ബസിൽ വെച്ച് ബോധരഹിതായ സ്‌ത്രീക്ക് കെ എസ് ആർ ടി സി ബസ് ആംബുലൻസ് ആയി. ആലപ്പുഴ കായംകുളത്താണ് ഗതാഗതകുരുക്ക് മറികടന്ന ബസ് ആശുപത്രിയിലേക്ക് പാഞ്ഞത്.
ദേശീയ പാതയിൽ കരുനാഗപ്പള്ളി മുതൽ കായംകുളം വരെ ഓച്ചിറ കെട്ട് കാഴ്ച്ച നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ശക്തമാക്കിയിരുന്നു. ഈ നേരത്താണ് കെ എസ് ആർ ടി സി ബസിൽ ശക്തികുളങ്ങര സ്വദേശിനി സുധാംബിക കുഴഞ്ഞു വീണത്. ഇടറോഡിലൂടെ ഡ്രൈവർ കെ . എസ് ജയൻ ബസുമായി പാഞ്ഞു. കണ്ടക്ടർ പി.എസ് സന്തോഷ് രോഗിക്ക് വേണ്ട ശുശ്രുഷകൾ നൽകി, കൂടെ സഹയാത്രികരും.
ചീറിപാഞ്ഞുവരുന്ന ബസ് കണ്ട് മറ്റ് വാഹനക്കാർ അസഭ്യ വാക്കുകൾ പറഞ്ഞെങ്കിലും ഇതൊന്നും വകവെക്കാതെയാണ് ഡ്രൈവർ രോഗിയുമായി പാഞ്ഞത്. ശിവഗിരിയിൽ നിന്നും കോട്ടയത്തിനു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് സുധാംബികയ്ക്ക് മുന്നിൽ ജീവൻ രക്ഷിച്ച ആംബുലൻസ് ആയി മാറിയത്.