Voice of Truth

രാഷ്ട്രീയക്കാരിയായ ഖമറുന്നീസ അന്‍വറിന് ആരും കാണാത്ത മറ്റൊരു മുഖമുണ്ട്..


മലപ്പുറത്തെ തിരൂരില്‍ എത്തിയാല്‍ സ്‌നേഹവീട് എവിടെയാണെന്ന് ചോദിച്ചാല്‍ ആരും ചൂണ്ടിക്കാട്ടിതരും സ്‌നേഹം നിറച്ചൊരു വീട്. സനേഹവീട്. മുന്‍ സാമൂഹ്യ ക്ഷേമവകുപ്പ് അധ്യക്ഷയായ ഡോ.ഖമറുന്നീസ അന്‍വറാണ് ഇവിടെ നിരാലംബരായ 15 ഓളം സ്ത്രീകളെ സംരക്ഷിക്കുന്നത്. ഭര്‍ത്താവ് ഡോ. അന്‍വറും മക്കളുമെല്ലാം എല്ലാ പിന്തുണയും നല്‍കുന്നു.

ഹജ്ജ് പെരുന്നാള്‍ പ്രമാണിച്ച് ഒരിക്കല്‍ മക്കളാരും കൂടെയില്ലാത്തൊരു പ്രഭാതം. മക്കളാരും കൂടെയില്ലാത്ത പെരുന്നാള്‍ അവര്‍ക്ക് വലിയ വിഷമകരമായി തോന്നി. എല്ലായിടത്തും മക്കളൊടൊപ്പം പെരുന്നാളാഘോഷം തിമര്‍ക്കുമ്പോഴാണ് പത്തുനൂറോളം നാടോടികള്‍ വീടിന് മുന്നിലുള്ള മൈതാനത്ത് വന്ന് കൂടാരമടിക്കുന്നത് ഖമറുന്നീസ കാണുന്നത്. എവിടെനിന്നോ വന്ന് എവിടേക്കോ പോകുന്നവര്‍. ആഘോഷവും ആര്‍പ്പുവിളികളൊന്നിമില്ലാത്തവര്‍. ഒരു നിമിഷം വിത്യസ്തമായൊരു ചിന്ത അവര്‍ക്ക് തോന്നി. കാര്യം ഭര്‍ത്താവിനോടും പറഞ്ഞു. അദേഹത്തിനും സന്തോഷം. അങ്ങനെ അവര്‍ക്കുവേണ്ടി ബിരിയാണി ഒരുക്കി ഖമറുന്നീസ. വിരുന്നൊരുക്കി വിളിച്ചപ്പോള്‍ ആ നാടോടികള്‍ ഞെട്ടിപ്പോയി. കാരണം അങ്ങനെ ഒരാളും അവരെ വിളിച്ചിട്ടില്ല. കല്യാണമോ ആഘോഷമോ എവിടെയങ്കിലും നടക്കുമ്പോള്‍ എല്ലാവരും ഭക്ഷിച്ചതിനുശേഷം മിച്ചം വരുന്നതു തന്നെ യാചിച്ച് വാങ്ങിയാണ് അവര്‍ കഴിക്കാറുള്ളത്. അതും വീട്ടിലൊന്നുമായിരിക്കില്ല അവര്‍ വിളമ്പുന്നതും. ഇതൊക്കെയോര്‍ത്തപ്പോള്‍ അവര്‍ ഖമറുന്നീസയുടെ വാക്കുകള്‍ കേട്ട് ഒന്ന് പതറി. എങ്കിലും സ്‌നേഹത്തോടെയും ആദരവോടെയുമുള്ള ആ വിളികേട്ട് അവര്‍ എത്തി. വിശന്ന വയറുമായി എത്തിയ സ്ത്രീകളും കുട്ടികളും ആവോളം വാങ്ങി കഴിച്ചു. ഏറെ സന്തോഷത്തോടെയാണ് മടങ്ങിയത്. ഇത് അവരുടെ ജീവിതത്തില്‍ മറക്കാനാവാത്തൊരു ഓര്‍മ്മയായി. സാധുക്കള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും അതോടെ ശക്തമായി തുടങ്ങി.

