Voice of Truth

കേരളത്തിലെ മരണ താഴ്വരകൾ… കവളപ്പാറയും, പുത്തുമലയും കണ്ണീർഭൂമികളാകുന്നു

കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ എൺപതിലേറെ ഉരുൾപ്പൊട്ടലുകളാണ് ഉണ്ടായത്. മണ്ണിനടിയിൽ പൊലിഞ്ഞ സ്വപ്നങ്ങൾ എത്രയെന്ന് തിട്ടപ്പെടുത്താൻ ഇനിയുമായിട്ടില്ല. ആഗസ്റ്റ് ഒമ്പത് എന്ന കറുത്ത വെള്ളിയാഴ്ച കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയത് ആദ്യം പുത്തുമലയും, തുടർന്ന് കവളപ്പാറയുമാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ കവളപ്പാറയിൽ സംഭവിച്ച ദുരന്തം സമാനതകളില്ലാത്ത ഒന്നാണെന്ന് വ്യക്തമായി.

കൽപ്പറ്റ എംഎൽഎ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, പതിനെട്ടു പേരാണ് പുത്തുമലയിൽ അപകടത്തിൽ പെട്ടവർ. അഞ്ചുപേരുടെ ശരീരം ഇതിനകം കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താനായുള്ള തെരച്ചിൽ രണ്ടാം ദിവസവും തുടരുകയാണ്. പ്രദേശവാസികൾ വെളിപ്പെടുത്തുന്നതനുസരിച്ച് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. കാരണം, അവിടെ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ ഉരുൾപൊട്ടലിൽ പെട്ടിരിക്കാൻ സാധ്യതയുണ്ട്.

മലപ്പുറം ജില്ലാ ഭരണകൂടം വെളിപ്പെടുത്തിയ കണക്കുകൾ അനുസരിച്ച്, അറുപത്തിമൂന്ന് പേരാണ് കവളപ്പാറയിൽ സംഭവിച്ച ഉരുൾപൊട്ടലിൽ കാണാതായവർ. അഞ്ചുപേരുടെ ശരീരം മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായത്. ശനിയാഴ്ച രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ അവിടെ രണ്ട് ഉരുൾപ്പൊട്ടലുകൾ കൂടി നടന്നിരുന്നു. കേരളം ഇന്നുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ഭീകരമായ ഉരുൾപൊട്ടൽ നടന്ന കവളപ്പാറയിൽ അപകടം നടന്ന സ്ഥലത്ത് മീറ്ററുകൾ ഉയരത്തിൽ മണ്ണ് അടിഞ്ഞുകൂടിയിരിക്കുകയാണ്. അതിനാൽ, മൃതദേഹങ്ങൾ കണ്ടെടുക്കുക അതീവ ദുഷ്കരമാണ്.

ഹൃദയം തകർക്കുന്ന കാഴ്ചകളാണ് കവളപ്പാറയിൽ നിന്ന് ദൃശ്യമാധ്യമങ്ങളിലൂടെ വെളിയിൽവരുന്നത്. അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും, ഉറ്റവരെയും ഉടയവരെയും ഒരു നിമിഷംകൊണ്ട് നഷ്ടപ്പെട്ട ചിലർ എങ്ങോട്ടുപോകണം എന്നറിയാതെ ദുരന്തമണ്ണിലേയ്ക്ക് കണ്ണുനട്ട് നിൽക്കുന്നു. തെല്ലും ആശ്വസിക്കാൻ കഴിയാതെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന അനേകർ. കണക്കുകൾ അനുസരിച്ച് ഇരുപതിൽ കുറയാത്ത എണ്ണം കുട്ടികൾ ആ മണ്ണിനടിയിൽ നിത്യനിദ്രയിലാണ്ടുകിടക്കുന്നുണ്ട്.

ഒരിക്കൽക്കൂടി അന്തർദേശീയ മാധ്യമങ്ങളിലുൾപ്പെടെ കേരളം വാർത്തകളിൽ നിറയുകയാണ്. ഒരു മഹാദുരന്തത്തിന്റെ ഓർമ്മകൾ മായും മുമ്പേ, മറ്റൊരു ദുരന്ത കാലം കൂടി കേരളത്തെ തേടിയെത്തിയിരിക്കുന്നു. ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത് അറുപത് ജീവഹാനിയാണ്. ആയിരത്തി മുന്നൂറിൽപരം ദുരിതാശ്വാസക്യാംപുകൾ കേരളത്തിൽ പലയിടങ്ങളിലായി തുറന്നുകഴിഞ്ഞു. പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്.

Leave A Reply

Your email address will not be published.