കഴുത്തിന് കീഴ്‌പോട്ട് ഉള്ളംകാല്‍ വരെ ഒന്ന് ചലിപ്പിക്കാന്‍ പോലും കഴിയാതെ രണ്ടരപതിറ്റാണ്ടായി കിടക്ക മാത്രമാണ് ജോണിക്ക് ആശ്രയം. എന്നിട്ടും തന്നെത്തേടിയെത്തുന്നവരെ ഇയാള്‍ ആശ്വസിപ്പിച്ച് യാത്രയാക്കുന്നു. ഇത് കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ വെട്ടിമുകള്‍-പീച്ചത്തില്‍ വീട്ടിലെ ജോണി. അടുത്തറിഞ്ഞാല്‍ സമാശ്വാസത്തിന്റെ തുരത്തിലെത്തിയ പോലെ പ്രശോഭിതമാകും നമ്മുടെ ജീവിതം.
1995 ഓഗസ്റ്റ് 26: ജോണിയുടെ ജീവിതത്തിലെ മറക്കാനാവാത്ത ദിനം.
അദ്ദേഹത്തിന്റെ വിവാഹ ജീവിതത്തിന്റെ അഞ്ചാം വാര്‍ഷികവും, ഭാര്യ ലോളിയുടെ ജന്മദിനാഘോഷവും അന്നായിരുന്നു. വീട്ടിലെത്തിയ അതിഥികളോട് കുശലം പറഞ്ഞും സുഹൃത്തുക്കളെ സ്വീകരിച്ചും ജോണി ഓടിനടന്നു. വൈകുന്നേരത്തോടെ തിരക്കുകളെല്ലാം ഒതുക്കി സഹോദരന്‍ അവിരാച്ചനെയും കൂട്ടി നേരെ പള്ളിയിലേക്ക്. ധ്യാനം കൂടിയ നാള്‍ മുതല്‍ കഴിയുന്നതും ദിവ്യബലി ജോണി മുടക്കിയിട്ടില്ല. വി.കുര്‍ബാന അന്ന് വൈകുന്നേരമായതിനാല്‍ ഏറെ സൗകര്യപ്രദവുമായിരുന്നു. ദിവ്യപൂജ കഴിഞ്ഞ് ഏറ്റുമാനൂരില്‍ ജോണി സ്വന്തമായി നടത്തുന്ന പമ്പ്‌സെറ്റ് കടയിലെ സെയില്‍സ്മാനെ കാണുന്നതിനുവേണ്ടി സഹോദരങ്ങളിരുവരും ആറുകിലോമീറ്ററിനപ്പുറമുള്ള വെമ്പള്ളി വരെ പോകാന്‍ തീരുമാനിച്ചു.അവിടെച്ചെന്ന് അയാളെ കണ്ട് മടങ്ങിവരുംവഴി പട്ടിത്താനം കവലയിലെത്തിയപ്പോള്‍ സമയം രാത്രി 7.15. അവരുടെ ബൈക്കിന് സാധാരണ വേഗത.
എന്നാല്‍ പെട്ടെന്നായിരുന്നു ദുരന്തം. റോഡിലെ ഒരു വലിയ ഗട്ടറില്‍ ബൈക്കിന്റെ ടയര്‍ കുടുങ്ങിയതും വാഹനം തലകീഴായി മറിഞ്ഞതും ഒരുനിമിഷം കൊണ്ടു കഴിഞ്ഞു. റോഡിലേക്ക് തലയടിച്ച് വീണ അവരുടെ ബോധവും അപ്പോള്‍ തന്നെ നഷ്ടപ്പെട്ടു. കുറുപ്പന്തറ സ്വദേശിയായ ഒരു ജീപ്പ് ഡ്രൈവറാണ് രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ ഇവരെ റോഡില്‍ കണ്ടെത്തുന്നത്. ശരീരത്തില്‍ ജോണിയേക്കാള്‍ കൂടുതല്‍ പരിക്ക് അവിരാച്ചന് ദൃശ്യമായിരുന്നതുകൊണ്ടാകണം ഡ്രൈവറുടെ സീറ്റില്‍ അവിരാച്ചനെ കിടത്തി ജീപ്പിനു പിന്നില്‍ വളരെ സൂക്ഷ്മമായി ജോണിയെയും കിടത്തി ഡ്രൈവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അതിവേഗത്തില്‍ വാഹനമോടിച്ചു. രണ്ടുപേരുടെയും ശിരസിലും നിരവധി മുറിവുകളുണ്ടായിരുന്നു. ആശുപത്രിയില്‍ ചെന്നപാടേ, അധികൃതര്‍ ഉണര്‍ന്നു. ഇരുവരെയും സി.റ്റി. സ്‌കാന്‍ ചെയ്തു. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഏറ്റവും പ്രഗത്ഭനായ ഡോക്ടര്‍ എല്ലാവിധ ആധുനിക ചികിത്സകളും നല്‍കാന്‍ അപ്പോഴേക്കും തയ്യാറായി ഓടിയെത്തി.