ഡല്‍ഹിയില്‍ കേന്ദ്ര സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യമലയാളി വനിതയായിരുന്നു ഖമറുന്നീസ. ഒരു സമ്മേളനത്തിനുവേണ്ടി പോകുന്ന വഴിക്കാണ് നൂറുകണക്കിനാളുകള്‍ ഒരു ഹോട്ടലിന് മുന്നില്‍ കുത്തിയിരിക്കുന്ന കാഴ്ച ഖമറുന്നീസ കാണുന്നത്. എപ്പേഴെങ്കിലും ഹോട്ടലില്‍ നിന്നും കിട്ടുമെന്ന് കരുതുന്ന ഭക്ഷണത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ആ സാധുക്കള്‍. ഞാന്‍ കുറെനേരം ആ കാഴ്ച നോക്കി വേദനയോടെ നിന്നു. ഇവരെക്കുറിച്ച് മാത്രമല്ല, ഇവരുടെ കുടുംബത്തിന്റെ വിശപ്പും എന്റെ മനസില്‍ തെളിഞ്ഞുവന്നു. മടക്കയാത്രയില്‍ ഒരു നേരം ഭക്ഷണമില്ലാതെ ക്ലേശിക്കുന്നവരുടെ നൊമ്പരത്തിന് ഒരു പരിഹാരമെന്തെന്നായിരുന്നു ചിന്ത. സ്‌നേഹവീടിന് കളമൊരുങ്ങുന്നത് അങ്ങനെയാണ്.

തുടങ്ങുമ്പോള്‍ നാലുപേരാണ് ഉണ്ടായിരുന്നത്. മഞ്ചേരിയില്‍ ഇതേപേരില്‍ കുറച്ച് പേര്‍ നടത്തിവന്നൊരു സംരംഭമാണിത്. അവര്‍ക്കത് നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണന്നും ഇവിടെയുളള നാലു സ്ത്രീകളെ എവിടെക്കൊണ്ടുപോയി ആക്കണമെന്ന് അറിയില്ലെന്നും അവര്‍ പറയുന്നതായി കേട്ടു. അപ്പോള്‍ ഞാന്‍ അവരെ ബന്ധപ്പെട്ടു. എന്റെ വീട്ടിലേക്ക് കൊണ്ടുപോരാന്‍ ഞാന്‍ അവരോട് നിര്‍ദേശിച്ചു. അങ്ങനെ അവരെ നാലുപേരെയും എന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. അങ്ങനെയാണ് തുടക്കം. ഉറ്റവരാരുമില്ലാത്തവരും ജന്മാ തന്നെ രോഗികളുമായിരുന്നു ഈ സ്ത്രീകളെല്ലാം. ഏഴുവര്‍ഷം മുമ്പ് തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇതിനോടകം 81 സ്ത്രീകളെ സംരക്ഷിക്കാന്‍ സാധിച്ചു. പലരും ജീവിതസായാഹ്നത്തിലും രോഗത്തിന്റെ മൂര്‍ധന്യാവസ്ഥിയിലുമാണ് എത്തിയത്. ആരെയും കയ്യൊഴിഞ്ഞില്ല. ഇപ്പോഴിവിടെ 15 സ്ത്രീകളുണ്ട്. ഇക്കാലങ്ങളില്‍ 13 പേര്‍ മരണമടഞ്ഞു. ചിലര്‍ വാര്‍ധക്യത്തിന്റെ അവശതയിലും മറ്റു ചിലര്‍ ഇവിടെനിന്ന് പോയതിനുശേഷവുമാണ് മരണമടഞ്ഞത്.

