കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, അക്രമികൾക്കെതിരെയുള്ള വിചാരണനടപടികൾ ഉടൻപൂർത്തിയാക്കി ശിക്ഷ വിധിക്കാൻ പര്യാപ്തമാകുന്ന വിധത്തിൽ 28 ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്‌ഥാപിക്കാനാണ് കേന്ദ്ര – കേരള സർക്കാരുകളുടെ സംയുക്ത തീരുമാനം. വിചാരണ വൈകുന്നതിനാൽ പ്രതികൾക്ക് രക്ഷപെടാനുള്ള സാധ്യതകൾ വർദ്ധിക്കുന്നുവെന്ന ആരോപണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് കേരളസർക്കാരിന്റെ സത്വരമായ ഇടപെടൽ. കേന്ദ്ര – സംസ്‌ഥാന സർക്കാരുകൾ സംയുക്തമായിട്ടാവും ഈ പദ്ധതിയ്‌ക്ക് പണം മുടക്കുക.
സംസ്‌ഥാനത്ത് ആകെ 58 പോക്സോ കോടതികൾ സ്‌ഥാപിക്കാനാണ് പദ്ധതി. അതിൽ ഇരുപത്തെട്ടെണ്ണം ആരംഭിക്കാൻ തീരുമാനമായിക്കഴിഞ്ഞെന്ന് മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. ഇതിന് കേന്ദ്ര നിയമമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ മൂന്ന് വീതവും കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ രണ്ട് വീതവും മറ്റു ജില്ലകളിൽ ഓരോ കോടതി വീതവുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിന് 60 ശതമാനം ചെലവ് കേന്ദ്രസര്‍ക്കാരും ബാക്കി സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.
പുതിയ കോടതികൾ വരുന്നതോടെ ബാല ലൈംഗിക പീഡനം സംബന്ധിച്ച കേസുകളുടെ വിചാരണ അനിശ്ചിതമായി നീണ്ടുപോകുന്ന പതിവ് അവസാനിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനായി തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന അഡീഷണൽ ജില്ലാ സെഷൻസ് കോടതികളുടെ ഭാഗമായാണ് പോക്സോ കോടതികളും പ്രവർത്തിക്കുന്നത്. ഇതിനു പുറമെ മറ്റു ജില്ലകളിൽ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷൻസ് കോടതികളെയും കുട്ടികളുടെ കോടതിയായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിൽ 9457 പോക്സോ കേസുകൾ ഇതുവരെ വിചാരണ കാത്തു കിടക്കുന്നുണ്ട്. 2497 കേസുകൾ അന്വേഷണഘട്ടത്തിലുമാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിൽ കേസുകളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഇതുവരെ സംസ്ഥാനത്ത് 90 പോക്സോ കേസുകളിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ.