശ്രമിക്കും. അത് തന്നെയാണ് അടിസ്ഥാനപരമായി മിന്നൽ കൊണ്ടുണ്ടാകുന്ന അപകടവും. തറ നിരപ്പിൽ നിന്ന് ഉയർന്ന് നിൽക്കുന്ന കുന്നും കെട്ടിടവും ടവറും മരവും നിങ്ങളുടെ ശരീരവും ഒക്കെ മിന്നലിനെ സംബന്ധിച്ച് ‘കൂടുതൽ നല്ല’ റൂട്ടാണ്. മുകളിൽ ചാർജിത മേഘങ്ങൾ തക്കം പാർത്ത് നിൽക്കുമ്പോൾ, താഴെയുള്ളതിൽ ഏറ്റവും ഉയരമുള്ള വസ്തു നിങ്ങുടെ ശരീരമായാൽ, ഠിം! അതുകൊണ്ടാണ് മിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കാൻ പറയുന്നത്. അടച്ചുറപ്പുള്ള കെട്ടിടങ്ങൾക്കുള്ളിലോ വാഹനങ്ങൾക്കുള്ളിലോ ആയിരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. മരച്ചുവട്ടിൽ നിൽക്കുന്നതും നല്ലതല്ല. ഉയരം പരിഗണിക്കുമ്പോൾ മരത്തെയാകും മിന്നൽ ആദ്യം പരിഗണിക്കുക എങ്കിലും, ആ സമയത്തെ കറന്റ് ഉണ്ടാക്കുന്ന ചൂടിൽ മരത്തിലെ ജലാംശം തത്ക്ഷണം നീരാവിയാകുകയും അത് പൊട്ടിക്കീറുന്ന ഫലം ഉണ്ടാക്കുകയും ചെയ്യും. മാത്രമല്ല, return stroke ഭീമമായ അളവിലുള്ള ചാർജ് അതിവേഗം മണ്ണിലെത്തിക്കുന്നതിനാൽ, അത് നാലുപാടും ചിതറുമ്പോഴുണ്ടാകുന്ന കറന്റ് ചുറ്റും അപകടസാധ്യത കൂട്ടും.

ഇനി ഫോണിന്റെ കാര്യത്തിലേക്ക് വരാം. ചാർജിങ്ങിൽ അല്ലാത്ത മൊബൈൽ ഫോണുകൾ ചുറ്റുപാടുകളോട് സംവദിക്കുന്നത് വൈദ്യുതകാന്തിക തരംഗങ്ങൾ വഴി മാത്രമാണ്. പേരിൽ ‘വൈദ്യുത’ എന്ന വാക്കുണ്ടെന്നേ ഉള്ളൂ. അത് ചാർജുകളുടെ ഒഴുക്കിന് കാരണമാകുകയോ സഹായിക്കുകയോ പോലും ചെയ്യില്ല. അതിന് സഞ്ചരിക്കാൻ ഒരു മാധ്യമത്തിന്റെ പോലും സഹായം വേണ്ടായെന്നോർക്കണം (അതുകൊണ്ടാണ് സൂര്യനിൽ നിന്ന് ഇടയിലെ ശൂന്യതയിലൂടെ കടന്ന് പ്രകാശത്തിന് ഭൂമിയിലെത്താൻ കഴിയുന്നത്). അതുകൊണ്ട് തന്നെ മിന്നലിനെ ആകർഷിക്കാനൊന്നും മൊബൈൽ ഫോണിന് സാധിക്കില്ല. പക്ഷേ അതേ സമയം ലാൻഡ് ഫോണുകളും, വീട്ടിലെ ടീവി പോലുള്ള ഉപകരണങ്ങളും അങ്ങനല്ല. ഇവയെല്ലാം പുറത്തുനിന്ന് ലോഹവയറുകൾ വഴി വീട്ടിലേക്ക് നല്ല സൂപ്പർ ‘കറന്റുറോഡുകൾ’ തുറന്നിട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട എവിടെയെങ്കിലും (പോസ്റ്റിലോ കേബിൾ ടീവി ഡിഷിലോ ഒക്കെ) മിന്നലേറ്റാൽ ഈ വയറുകൾ വഴി ആ കറന്റിന്റെ നല്ലൊരു പങ്ക് വീട്ടിലേക്കൊഴുകിവരും. അതൊട്ടും സുഖകരമായ ഒരു കാര്യമായിരിക്കില്ല. അതിനാൽ ടീവിയുടേയും ലാൻഡ് ഫോണിന്റേയും കേബിളുകളും വൈദ്യുതോപകരണങ്ങളുടെ പ്ലഗ്ഗും ഒക്കെ മിന്നലുള്ളപ്പോൾ ഊരിയിടുന്നതാണ് നല്ലത്. ഇതിൽ ഉപകരണങ്ങളുടെ പ്ലഗ് ഊരി തറയിൽ മുട്ടിച്ചിടുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. കാരണം വീടിനടുത്തെവിടെങ്കിലും മിന്നൽ വീണാൽ, return strike-ൽ ചിതറിത്തെറിക്കുന്ന കറന്റ് ഉപകരണങ്ങൾക്ക് കേടുവരുത്താൻ അത് കാരണമായേക്കും.

ഇനി മൊബൈൽ ഫോൺ ഇടിമിന്നലിന്റെ അപകടം കൂട്ടിയേ പറ്റുവെന്ന് വാശിയുള്ളവരുടെ ആശ്വാസത്തിന് വേണ്ടി ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. ഫോണിൽ സംസാരിക്കുമ്പോൾ പരിസരം മറന്നുപോകുന്ന ചിലരുണ്ട്. അത്തരക്കാർ ഇടിമിന്നലുള്ളപ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ട്, നേരിട്ടോ അല്ലാതെയോ സ്വയമറിയാതെ ഇടിമിന്നലിന് തലവെച്ചാൽ… ശുഭം!

കടപ്പാട്: കോലാഹലം ബ്ലോഗ്

Leave A Reply

Your email address will not be published.