തിരുരിലെ എം.എല്‍.എ ആയിരുന്ന മമ്മുക്ക സ്‌നേഹവീടിന്റെ ഉദ്ഘാടനവേദിയില്‍ പറഞ്ഞു.”നിരാലംബരെ സരംക്ഷിക്കുന്ന ഇത്തരമൊരു സ്ഥാപനത്തിനുവേണ്ടി എന്തൊക്കെയാണോ സര്‍ക്കാര്‍ തലത്തില്‍ നിന്നും കിട്ടുന്നത്, അതെല്ലാം ഇതിനായി വാങ്ങിത്തരാമെന്ന്..” നന്ദി പറയുന്ന വേളയില്‍ ഞാന്‍ പറഞ്ഞു. ”മമ്മുക്ക സര്‍ക്കാരില്‍ നിന്നും ഗ്രാന്റോ മറ്റോ കിട്ടാന്‍ വേണ്ടിയല്ല ഞാനിത് തുടങ്ങിയത്. ദൈവത്തില്‍ നിന്നുള്ള അനുഗ്രഹം മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. ഇതുവരെ ആരോടും ഒന്നും ചോദിച്ചിട്ടില്ല. പക്ഷേ ഇന്നുവരെ ഒരു കാര്യത്തിനും ഒരുമുടക്കവുമില്ലാതെ നടന്നുപോകുന്നു, അത് എനിക്ക് തന്നെ ഒരു അത്ഭുതമാണ്. ആദ്യകാലത്ത് എന്റെ ഭര്‍ത്താവും എന്നോട് ചോദിച്ചു. ”ഇതിന്റെ ചെലവൊക്കെ എങ്ങനെ ഒത്തുപോകുമെന്ന്?” എനിക്കറിയില്ല എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. പിന്തിരിഞ്ഞ് നോക്കുമ്പോള്‍ അത്ഭുതമാണ് കാണുന്നത്. ഈ പാവങ്ങള്‍ക്കാവശ്യമായ ഓരോ കാര്യങ്ങളും സമയാസമയങ്ങളില്‍ ക്രമീകരിക്കപ്പെടുന്നു. ഈയിടെ ദുബായില്‍ നിന്നാണ് 15 നല്ല ബെഡ്ഷീറ്റുകള്‍ കിട്ടി. ഭക്ഷണകാര്യത്തില്‍ ഇന്നുവരെ ഒരുക്ലേശവും ഉണ്ടായിട്ടില്ല. സമയാസമയങ്ങളില്‍ ആരെങ്കിലും നല്ല ഭക്ഷണം കൊണ്ടുവന്നുതരും.

സ്ഥാപനം നല്ല നിലയില്‍ പോകുമ്പോഴും ചില പ്രതിസന്ധികളും ഞങ്ങളെ തേടിയെത്താറുണ്ട്. പക്ഷേ അതൊന്നും ഒരു പ്രതിസന്ധിയായി ഇന്നുവരെ തോന്നിയിട്ടില്ല.
കഴിഞ്ഞ കൊല്ലത്തെ വിഷുവിന് പ്രായമായൊരു സ്ത്രീ ഇവിടെവെച്ച് രോഗബാധിതയായി. ഞങ്ങള്‍ അവരെ ആശുപത്രിയില്‍ കൊണ്ടുപോയി വേണ്ട ചികിത്സകളെല്ലാം നടത്തി. അപ്പോഴെല്ലാം ആ അമ്മ പറയുന്നുണ്ടായിരുന്നു, എനിക്ക് വീട്ടില്‍പോകണം. മകന്റെ കൂടെ വിഷു കൂടണം എന്നെല്ലാം. ഇനി ഞാനധികം ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നതെല്ലാം. അവരുടെ ഇഷ്ടമനുസരിച്ച് ഞാന്‍ അവരെ വീട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ഏതാനും ദിവസത്തിനുശേഷം അവര്‍ കുടുംബത്തൊടൊപ്പം എന്നെ കാണാന്‍ വന്നു. മകനും മകന്റെ ഭര്യയുമെല്ലാമുണ്ട്. മകന്‍ എന്നോട് ചോദിച്ചു, ”അമ്മയുടെ പേരില്‍ രണ്ട് ലക്ഷം രൂപയുണ്ടെന്ന് കേട്ടു. അതുവാങ്ങാന്‍ വേണ്ടിയാണ് അവന്ഡ വന്നതെന്ന്…”

സ്ഥാപനം തുടങ്ങിയപ്പോള്‍ ആരോ കൊണ്ടുവന്ന് ഇവിടെയാക്കിയതാണ് ഈ അമ്മയെ. ഇതിനോടകം പലതവണ ഈ അമ്മ രോഗബാധിതയായപ്പോള്‍ മകനുണ്ടെന്ന് അറിഞ്ഞ് അവനെ അറിയിച്ചിരുന്നു. എന്നാല്‍ അന്നൊന്നും ഒന്നു ഫോണ്‍ പോലും വിളിച്ച് അമ്മയുടെ കാര്യത്തെക്കുറിച്ച് തിരക്കാത്ത മകനാണ് ഇപ്പോള്‍ വലിയ സ്‌നേഹവും സൗഹൃദവും ഭാവിച്ച് അമ്മക്കുവേണ്ടി വാദിക്കാനെത്തിയിരിക്കുന്നത്. അവരുടെ സ്വാര്‍ത്ഥമനസ് കണ്ടപ്പോള്‍ എനിക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അല്പം രോഷത്തോടെ ഞാന്‍ പറഞ്ഞു. ”രണ്ടുലക്ഷമല്ല, മൂന്ന് ലക്ഷമുണ്ട് നിങ്ങളുടെ അമ്മക്ക്. ഇവര്‍ക്ക് കിട്ടിയ പെന്‍ഷനും മറ്റുമാണത്. അമ്മയുടെ പേരില്‍ തന്നെ അടുത്തുള്ളൊരു ബാങ്കില്‍ ഞാനത് നിക്ഷേപിച്ചിട്ടുണ്ട്. ”

മകനുവലിയ സന്തോഷമായി. എന്നാല്‍ അപ്പോള്‍ മുതല്‍ മകന് അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ബന്ധമായി. അമ്മയെ പൊന്നുപോലെ ഇനി നോക്കുമെന്നും മരുന്നോ മറ്റോ എന്താവശ്യമുണ്ടെങ്കിലും അതെല്ലാം നിറവേറ്റുമെന്നും അവന്‍ പറഞ്ഞുകൊണ്ടിരുന്നു. മകന്‍ സംരക്ഷിക്കുമെങ്കില്‍ നല്ലത്. അതാണല്ലോ നമ്മുക്കും ഉറപ്പ്. അങ്ങനെ അമ്മയെ, മകനൊടൊപ്പം അയച്ചു. ഈ സംഭവമെല്ലാം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ ആ അമ്മ ഒറ്റക്ക് വീണ്ടും നടക്കാന്‍ പോലും വയ്യാതെ തീരെ അവശയായി ഒരു ഓട്ടോറിക്ഷയില്‍ സ്‌നേഹവീട്ടിലെത്തുന്നു. വരുന്ന വഴിയില്‍ സങ്കടത്തോടെ അവര്‍ കാലില്‍ വീണു എന്നോട് പറഞ്ഞു.”എന്റെ മോളേ… ഇനിയെന്നെ തിരിച്ചയക്കുരുതെന്ന്..” അങ്ങനെ പറഞ്ഞു കുറച്ച് കഴിയുംമുമ്പേ മകനും ഭാര്യയുമെല്ലാം ഒരു കാറില്‍ മകനും ഭാര്യയുമെല്ലാം എത്തി. അമ്മയെ കൊണ്ടുപോകണമെന്ന് അവരുടെ കുടുംബം വാശിപിടച്ചപ്പോള്‍ താനിനി ഇനി അങ്ങോട്ടില്ലെന്ന് അമ്മയും വാശിപിടിച്ചു. ചില പരിഭവങ്ങളെല്ലാം പറഞ്ഞുതീര്‍ത്ത് അമ്മയെ മകനൊപ്പം വിട്ടു. കണ്ണുനിറഞ്ഞാണ് അമ്മ പോയത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആ അമ്മ സന്തോഷവതിയായി മരിച്ചതായി അറിയാന്‍ കഴിഞ്ഞു.

സ്‌നേഹവീട്ടിലെ സ്ത്രീകളില്‍ പലര്‍ക്കും പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. ചിലര്‍ വളരെ പരിക്ഷീണരാണ്. ആരോഗ്യമൊക്കെ ക്ഷയിച്ചവരുമുണ്ട്. രോഗവും വാര്‍ധക്യസഹജവുമായ അസുഖങ്ങളും ബാധിച്ചവരുമുണ്ട്. പക്ഷേ എല്ലാവരും സന്തുഷ്ടരാണ്. വൃത്തിയായ കിടക്കയും ഭക്ഷണവും. മുറ്റത്ത് ഒന്നിച്ചിരുന്ന് അവര്‍ ഖമറുന്നീസയുമായി കളി പറഞ്ഞ് ചിരിച്ചു. ജീവിതത്തിന്റെ താളം തെറ്റിയതിനാല്‍ പലരും പറയുന്നതിന് അര്‍ത്ഥമില്ല. എന്നിട്ടും അവരെ സ്‌നേഹപൂര്‍വ്വം അവര്‍ സ്‌നേഹപൂര്‍വ്വം കേള്‍ക്കുന്നു.

എന്റെ കാലശേഷവും ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകണമെന്നുണ്ട്. വീടിനോടു ചേര്‍ന്നുതന്നെ മറ്റൊരു സ്ത്രീ സുരക്ഷാസങ്കേതം ആരംഭിച്ചിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷാകേന്ദ്രമാണിത്. അവിടെ ഇപ്പോള്‍ പത്തുപേര്‍കഴിയുന്നു. അതിന്റെ സ്റ്റാഫിനുള്ള ശമ്പളം സര്‍ക്കാര്‍ നല്‍കും. മിക്കവാറും ഇവിടെ പോലിസാണ് ആളുകളെ എത്തിക്കുന്നത്. മറ്റൊന്ന് ഒരു ഫാമിലി കൗണ്‍സലിംഗ് സൗകര്യവും ഇതിനോട് ചേര്‍ത്ത് ഒരുക്കിയിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളുമായി വരുന്നവരോട് അവര്‍ സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി പരിഹാരം നിര്‍ദേശിക്കുന്നു. ധാരാളം പേര്‍ക്ക് ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് മടങ്ങുന്നു. ഇപ്പോള്‍ മൂന്നുവര്‍ഷമായി ഇതാരംഭിച്ചിട്ട്. ഈ കെട്ടിടം വാടകക്ക് നല്‍കിയ ഇനത്തില്‍ 12,000 രൂപ ഒരുമാസം ലഭിക്കും. അ താണ് സ്‌നേഹവീടിന്റെ മുഖ്യവരുമാനം. അതുകൊണ്ട് ഒന്നുമാവില്ല. എങ്കിലും ഈ സ്ഥാപനം ഒരു തളരാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറിയ വരുമാനം കിട്ടുമല്ലോ..ബാക്കി ഔദാര്യമതികളുടെ കാരുണ്യവും.

സ്‌നേഹവീട്ടില്‍ രണ്ടുമൂന്ന് വാളന്റിയേഴ്‌സായ സ്ത്രീകളുടെ സേവനവും ലഭിക്കുന്നു. അതുകൊണ്ടൊക്കെ തന്നെ ഇത് തടസമില്ലാതെ മുന്നോട്ട് പോകുന്നു. ഇടക്ക് അടുത്തുള്ള സ്‌കൂളിലെ കുട്ടികള്‍ വരും. ഇവരോട് സ്‌നേഹത്തോടെ സംസാരിക്കും. ചെറിയ സഹായങ്ങളൊക്കെ ചെയ്തുകൊടുക്കും. ഇടക്ക് വര്‍ഷത്തിലൊരിക്കല്‍ ഇവരെയും കൊണ്ട് ഞങ്ങള്‍ പുറത്തേക്കൊരു വിനോദയാത്ര പോകും. എല്ലാവര്‍ക്കും അതെല്ലാം വളരെ സന്തോഷകരമായ അനുഭവമാണ്. ബന്ധുക്കളായ ധാരാളം പേര്‍ ഇവിടെ വരാറുണ്ട്. ഞാനാരോടും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തുപൈസ പോലും ചോദിച്ചിട്ടില്ല. പക്ഷേ അവരെല്ലാം ഇവിടെ വന്നശേഷം തിരിച്ച് പോകുമ്പോള്‍ എന്തെങ്കിലും തരും. അതുകൊണ്ടൊക്കെ തന്നെയാണ് ഇതൊരു കുറവുമില്ലാതെ ഭംഗിയായി മുന്നോട്ട് പോകുന്നത്.
ഇവിടെ മെഡിക്കല്‍ ഷോപ്പും ലാബും ആശുപത്രിയുമെല്ലാം അടുത്തടുത്ത് ഉണ്ട്. എല്ലാ ആവശ്യത്തിനും അവരുടെ സഹായം കിട്ടാറുണ്ട്. കൂടുതല്‍ പണമൊന്നും ഇതുവരെ ആരും വാങ്ങിയിട്ടില്ല.
വര്‍ഷങ്ങളായി പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഖമറുന്നീസ സംസ്ഥാന വനിതാ മുസ്ലീംലീഗ് പ്രസിഡന്റ്, ഓള്‍ ഇന്ത്യ എം.ഇ.എസ് ലേഡീസ് വിംഗ് സെക്രട്ടറി, കേരള സ്റ്റേറ്റ് വുമണ്‍സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ തുടങ്ങി ഒരുപിടി ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.

”പണം വാരിയെറിഞ്ഞാലും ആള്‍സ്വാധീനം ഉപയോഗിച്ചാലും നേടാന്‍ കഴിയാത്ത എന്തെന്നില്ലാത്ത സംതൃപ്തിയും സന്തോഷവുമാണ് എപ്പോഴും തോന്നുന്നത്. കക്ഷി രാഷ്ട്രീയമോ ജാതിമത പരിഗണനകളോ ഇല്ലാതെ പാവപ്പെട്ട സ്ത്രീകളെയും കുഞ്ഞുങ്ങളെയുമൊക്കെ നോക്കാനും സംരക്ഷിക്കാനും കഴിഞ്ഞതും വലിയ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. ഒരാള്‍ക്ക് അയാളുടെ അര്‍ഹതക്കനുസരിച്ച് ഒരു ജോലികിട്ടി. അതിന്റെ ഓര്‍ഡര്‍ കയ്യില്‍കൊടുത്തപ്പോള്‍ എന്നെ നോക്കി അയാള്‍ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരയുന്നതെന്ന് ഞാന്‍ ചോദിച്ചു. പാവപ്പെട്ട എനിക്കൊരിക്കലും ഇത്തരമൊരു ജോലി ലഭിക്കുമെന്ന് സ്വപ്നം പോലും കാണാനുള്ള ഭാഗ്യമില്ലെന്നായിരുന്നു അയാളുടെ വിലാപം. ദൈവത്തിന് മാത്രം നന്ദി പറയൂ.. അതൊടൊപ്പം നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഓര്‍ക്കൂ.. അതിനേക്കാല്‍ വലുതൊന്നും ഒരാള്‍ക്കും ചെയ്യാനാവില്ല. എനിക്ക് തോന്നുന്നു, ഈ 72-ാം വയസിലും ചെയ്യാനുളള കാര്യങ്ങള്‍ ഓടിനടന്ന് ചെയ്യാന്‍ ദൈവം എന്നെ അനുവദിക്കുന്നത് അവരുടെയൊക്കെ പ്രാര്‍ത്ഥനായാകാം. ” ഖമറുന്നീസ പറയുന്നു.

കണ്ണൂരാണ് ഖമറുന്നീസയുടെയും ഭര്‍ത്താവിന്റെയും വീട്. 1972ല്‍ ഗവണ്മന്റ് ഹോസ്പിറ്റലില്‍ ഐ സ്‌പെഷ്യലിസ്റ്റായി തിരൂരില്‍ എത്തുന്നത്. ഞങ്ങളിരുവരും ഇതിനുമുമ്പ് മുംബൈയിലാണ് ജോലി ചെയ്തുരന്നത്. ഞാന്‍ ഡയറ്റീഷ്യനും അദേഹം നേത്ര വിഭാഗം ഡോക്ടറുമായിരുന്നു. പിന്നീട് ഞാന്‍ ‘സ്ത്രീ ശാക്തീകരണ’ത്തില്‍ പി.എച്ച്. ഡി ചെയ്ത് ഡോക്ടറേറ്റ് നേടി.

മക്കളായ അസ്ഹര്‍ കോഴിക്കോട് ബിസിനസ് ചെയ്യുന്നു. അസ്ബറ, ഇഖ്‌റയുടെ ഡയറക്ടറാണ്. അന്‍സീറ ദന്ത ഡോക്ടറാണ്. നാലാമത്തെയാള്‍ ആസിം അഹ്ദിര്‍ തിരൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ആസിമിന്റെ ഭാര്യയും ഡോക്ടറാണ്. അവരും തിരൂരില്‍ ജോലി ചെയ്യുന്നു. അവരു രണ്ടുപേരും ഇവിടെയുള്ളതാണ് ഞങ്ങള്‍ക്കൊരു സമാധാനം. സ്‌നേഹവീട്ടിലെ അംഗങ്ങള്‍ക്ക് അശുഖമായാല്‍ ഉടനെ വിളിച്ചാല്‍ അവരെത്തും.

ഹോംസയന്‍സും ന്യൂട്രീഷ്യനുമെല്ലാം പഠിച്ച് വീട്ടില്‍ തന്നെ ഒതുങ്ങിക്കഴിയാനായിരുന്നു ഖമറൂന്നീസ ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പഠനം കഴിഞ്ഞ് തിരൂരില്‍ എത്തിയപ്പോഴാണ് സ്ത്രീകളുടെ നൊമ്പരവും വേദനയുമെല്ലാം അവര്‍ മനസിലാക്കുന്നത്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഉപ്പ അവരോട് പറഞ്ഞിരുന്നു. മുസ്ലീം സ്ത്രീകള്‍ പൊതുവേ പഠനരംഗത്തോ പൊതുരംഗത്തോ ഇറങ്ങാത്ത സമയത്ത് ഉപ്പയാണ് ഖമറുന്നീസക്ക് ഇതിനുളള പ്രോത്സാഹനവും പിന്തുണയും നല്‍കിയത്. സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ അടുത്തറിയുന്ന ഒരുപാട് അനുഭവങ്ഹള്‍ ജീവിതത്തില്‍ ഉണ്ടായപ്പോള്‍ പിന്നീട് ആ രംഗത്ത് സജീവമാവുകയായിരുന്നു. സ്‌നേഹവീടിന്റെ പിറവിയും ഈ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെയുമെല്ലാം പശ്ചാത്തലം ഇതാണ്.

ഖമറുന്നീസയുടെ വീടിന്റെ മുറ്റത്താണ് സ്‌നേഹവീട്. എന്നാല്‍ വീടിനുപേര് ‘അഖ്‌ന’ എന്നാണ്. ഈ അറബി വാക്കിന്റെ അര്‍ത്ഥം ‘ഉളളതുകൊണ്ട് തൃപ്തിയുള്ള’ എന്നാണ്. ഉളളതുകൊണ്ട് തൃപ്തിപ്പെടുന്നവര്‍ക്ക് മാത്രമേ ഇല്ലാത്തവന്റെ നൊമ്പരമറിയാന്‍ കഴിയൂ. സ്‌നഹവീട് അനേകരുടെ മനസിന് സംതൃപ്തി നല്‍കുന്നതും അതായിരിക്കാം.

Leave A Reply

Your email address will not be published.