ജീപ്പ് ഡ്രൈവറാണ് അവരുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തതതും സഹോദരന്മാരെ കൂട്ടിക്കൊണ്ടു വന്നതും. അറിഞ്ഞു കേട്ടുവന്ന ജനക്കൂട്ടം ആശുപത്രിവരാന്തയില്‍ തടിച്ചുകൂടി. അധികം വൈകാതെ അവിരാച്ചന്റെ ശാരീരിക ക്ഷതങ്ങള്‍ക്ക് പരിഹാരമായി. എന്നാല്‍ ജോണിയുടെ നില അനുനിമിഷം വഷളായിക്കൊണ്ടിരുന്നു. ഓരോ മണിക്കൂര്‍ കഴിയുമ്പോഴും ഡോക്ടര്‍മാരുടെ മുഖത്തെ പ്രത്യാശ മങ്ങിക്കൊണ്ടിരുന്നു. ജോണിയുടെ ഒരകന്ന ബന്ധുവിനെ മാറ്റിനിര്‍ത്തി ഡോക്ടര്‍ നടുക്കുന്ന ആ സത്യം വെളിപ്പെടുത്തി. ”നേരം വെളുക്കുന്നതിനുമുമ്പേ ഒരു പക്ഷേ, ജോണി മരിക്കും…”
അവന്റെ സഹോദരന്മാര്‍ ഈ സമയത്തെല്ലാം ആശുപത്രി വരാന്തയില്‍ നിന്ന് കരളുരുക്കുകയായിരുന്നു. ”കര്‍ത്താവേ! ഞങ്ങളുടെ സഹോദരന്റെ ജീവനെ മാത്രം ഞങ്ങള്‍ക്ക് തരിക..’ കണ്ണീര്‍പ്രവാഹം പ്രാര്‍ത്ഥനയായി..
അടിയന്തിരമായി ഒരു ശസ്ത്രക്രിയയ്ക്ക് ജോണിയെ വിധേയമാക്കണമെന്ന് ന്യൂറോളജി വിഭാഗം തലവന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ‘ഓര്‍ത്തോ’ വിഭാഗത്തിലെ ഡോകടേഴ്‌സ് വിയോജിച്ചു. ബഡ്ഡില്‍ നിന്നും ഒന്ന് തിരിയാ ന്‍പോലും പറ്റാത്ത അവസ്ഥയായിരുന്നു ജോണിയുടേത്. അത്യാവശ്യമായി ഒരു വെന്റിലേറ്ററിന്റെ സഹായവും വേണ്ടതുണ്ട്. മെഡിക്കല്‍ കോളജില്‍ അന്ന് രണ്ട് വെന്റിലേറ്ററുകള്‍ മാത്രമേയുള്ളൂ. ഒന്ന് ഒരു രോഗിക്ക് നല്‍കിയിരുക്കുന്നു. രണ്ടാമത്തേത് ഉപയോഗയോഗ്യവുമല്ല. ഇതൊക്കെയാകാം ജോണിയുടെ ജീവനെക്കുറിച്ച് ഡോക്ടര്‍മാര്‍ വിഷമവൃത്തത്തിലായതും.
മെഡിക്കല്‍ കോളജില്‍ ഈ വേദനയും സഹിച്ച് 29-ാം തിയതിവരെ ജോണി ഐ.സി.യുവില്‍ തന്നെ കിടന്നു. ഏത് സമയവും ജീവന്‍ നഷ്ടപ്പെടുമെന്നുറപ്പുള്ളതിനാല്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യാനും മടിച്ചു. അവന്റെ സഹോദരന്മാര്‍ എറണാകുളത്തെ പ്രമുഖ ഹോസ്പിറ്റലുകളിലെല്ലാം കയറിയിറങ്ങി. ജോണിക്ക് തുടര്‍ ചികിത്സ നല്‍കാന്‍ കഴിയുമോ എന്നായിരുന്നു അവരുടെ അന്വേഷണം. ടൗണിലെ സിറ്റി ഹോസ്പിറ്റലില്‍ രോഗിയെ സ്വീകരിക്കാമെന്നും ഓപ്പറേഷന്‍ ചെയ്യാമെന്നും ഡോക്ടര്‍ പറഞ്ഞെങ്കിലും ജോണിയുടെ സഹോദരന്മാര്‍ അത് വിശ്വസിച്ചില്ല. ഇതിനേക്കാള്‍ കൂടുതല്‍ സൗകര്യവും, കൂടുതല്‍ വിദഗ്ദരുമുള്ള പല ഹോസ്പിറ്റലുകളും കയ്യൊഴിഞ്ഞപ്പോള്‍ അത്രയൊന്നും സൗകര്യങ്ങളില്ലാത്ത ഈ ആശുപത്രിയില്‍ എങ്ങനെയതിന് കഴിയുമെന്നായിരുന്നു അവരുടെ ഉത്കണ്ഠ. അങ്ങനെയാണ് തിരുവനന്തപുരം ശ്രീ ചിത്രാ ആശുപത്രിയില്‍ മാര്‍ അപ്രേം പിതാവിന്റെ ശുപാര്‍ശപ്രകാരം ചികിത്സിക്കാന്‍ തീരുമാനിക്കുന്നത്.
