ഭഗല്‍പ്പൂര്‍: ജാര്‍ഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് സാമൂഹിക പ്രവർത്തകനായ കത്തോലിക്ക വൈദികനെ കസ്റ്റഡിയിലെടുത്ത പോലീസ് നിലപാടില്‍ പ്രതിഷേധം ഉയരുന്നു.
ഫാ. അരുണ്‍ വിന്‍സെന്റ്, ഫാ. ബിനോയ് ജോണ്‍ എന്നീ രണ്ടു വൈദികരെയും ഒരു സഹപ്രവർത്തകനെയും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫാ. വിന്‍സെന്റിനെ പോലീസ് വിട്ടയച്ചുവെങ്കിലും തൊടുപുഴ സ്വദേശിയായ ഫാ. ബിനോയ് ജോണും സഹപ്രവർത്തകനും ഇപ്പോഴും കസ്റ്റഡിയിലാണ്.
ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഫാ. ബിനോയ് ജോണ്‍ കഴിഞ്ഞ നാലുവര്‍ഷമായി ഗ്രാമവാസികളുടെ സമഗ്ര വികസനത്തിനായിട്ടായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിന്നത്.
താഴെത്തട്ടിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ അദ്ദേഹം കാര്യമായ ഇടപെടല്‍ തന്നെ നടത്തി. ഇത്തരം ഇടപെടലുകളും ദിയോധാറില്‍ ഒരു ധ്യാനകേന്ദ്രം ആരംഭിച്ചതും തീവ്രഹൈന്ദവ സംഘടനയായ ബജ്രംഗദള്‍ പ്രവര്‍ത്തകരെ ചൊടിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ലോക്കല്‍ പോലീസിനെ കൂട്ടുപിടിച്ചു വൈദികനെതിരെ കള്ളക്കേസ് ഉണ്ടാക്കുന്നത്.
വൈദികന്റെ രോഗാവസ്ഥ മനസിലാക്കി പരിശോധനക്കായി കോടതി, ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും ഉന്നതരുടെ ഇടപെടലില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് തിരുത്തിയതായാണ് വിവരം. വരും ദിവസങ്ങളില്‍ മുഹറം അവധിയായതിനാല്‍ വ്യാഴാഴ്ച മാത്രമാണ് വൈദികന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂ. നിസ്സഹായരായ ക്രൈസ്തവ സമൂഹം വൈദികന്റെ മോചനത്തിനായി വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനകൾക്ക് ആഹ്വാനം നൽകിയിരിക്കുന്നു.