സമൂഹ മാധ്യമങ്ങളുടെ സ്വാധീനം അതിരുകവിഞ്ഞുനില്‍ക്കുന്ന ഈ കാലത്ത് വിഭിന്നങ്ങളായ ചര്‍ച്ചകള്‍ പതിവായി അരങ്ങേറുന്നുവെങ്കിലും ‘ആരാണ് ചികിത്സകര്‍’ അഥവാ, ‘എന്താണ് ഇന്നത്തെ സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം’ എന്നീ ചോദ്യങ്ങള്‍ക്ക് നമുക്ക് വ്യക്തമായ ഉത്തരമുണ്ട്. ഏറ്റവും വേദന നിറഞ്ഞതും, ഭീതിദവുമായ നിമിഷങ്ങളില്‍ കണ്ണും പൂട്ടി സമാധാനിക്കാന്‍ കാരണക്കാരായ ചില വെളുത്ത വസ്ത്രധാരികള്‍ നമ്മുടെ ജീവിതത്തെ അത്രമേല്‍ സ്വാധീനിച്ചിട്ടുണ്ടാവും എന്ന് തീര്‍ച്ച. ഊണും ഉറക്കവുമില്ലാതെ, സ്വന്തം ജീവനില്‍ പോലും ഭയമില്ലാതെ അനേകായിരങ്ങള്‍ക്ക് വേണ്ടി ജീവിതം നീക്കിവച്ചിട്ടുള്ള ചിലരെയെങ്കിലും നാമോരോരുത്തരും കണ്ടുമുട്ടിയിട്ടുമുണ്ടാവും. ഇത്തരം ചില മുഖങ്ങളെ കൂടി ധ്യാനിച്ചിട്ടുവേണം ഇന്ന് അവര്‍ അഭിമുഖീകരിക്കുന്ന വലിയ ഒരു വെല്ലുവിളിയെ നാം സമീപിക്കാന്‍.
കൊല്‍ക്കത്ത എന്‍ആര്‍എസ് (Nilratan Sircar Medical College) ഹോസ്പിറ്റലില്‍ കഴിഞ്ഞ തിങ്കളാഴ്ച (June 10) അരങ്ങേറിയ ദാരുണമായ അക്രമസംഭവം ഒറ്റപ്പെട്ടതും, ക്ഷമിച്ചു പൊറുക്കേണ്ടതുമാണ് എന്ന വാദങ്ങള്‍ പ്രബലമാണ്. കാരണം, മരണാസന്നരും ഗുരുതരാവസ്ഥയിലുള്ളവരുമായ അനേകായിരം രോഗികളുടെ ജീവന്‍ അവരുടെ ഉത്തരവാദിത്തമാണ്. ഒരു ദിവസം സേവനത്തില്‍ നിന്ന് വിട്ടുനിന്നാല്‍ ഭീഷണിയിലാകുന്നത് അനേകം ജീവനുകളായിരിക്കാം. വളരെ ശരിയാണ്. എന്നാല്‍, കൊല്‍ക്കത്തയില്‍ നടന്ന ദുരനുഭവത്തിന് ഏറെയൊന്നും ഇനിയും ചര്‍ച്ച ചെയ്യപ്പെടാത്ത അതീവ ഗുരുതരമായ ഒരു മറുപുറമുണ്ട്.
എന്‍ആര്‍എസ് ഹോസ്പിറ്റലില്‍ നടന്നത്
ബ്രെയിന്‍ ട്യൂമര്‍ മൂലം ചികിത്സയിലായിരുന്ന മുഹമ്മദ് ഷാഹിദ് എന്ന എണ്‍പത്തഞ്ച് വയസുകാരനായ രോഗി തിങ്കാളാഴ്ച വൈകിട്ട് മരിക്കുന്നു. തുടര്‍ന്ന്, വെളുപ്പിന് രണ്ടുമണിയോടെ രണ്ട് വലിയ വാഹനങ്ങളിലായി ഹോസ്പിറ്റല്‍ പരിസരത്തേയ്ക്ക് എത്തിയ ഇരുനൂറോളം പേര്‍ വരുന്ന അക്രമിസംഘം കണ്ണില്‍ കണ്ടവര്‍ക്കെല്ലാം നേരെ കിരാതമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഡോക്ടര്‍മാരുടെ അശ്രദ്ധയും ചികിത്സയിലെ പിഴവുകളുമായിരുന്നു വൃദ്ധനായ രോഗിയുടെ മരണകാരണം എന്നാരോപിച്ചായിരുന്നു ആക്രമണം. രണ്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. അവർക്ക് നേരെ നടന്ന അക്രമം കൊലപാതക ശ്രമം തന്നെയായിരുന്നു.
