Voice of Truth

കുട്ടികളെ ശിക്ഷിക്കുന്നത് തെറ്റാണോ?

ക്ലാസില്‍ വികൃതി കാട്ടിയ വിദ്യാര്‍ത്ഥിയെ ശിക്ഷിച്ചതിന്റെ പേരില്‍ അധ്യാപകനെ പോലീസ് വിലങ്ങണിയിച്ച് നടത്തിയതായി നാളുകള്‍ക്കുമുമ്പ് പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. റിയാദിലായിരുന്നു സംഭവം. ക്ലാസില്‍ വെള്ളം ചീറ്റിത്തെറിപ്പിച്ച് മറ്റ് കുട്ടികളെ ശല്യപ്പെടുത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ശിക്ഷയുടെ ഭാഗമായി കൈവെള്ളയിലും കണങ്കാലുകളിലും വടികൊണ്ടടിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥി സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മുതുകിന് താഴെയും തുടകളിലും അധ്യാപകന്‍ അടിച്ചുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാവ് പോലീസിന് പരാതി നല്‍കുകയും അധ്യാപകനെ പോലിസ് വിളിപ്പിക്കുകയും ചെയ്തു.

കേസ് അവിടെവെച്ച് ഒത്തു തീര്‍പ്പാകാതെ വന്നതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുവാന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലേക്ക് അധ്യാപകനെ വിലങ്ങണിയിച്ച് ബസില്‍ കൊണ്ടുപോയി. നിരവധി കുറ്റകൃത്യത്തില്‍ പ്രതികളായ കുറ്റവാളികളായ പത്തുപേര്‍ക്കൊപ്പമാണ് അധ്യാപകനെയും പോലീസ് കൊണ്ടുപോയത്. തന്റെ 25 വര്‍ഷത്തെ അധ്യാപന ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവമെന്നാണ് ഈ സംഭവത്തെക്കുറിച്ച് അധ്യാപകന്‍ പിന്നീട് പ്രതികരിച്ചത്. ബ്യൂറോയില്‍ നിന്നും അദ്ദേഹത്തെ ഉച്ചയോടെ റിയാദ് ഈസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും സന്ധ്യയോടെയാണ് അധ്യാപകന് ജാമ്യം ലഭിച്ചത്. കേസ് കോടതിയിലെത്തിയപ്പോള്‍ മെഡിക്കല്‍ പരിശോധനാറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അധ്യാപകന് 15 അടി ശിക്ഷയും മേലില്‍ ഇങ്ങനെ ആവര്‍ത്തിക്കില്ലെന്ന ദൃഢപ്രതിജ്ഞ ചെയ്യാനുമാണ് വിധിച്ചത്. എന്നാല്‍ ഗുരു എന്ന നിലയില്‍ ശിക്ഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാനുള്ള അവകാശം മതപരമായും നിയമപരമായും തനിക്കുണ്ടെന്ന് അധ്യാപകന്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ നേരത്തേ പുറപ്പെടുവിച്ച വിധി ജഡ്ജി തിരുത്തുകയും ശിക്ഷ പ്രതിജ്ഞയില്‍ ഒതുക്കുകയും ചെയ്തു.
കുട്ടിക്കുറുമ്പുകളുമായി എത്തിയ കുട്ടിക്കൂട്ടങ്ങള്‍ക്ക് മുന്നില്‍ അധ്യാപകനിന്ന് നിസഹായനാണ്. ശാരീരികശിക്ഷ നല്‍കാനൊന്നും ഇപ്പോള്‍ അധ്യാപകന് അനുവാദമില്ല. 2006ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 17-ാം ചട്ടപ്രകാരം ഒരു കുട്ടിയെപ്പോലും ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുതെന്ന് പ്രത്യേകം നിഷ്‌കര്‍ച്ചിട്ടുണ്ട്. സ്‌കൂളില്‍ കുട്ടികളെ തല്ലുകയോ മാനസികമായി ശിക്ഷിക്കുകയോ ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കുവാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യുവാനുമാണ് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷന്‍ (എന്‍.സി. പി.സി.ആര്‍)അടുത്തകാലത്ത് ശിപാര്‍ശ ചെയ്തതത്.

സ്വര്‍ണ്ണം അതിന്റെ ശോഭയില്‍ വെട്ടിത്തിളങ്ങുന്നത് അഗ്നിയിലൂടെ ശോധന ചെയ്താണെന്ന് നമ്മുക്കറിയാം. ഇരുമ്പ് തീയിലിട്ട് പഴുത്ത് കഴിയുമ്പോള്‍ അത് തല്ലിപ്പരത്തി ആഗ്രഹിക്കുന്ന രീതിയില്‍ പണിയായുധങ്ങളുണ്ടാക്കാന്‍ കൊല്ലന് കഴിയുന്നു. ഇതുപോലെ ദുഃശീലങ്ങളില്‍ നിന്നും അധാര്‍മ്മികതയില്‍ നിന്നും ജീവിതവിജയം നേടിത്തരാന്‍ ശരിയായ ശിക്ഷണമാണ് കുട്ടികളെ സഹായിക്കുന്നത്. കുട്ടികളുടെ മനസിനെ നോവിക്കാതെ നല്‍കുന്ന ശിക്ഷണം അവരെ ശരിയായ ജീവിത ദര്‍ശനത്തിലേക്ക് നയിക്കും. മാതാപിതാക്കളോടും സമൂഹത്തോടും ഗുരുഭൂതന്മാരോടും അനുസരണയും വിധേയത്വവും കുട്ടികളില്‍ സൃഷ്ടിക്കും.
അണുകുടുംബത്തില്‍ വളരുന്ന കുട്ടികള്‍ അമിതസ്വാതന്ത്ര്യത്തിലും ലാളനയിലുമാണ് ഇന്ന് വളര്‍ന്ന് വരുന്നത്. അതുകൊണ്ട് അവര്‍ കാട്ടുന്ന കുട്ടിക്കുറുമ്പുകള്‍ മാതാപിതാക്കള്‍ നിസാരമായിട്ടാകും കാണുന്നത്. ഇത്തരം പത്തും മുപ്പതും കുസൃതിക്കുടുക്കകള്‍ നിറയുന്ന ക്ലാസ് റൂമുകള്‍ നിയന്ത്രിക്കാന്‍ അധ്യാപകന് പാടുപെടേണ്ടിവരും. ശിക്ഷിക്കുകയോ ശകാരിക്കുകയോ ചെയ്യുന്നവരോട് ഉള്ളില്‍ വിരോധം സൂക്ഷിക്കുന്ന രീതിയാണ് ഇക്കാലഘട്ടത്തിന്റെ ഒരു പ്രത്യേകത. അതുകൊണ്ട് ശാസനയും ശിക്ഷണവും നിഷേധാത്മക മനസോടെയല്ല, ക്രിയാത്മകതയോടെ ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

ചില അധ്യാപകര്‍ കുഞ്ഞുങ്ങളോട് ക്രൂരമായി ശിക്ഷിക്കുന്നുണ്ടെന്ന കാര്യം മറക്കുന്നില്ല. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളില്‍ ഉലച്ചിലുകള്‍ സൃഷ്ടിക്കാന്‍ കാരണവും ഇതാണ്. ഒന്നോ രണ്ടോ വര്‍ഷം മുമ്പുണ്ടായ ചില സംഭവങ്ങളാണ് അതിന് കാരണം. ഡല്‍ഹി മുനിസിപ്പല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പാഠ്യവിഷയം ശരിയായി പഠിച്ചില്ലെന്ന കാരണത്താല്‍ ഇരുകരങ്ങളിലും ചുടുകട്ടയേന്തി സ്‌കൂള്‍ മുറ്റത്ത് നില്‍ക്കാനാണ് അധ്യാപികയുടെ കല്പന. പൊരിവെയിലില്‍ ഇഷ്ടികയേന്തി നിന്ന ഈ വിദ്യാര്‍ത്ഥിനി രണ്ടു ദിവസത്തിനുശേഷം പനിപിടിച്ച് മരണമടഞ്ഞു. ബംഗാളിലെ ബര്‍ദാന്‍ അനില്‍ ഗോള്‍ഡ് സ്‌കൂളിലെ 11 കാരിക്ക് ദേശീയഗാനം പഠിക്കാതെ വന്നതിന്റെ പേരില്‍ ടീച്ചറില്‍ നിന്നും ഡസ്റ്റര്‍കൊണ്ടുള്ള അടിയേല്‍ക്കേണ്ടി വന്നു. മോഹാലാസ്യപ്പെട്ട് തറയില്‍ വീണ ആ കുട്ടി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഉണ്ടായ ഇത്തരം ചില സംഭവങ്ങളാണ് നാടെങ്ങും അധ്യാപകരുടെ ശിക്ഷാരീതി വിലയിരുത്തപ്പടുന്നതിന് കാരണമായത്. ശിക്ഷാരീതിയെ എതിര്‍ത്തുകൊണ്ട് മാധ്യമങ്ങളില്‍ വാര്‍ത്തകളും വിമര്‍ശനങ്ങളും വരാന്‍ തുടങ്ങി. ശരിയായ ശിക്ഷണം നല്‍കി കുട്ടികളെ നേര്‍വഴിയിലേക്ക് നയിച്ചുകൊണ്ടിരുന്ന അധ്യാപകര്‍ക്ക് പോലും അതോടെ ആ സ്വാതന്ത്യം നഷ്ടപ്പെട്ടു.

മൂന്നോ നാലോ പതിറ്റാണ്ടുമുമ്പും ഇവിടെ അധ്യാപകരും ശിക്ഷയുമുണ്ടായിരുന്നില്ലേ? അധ്യാപകര്‍ കുട്ടികളെ ശിക്ഷിക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്തു. പഴയതലമുറ ഇന്നും ബഹുമാനപൂര്‍വ്വം ഓര്‍ക്കുന്ന വ്യക്തികളില്‍ പ്രഥമസ്ഥാനം അവരുടെ അധ്യാപകരായിരിക്കും.

ഉചിതമായ വാക്കുകളും മാതൃകാപരമായ പെരുമാറ്റവും കുട്ടിയുടെ ജീവിതത്തില്‍ സമഗ്രമായ മാറ്റംവരുത്തും. കുട്ടികളെ നന്മയുടെ വഴി കാട്ടുന്ന അധ്യാപകരുടെ ജീവിതവും മാതൃകാപരമായിരിക്കണമെന്ന് മാത്രം. ശകാരവും ശിക്ഷണവും നല്‍കും മുമ്പ് കുട്ടികളുടെ പരാതികളും നൊമ്പരങ്ങളും കേള്‍ക്കാന്‍ അധ്യാപകര്‍ ഏത് തിരക്കിലും മനസുകാണിക്കണം. തെറ്റുകള്‍ ശരിയായ വിധത്തില്‍ അവരെ ബോധ്യപ്പെടുത്തുക. ഒപ്പം അവരുടെ കഴിവുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുക;ഇങ്ങനെയുള്ള സ്‌നേഹശിക്ഷകളിലൂടെ കുട്ടികളുടെ ജീവിതത്തെ ഉടച്ച് വാര്‍ത്തെടുക്കാന്‍ കഴിയും.

Leave A Reply

Your email address will not be published.