ദക്ഷിണ റെയിൽവേയുടെ ചെന്നൈ പെരമ്പൂർ കോച്ച് ഫാക്ടറിയിൽ നിർമിച്ച് കേരളത്തിന് ലഭിച്ച ആദ്യ ത്രീഫേസ് മെമു കോട്ടയംവഴി ഓടിത്തുടങ്ങി
കേരളത്തിലെ ആദ്യ ത്രീഫേസ് മെമു (Main line Electric Multiple Unit – MEMU) ട്രെയിൻ കൊല്ലം എറണാകുളം റൂട്ടിൽ സർവീസ് ആരംഭിച്ചു. ഒരേ സമയം രണ്ടായിരത്തി നാനൂറിൽപ്പരം യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയും. തിരുവന്തപുരം റെയിൽവേ ഡിവിഷന് അനുവദിച്ചിരിക്കുന്നതാണ് ഈ ട്രെയിൻ.
66308/09 മെമു സർവീസിന് പകരമാണിത്. ട്രെയിൻ സമയം 66308 കൊല്ലം-എറണാകുളം: 12.40-ന് തിരിച്ച് 5.40-ന് എറണാകുളത്തെത്തും. എറണാകുളം-കൊല്ലം: 7.40-ന് തിരിച്ച് 11.20-ന് കൊല്ലത്തെത്തും. ഉച്ചയ്ക്ക് 12.40-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് കോട്ടയംവഴി എറണാകുളത്തെത്തുന്ന മെമു തിരിച്ച് ആലപ്പുഴവഴി കൊല്ലത്തിന് പോകും.
ഇന്ത്യൻ റെയിൽവേയുടെ അഭിമാന സർവീസായ ട്രെയിൻ 18-ന് സമാനമാണ് സ്റ്റെയിൻലസ് സ്റ്റീൽ നിർമിതമായ ഈ ട്രെയിൻ. വേഗം മണിക്കൂറിൽ 105 കിലോമീറ്റർ. അധിക വേഗത്തിലും കുലുക്കം കുറയ്ക്കാനായി സെക്കൻഡറി എയർ സസ്പെൻഷനുണ്ട്.ആദ്യമാണ് മെമു ട്രെയിനിൽ എയർ സസ്പെൻഷൻ സംവിധാനം.പെട്ടെന്ന് വേഗം കൈവരിക്കുന്നതിനാൽ സ്റ്റേഷനുകളിൽ നിർത്തി എടുക്കാൻ അല്പസമയം മതി.
ലോക്കോ പൈലറ്റിന്റെയും ഗാർഡിന്റെയും കാബിൻ എ.സി.യാണ്. കുഷ്യൻ സീറ്റുകൾ, ബയോ ശൗചാലയങ്ങൾ, എമർജൻസി സ്റ്റോപ്പ് ബട്ടൺ, എൽ.ഇ.ഡി. ലൈറ്റുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. സീറ്റുകളുടെ ബാക്ക് റെസ്റ്റിന്റെ ഉയരം കൂട്ടിയിട്ടുണ്ട്. എല്ലാ കാറുകളിലും സി.സി.ടി.വി. ക്യാമറയുണ്ട്. ഭാരം കുറഞ്ഞ സ്ലൈഡിങ് ഡോറുകളും ജി.പി.എസ്. പാസഞ്ചർ വിവരസാങ്കേതിക സംവിധാനവും കോച്ചുകളിലുണ്ട്. പ്രത്യേക പാനലിങ് ഉപയോഗിച്ചാണ് ഇന്റീരിയർ. വീതികൂടിയ ജനാലകളും വാതിലുകളും കൂടുതൽ ഭംഗി പകരുന്നു. 614 പേർക്ക് ഇരിക്കാനും 1788 പേർക്ക് നിൽക്കാനും കഴിയും.