ഒരാള്‍ക്ക് നട്ടെല്ലിനും, വാരിയെല്ലുകള്‍ക്കും പരിക്കേല്‍ക്കുകയും, സ്പൈനല്‍ കോഡിന് ക്ഷതമേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍, എന്‍ആര്‍എസ് മെഡിക്കല്‍കോളേജ് ഹോസ്പിറ്റലില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നു. രണ്ടാമത്തെ ഡോക്ടറുടെ തലയ്ക്ക് ഏറ്റ പ്രഹരം നിമിത്തം തലയോട്ടിയുടെ മുന്‍ഭാഗത്ത് ഗുരുതരമായ പൊട്ടല്‍ വീണു. ഇപ്പോള്‍ കൊല്‍കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയന്‍സസില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥ തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
പശ്ചിമ ബംഗാളിലെ ചികിത്സാരംഗം സ്തംഭിച്ചിരിക്കുന്നു, അടിസ്ഥാന കാരണം ഭരണകൂടത്തിന് സംഭവിച്ച വീഴ്ച എന്ന് റിപ്പോര്‍ട്ടുകള്‍.
അക്രമത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ചികിത്സാരംഗം സ്തംഭിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചികിത്സാ മേഖലയില്‍ അപമാനകരമായ ഒരു അതിക്രമം സംഭവിച്ച സാഹചര്യത്തില്‍ അവരുടെ വികാരത്തെയും ആശങ്കയെയും അനുഭാവപൂര്‍വ്വം കാണുന്നതിന് പകരം, പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് കൂടുതല്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.
‘പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെടാറുണ്ടെങ്കിലും അതിന്റെ പേരില്‍ പോലീസുകാര്‍ സമരം നടത്താറില്ല, പിന്നെന്തിന് ഡോക്ടര്‍മാര്‍ സമരം ചെയ്യണം?’ എന്ന മമത ബാനര്‍ജിയുടെ ചോദ്യത്തിന് ഒരു ഡോക്ടര്‍ നല്‍കിയ മറുപടി വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ‘മാഡം, അങ്ങയുടെ അറിവിനെ മാനിച്ചുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കട്ടെ, പോലീസ് ഉദ്യോഗസ്ഥര്‍ പരിശീലിപ്പിക്കപ്പെടുന്നതും നിയോഗിക്കപ്പെടുന്നതും അക്രമകാരികളെയും, ക്രിമിനലുകളെയും നേരിടാന്‍ വേണ്ടിയാണ്. അതിനാവശ്യമായ സംവിധാനങ്ങളോടെ ആ കര്‍ത്തവ്യത്തില്‍ അവര്‍ ഏര്‍പ്പെടുന്നു. ദൌര്‍ഭാഗ്യവശാല്‍, അവര്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ രക്തസാക്ഷികളായി അറിയപ്പെടും. എന്നാല്‍, ഡോക്ടര്‍മാര്‍ പരിശീലിപ്പിക്കപ്പെടുന്നതും, നിയോഗിക്കപ്പെടുന്നതും രോഗങ്ങളോട് പൊരുതുവാനാണ്. മാരകമായ രോഗങ്ങളുമായുള്ള യുദ്ധത്തില്‍ അവര്‍ക്കും ജീവന്‍ നഷ്ടപ്പെടാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ രക്തസാക്ഷികളായി പരിഗണിക്കപ്പെട്ടില്ലെങ്കില്‍ പോലും സഹപ്രവര്‍ത്തകര്‍ സമരം ചെയ്യാറില്ല. എന്നാല്‍, ഗുണ്ടകളുമായി ഏറ്റുമുട്ടുക ഡോക്ടര്‍മാരുടെ ഡ്യൂട്ടിയല്ല. തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്യുന്നതിനാവശ്യമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയാത്തതിനാല്‍ മാത്രം ഇത്തരത്തിലൊന്ന് സംഭവിക്കാനിടയായത് സംസ്ഥാനത്തിന് സംഭവിച്ച വലിയ പരാജയമാണ്. ഇന്ത്യയിലെ പൗരന്മാര്‍ എന്ന നിലയില്‍ അത് ചോദ്യം ചെയ്യേണ്ടത് ഞങ്ങളുടെ അവകാശമാണ്.’
എന്‍ആര്‍എസ് ഹോസ്പിറ്റലില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പിന്നീടുള്ള ദിവസങ്ങളിലായി മറ്റു ചില ഹോസ്പിറ്റലുകള്‍ക്ക് നേരെയും പരക്കെ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്കും, ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും നേരെ റേപ്പ് ഭീഷണികളും, ആസിഡ് ആക്രമണം നടത്തുമെന്ന ഭീഷണികളും ഉയര്‍ത്തുകയും, ഡ്യൂട്ടിയ്‌ക്കെത്തിയ ചിലരെ കയ്യേറ്റം നടത്തുകയും, ആശുപത്രികള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. ബര്‍ദ്വാന്‍ മെഡിക്കല്‍കോളേജില്‍ പത്തോളം ഡോക്ടര്‍മാര്‍ക്ക് ഇതിനകം മര്‍ദ്ദനമേറ്റു. ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ ശാശ്വതമായ പരിഹാരം എത്രയും വേഗം ലഭിക്കണമെന്നത് രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമായി മാറിയിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇത്രമാത്രം വഷളായിട്ടും അക്രമികള്‍ക്കെതിരെ ശരിയായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നതിലാണ് ഡോക്ടര്‍മാരുടെ പ്രധാന പ്രതിഷേധം.
പശ്ചിമ ബംഗാളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവ പരമ്പരകളും, ആരോഗ്യരംഗത്തെ സ്തംഭനവും ഈ ആധുനിക ലോകത്തില്‍ ഒരിക്കലും സംഭവിച്ചുകൂടാത്തതാണ്. എന്നാല്‍, അവശ്യസേവന രംഗമായ ചികിത്സാമേഖലയില്‍ സുരക്ഷിതത്വബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്ക് മാത്രമാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കൊല്‍ക്കത്തയില്‍ നടന്ന അനിഷ്ടസംഭവങ്ങളെ തുടര്‍ന്നുള്ള സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് പശ്ചിമ ബംഗാളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര്‍ ഉള്‍പ്പെടെയുള്ള മുന്നൂറോളം ഡോക്ടര്‍മാര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസങ്ങളായി തുടരുന്ന പ്രതിഷേധം ഭാരതമെങ്ങും പടരുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്.
രാജ്യത്തിലെ ചികിത്സകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിങ്കളാഴ്ച രാജ്യവ്യാപകമായ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തേയ്ക്ക് ദേശീയ തലത്തില്‍ പ്രതിഷേധം ശക്തമാക്കുവാനും നിര്‍ദ്ദേശിച്ചിരുന്നു. ഒപികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ട് തിങ്കളാഴ്ച പ്രതിഷേധിക്കും എന്ന് കേരളത്തിലെ ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ പ്രധാന ആശുപത്രികളായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍ തുടങ്ങിയവയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും എന്ന് അറിയിച്ചിരിക്കുന്നു. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കയ്യേറ്റങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി നിയമ നിര്‍മ്മാണം നടത്തുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ആവശ്യപ്പെടും എന്ന് ഐഎംഎ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തിനെതിരെ കേന്ദ്രം, സംഭവം ഗുരുതരം.
ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ ഒരു സാഹചര്യം സൃഷ്ടിച്ചത് സംസ്ഥാന ഭരണകൂടത്തിന്റെ അനാരോഗ്യകരമായ നിലപാടുകളാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ആരോപിച്ചു. ഇതൊരു അഭിമാന പ്രശ്നമായി കാണരുത് എന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയുമുണ്ടായി. ‘അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം, അവര്‍, ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. അതാണ് പശ്ചിമ ബംഗാളില്‍ മാത്രമല്ല, രാജ്യം മുഴുവനുമുള്ള ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചത്’ എന്നായിരുന്നു ഡോ. ഹര്‍ഷവര്‍ദ്ധന്റെ വാക്കുകള്‍.
രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നേരിടുന്ന സുരക്ഷാ പ്രതിസന്ധികളെക്കുറിച്ചുള്ള ഒരു പൊതുതാല്‍പ്പര്യഹര്‍ജ്ജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. സമാനമായ മറ്റൊരു കേസില്‍, ഏഴു ദിവസത്തിനുള്ളില്‍ ഡോക്ടര്‍മാരുടെ പരാതി പരിഗണിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരു സംസ്ഥാനത്തെ തൊണ്ണൂറുശതമാനം വരുന്ന ഡോക്ടര്‍മാര്‍ ഒറ്റക്കെട്ടായി പ്രതിഷേധത്തിന്റെ സ്വരവുമായി മുന്നോട്ടു വന്നിരിക്കുന്നത് സമീപകാല അനുഭവങ്ങളില്‍ പതിവില്ലാത്ത ഒന്നാണ്. മാത്രമല്ല രാജ്യത്തെ മുഴുവൻ ചികിത്സകരും, മെഡിക്കൽ വിദ്യാർത്ഥികളും അവർക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ഈ സംഭവം നിസാരമല്ല എന്നതാണ് ഇത്തരമൊരു കടുത്ത തീരുമാനം സ്വീകരിക്കാന്‍ ആയിരക്കണക്കിനായ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചിരിക്കുന്നത്. ചികിത്സാ മേഖലയില്‍ ചികിത്സകര്‍ നേരിടുന്ന അരക്ഷിതാവസ്ഥയും ഭീഷണികളും നിസാരമായി തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവര്‍ത്തകളും, ദുഷ്ടലാക്കോടെയുള്ള സന്ദേശങ്ങളും ഇടതടവില്ലാതെ പ്രചരിക്കുന്ന ഈ കാലത്ത് ഇതുപോലൊരു കലാപം ഗൂഡലക്ഷ്യങ്ങളോടെ സൃഷ്ടിക്കപ്പെടുക വളരെ എളുപ്പമാണ്. കൊല്‍ക്കത്തയില്‍ നടന്ന അതിക്രമത്തിന് പിന്നിലും ഇത്തരം ചില സ്വാധീനങ്ങള്‍ ഉണ്ട് എന്നുള്ളതിന് സൂചനകളുണ്ട്. ചെറുതും വലുതുമായ വിദ്വേഷ പ്രചരണങ്ങള്‍ ചെറുതല്ലാത്തതും വ്യാപകവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിവിധ സര്‍ക്കാരുകള്‍ ഈ വിഷയം കൂടുതല്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.
ഭാരതത്തിന്റെ ചികിത്സാരംഗത്തെ ഇന്നത്തെ ചില വെല്ലുവിളികളെ ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു
ഇന്നത്തെ സമൂഹമാധ്യമങ്ങളുടെ ദുഃസ്വാധീനം, തങ്ങളുടെ അല്‍പ്പജ്ഞാനം അന്തിമമാണ് എന്ന അബദ്ധധാരണയിലേയ്ക്ക് അനേകരെ കൊണ്ടെത്തിക്കുന്നുണ്ട്. വാസ്തവത്തെക്കുറിച്ചുള്ള വേണ്ടത്ര ബോധ്യമില്ലായ്മയും, ഡോക്ടര്‍ക്കും ഹോസ്പിറ്റലിനും ചെയ്യാന്‍ കഴിയുന്നതിന്റെ പരിധിയെക്കുറിച്ചുള്ള അജ്ഞതയും വ്യാപകമാണ്. അതിനാല്‍ തന്നെ, വേണ്ടത്ര വ്യക്തതയില്ലാത്ത സാഹചര്യങ്ങളിലും ‘ചികില്‍സാപ്പിഴവ്’ എന്ന ആരോപണം ഉന്നയിക്കപ്പെടുന്നു.
