Voice of Truth

മരട് ഫ്‌ളാറ്റുകൾ ഒഴിയാനുള്ള അവസാന ദിവസം ഇന്ന്. ഇനിയും ഒഴിയാനുള്ളത് ഇരുനൂറിലേറെ കുടുംബങ്ങൾ

സുപ്രീം കോടതി മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിയാൻ സമയം നീട്ടി നല്‍കാത്ത സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം തന്നെ ഫ്ളാറ്റുകള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. താത്കാലികമായി പുനഃസ്ഥാപിച്ച ഫ്ലാറ്റുകളിലെ കുടിവെള്ള കണക്ഷനുകളും വൈദ്യുതി കണക്ഷനുകളും ഇന്ന് വൈകിട്ടോടെ വിച്ഛേദിക്കുമെന്ന് നഗരസഭ അറിയിച്ചു.

പൊളിക്കാൻ ഉത്തരവിട്ട അഞ്ച് ഫ്ലാറ്റുകളിലായി 343 കുടുംബങ്ങളാണ് സ്ഥിരമായി താമസിച്ചിരുന്നത്. ഇവരിൽ 113 കുടുംബങ്ങള്‍ മാത്രമാണ് ഇതുവരെ ഫ്ലാറ്റൊഴിഞ്ഞത്. പകരം താമസസൗകര്യം കിട്ടാതെ ഫ്ലാറ്റൊഴിയില്ലെന്ന നിലപാടിലാണ് താമസക്കാര്‍. അതേസമയം, കുടിവെള്ള, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചാലും താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കില്ലെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി. പുനരധിവാസം ആവശ്യപ്പെട്ട് 94 കുടുംബങ്ങള്‍ മാത്രമാണ് രംഗത്തു വന്നിട്ടുള്ളതെന്നും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ‍ഞ്ഞു.

ഫ്ലാറ്റുകള്‍ പൊളിക്കാൻ കരാര്‍ നല്‍കുന്ന കമ്പനിയ്ക്ക് ഈ മാസം 11ന് കെട്ടിടങ്ങള്‍ കൈമാറാനാണ് ആര്‍ഡിഓ അധ്യക്ഷനായ സമിതി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കെട്ടിടം കൈമാറുന്ന 11ന് തന്നെ സ്ഫോടനം നടത്തി പൊളിക്കില്ലെന്നും അതിനു മുൻപ് ഏറെ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും സ്നേഹിൽ കുമാര്‍ സിങ് ഐഎഎസ് അറിയിച്ചു. ഇതു സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കുമെന്നും എല്ലാ നടപടികളും കൃത്യസമയത്ത് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.