എന്നാല്‍ ആക്‌സിഡന്റ് കേസുകള്‍ ശ്രീ ചിത്രായില്‍ അഡ്മിറ്റ് ചെയ്യുകയില്ലെന്നാണ് വിശദമായ അന്വേഷണത്തിലൂടെ ബന്ധുക്കള്‍ക്ക് മനസ്സിലായത്. ശ്രീ ചിത്രായില്‍ വര്‍ഷങ്ങളോളം ശസ്ത്രക്രിയകള്‍ നടത്തിയ ഒരു വിദഗ്ധനായ ഡോക്ടര്‍ എറണാകുളത്ത് സിറ്റി ഹോസ്പിറ്റലില്‍ ഉണ്ടെന്നും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും ശ്രീ ചിത്രായിലെ അധികൃതര്‍ നിര്‍ദ്ദേശിച്ചു. സെപ്റ്റംബര്‍ 29-ന് ജോണിയെ എറണാകുളം സിറ്റി ഹോസ്പിറ്റലിലെത്തിച്ചു. അദ്ദേഹത്തെ കണ്ട ഡോക്ടര്‍മാര്‍ വിസ്മയിച്ചു. ഒരു വെന്റിലേറ്റര്‍ പോലും ഇല്ലാതെ ഇത്രയും നാള്‍ ഈ മനുഷ്യന്‍ എങ്ങനെ ജീവിച്ചു എന്നതായിരുന്നു അവരുടെ അത്ഭുതം. തുടര്‍ന്ന് അവിടെ നടത്തിയ ശസ്ത്രക്രിയയിലൂടെ ജോണിയുടെ ഇന്‍ഫെക്ഷന്‍ മാറിക്കിട്ടി.
ഒക്‌ടോബര്‍ മൂന്നിന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഒരു വാട്ടര്‍ബഡില്‍ വീട്ടിലെത്തിച്ച ജോണി പിന്നെ കിടക്കയില്‍ നിന്ന് പരസഹായമില്ലാതെ എണീറ്റിട്ടില്ല. കുറച്ച് ആയുര്‍വ്വേദ ചികിത്സയൊക്കെ ആദ്യകാലങ്ങളില്‍ നടത്തിനോക്കി. ചെറിയ മാറ്റവുമുണ്ട്. ഘര്‍ ഷണമുള്ള ഒരുപകരണം കൈവിരലുകള്‍ക്കിടയില്‍ തിരുകിവെച്ച് ഏറെ ക്ലേശിച്ച് പേപ്പറില്‍ വടിവില്ലാതെ അക്ഷരങ്ങള്‍ കോറിയിടാന്‍ കഴിയും. മുമ്പ് കഴുത്തിന് താഴെ ശരീരം ഉണ്ടെന്നുപോലും അറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇന്ന് അതൊക്കെ മാറി, പ്രത്യാശയുടെ ദൂത് ഓരോ ദിവസവും ജോണി അനേകര്‍ക്ക് നല്‍കുന്നു.
ജോണിയുടെ എല്ലാ കാര്യത്തിനും താങ്ങും തണലുമായി ഭാര്യ ലോളി അടുത്തുതന്നെയുണ്ട്. കിടക്കയില്‍ നിന്ന് ഭര്‍ത്താവിന്റെ മലമൂത്രാദികളെടുത്ത് കളയാനും, കിടക്ക ക്ലീന്‍ ചെയ്യാനും വസ്ത്രം മാറാനുമെല്ലാം നിഴ ല്‍പോലെ അദ്ദേഹത്തിന്റെ പിന്നില്‍ അവരുണ്ട്. ഭാര്യയെ ചൂണ്ടി ‘സഹനജീവിതത്തില്‍ തന്റെ ഏറ്റവും വലിയ പങ്കാളി’ എന്ന് ജോണി വിശേഷിക്കുന്നു.
ദൈവത്തെ തിരിച്ചറിയുകയും ആ പാതയിലൂടെ അനുദിനം മുന്നേറുവാനും കഴിയുന്നതാണ് തന്റെ ജീവിതത്തെ സന്തോഷപ്രദമാക്കുന്നതെന്ന് ജോണി പറയുന്നു. രണ്ട് കുട്ടികളാണ് അദ്ദേഹത്തിന്. ശാന്തിയും, വിനീതും…..