പ്രകോപിതരായാല്‍ നിയമം കയ്യിലെടുക്കാനുള്ള അറപ്പില്ലായ്മ മറ്റൊരു ഭീഷണിയാണ്. ഡോക്ടര്‍ക്ക് പിഴവ് പറ്റിയിട്ടുണ്ട് എന്ന സംശയം ഉന്നയിക്കപ്പെടുന്ന നിമിഷം തന്നെ രോഗിയുടെ പക്ഷത്തുള്ളവര്‍ പ്രകോപിതരാവുകയും നിയമം കയ്യിലെടുക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ വിരളമല്ല. നേരിട്ടും, സോഷ്യല്‍ മീഡിയ വഴിയും കടുത്ത ആക്രമണങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ഹോസ്പിറ്റലുകളില്‍ ഇത്തരമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പലപ്പോഴും മദ്യപിച്ചെത്തുന്ന കൂട്ടിരിപ്പുകാര്‍ ആണ് എന്നതാണ് വാസ്തവം. അത്തരക്കാര്‍ക്ക്, സാഹചര്യങ്ങള്‍ ശരിയായി വിലയിരുത്തുവാനോ, ആത്മസംയമനം പാലിക്കുവാനോ കഴിയാത്തത് മൂലം പെട്ടെന്നുള്ള ആക്രമണങ്ങള്‍ അരങ്ങേറുന്നു.
ആവശ്യമായ സുരക്ഷാസംവിധാനങ്ങളുടെ അഭാവം മറ്റൊരു ഭീഷണിയാണ്. ഗൂഡമായ ലക്ഷ്യങ്ങള്‍ കൊണ്ടുപോലും ഒരു ആക്രമണം അഴിച്ചുവിടാന്‍ തക്കവിധത്തില്‍ ദുര്‍ബ്ബലമാണ് ഇന്ത്യയിലെ മിക്കവാറും ആശുപത്രികളുടെയും സുരക്ഷാസംവിധാനങ്ങളുടെ അവസ്ഥ. പ്രത്യേകിച്ച് മെഡിക്കല്‍കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പലതിലും ആര്‍ക്കും ഏതുസമയവും കയറിചെല്ലാനും ഡോക്ടറെയോ സ്റ്റാഫിനെയോ കയ്യേറ്റം ചെയ്യാനും കഴിയുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ട്.
ഇപ്പോഴത്തെ സാമൂഹികസാഹചര്യത്തില്‍ വളരെ ഗുരുതരമായ ഭീഷണികളെ നേരിടുന്ന ആരോഗ്യരംഗത്ത് ഫലപ്രദമായ ഇടപെടലുകള്‍ നടത്തുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണം എന്ന ആവശ്യമാണ് രാജ്യത്തിലെ വലിയ സമൂഹം ഡോക്ടര്‍മാര്‍ക്കും അവരുടെ സംഘടനയ്ക്കുമുള്ളത്. പ്രത്യേകിച്ച്, കൊല്‍ക്കത്തയില്‍ ഉണ്ടായ പ്രശ്നത്തിന് മാതൃകാപരമായ പരിഹാര നടപടികള്‍ സ്വീകരിക്കുവാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒപ്പം, മാധ്യമങ്ങളും, പൊതുസമൂഹവും സാഹചര്യത്തിന്റെ സങ്കീര്‍ണ്ണത മനസിലാക്കി പ്രശ്നപരിഹാരത്തിന് സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.