തിരുവനന്തപുരം: തപാലിൽ അയയ്ക്കുന്ന നിയമന ശിപാർശ മെമ്മോകൾ സമയത്ത് കൈപ്പറ്റാൻ കഴിയുന്നില്ല എന്ന പരാതികൾ വ്യാപകമായതോടെ, മെമ്മോകൾ കമ്മീഷന്റെ ഓഫീസിൽനിന്ന് നേരിട്ട് സ്വീകരിക്കാൻ കഴിയുന്ന സംവിധാനം ആരംഭിക്കുന്നു. കമ്മീഷന്റെ മേഖലാ ജില്ലാ ആഫീസുകളില്‍ നിന്നുമുളള നിയമനശിപാര്‍ശ മെമ്മോകൾ ഉദ്യോഗാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിച്ച് അതാത് ആഫീസുകളില്‍ നിന്നും നല്‍കുന്നതാണ്. നിയമന ശിപാർശകൾ കൈപ്പറ്റാതെ വരുന്നതിനാൽ ഒഴിവ് വരുന്ന വേക്കൻസികൾ കഴിവതും വേഗം നികത്താനും, നിയമന ഉത്തരവ് കൈപ്പറ്റാൻ കഴിയാതെ പോകുന്നതിനാൽ, അനേകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുമാണ് പുതിയ പരിഷ്കരണമെന്ന് പിഎസ്‌സിയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം:
നിയമന ശിപാര്‍ശ മെമ്മോ, ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്റെ ആഫീസില്‍ നിന്നും നേരിട്ട് കൈപ്പറ്റുന്ന നടപടി ക്രമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 5-ാം തീയതി ഉച്ചയ്ക്ക് 2.00 മണിക്ക് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാന ആഫീസില്‍ വച്ചു നടക്കും. സംസ്ഥാനതല തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കമ്മീഷന്റെ ആസ്ഥാന ആഫീസില്‍ ജൂലായ് മാസം 25 മുതല്‍ അംഗീകരിച്ച നിയമന ശിപാര്‍ശകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനശിപാര്‍ശ മെമ്മോ തദവസരത്തില്‍ നേരിട്ട് നല്‍കുന്നത്.
അത്തരം ഉദ്യോഗാര്‍ത്ഥികളെ ഈ വിവരം എസ്.എം.എസ്., പ്രൊഫൈല്‍ സന്ദേശങ്ങളിലൂടെയും ഫോണിലുടെ നേരിട്ടും അറിയിച്ചിട്ടുണ്ട്. കമ്മീഷന്റെ മേഖലാ ജില്ലാ ആഫീസുകളില്‍ നിന്നുമുളള നിയമനശിപാര്‍ശ മെമ്മോ ഉദ്യോഗാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിച്ച് അതാത് ആഫീസുകളില്‍ നിന്നും പിന്നീടുളള ദിവസങ്ങളില്‍ നല്‍കുന്നതാണ്.
തപാലില്‍ അയയ്ക്കുന്ന നിയമന ശിപാര്‍ശ മെമ്മോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ലായെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് മെമ്മോ നേരിട്ടുനല്‍കുന്നതിനുളള നടപടിക്രമം നിലവില്‍ വരുത്തുന്നതിന് കമ്മിഷന്‍ തീരുമാനിച്ചത്. സംസ്ഥാനതല തിരഞ്ഞെടുപ്പുകളില്‍ ആസ്ഥാന ഓഫീസില്‍ നിന്നോ അത് കൈകാര്യം ചെയ്യുന്ന ബന്ധപ്പെട്ട മേഖലാ ഓഫീസില്‍ നിന്നോ ആയിരിക്കും നിയമനശിപാര്‍ശ കൈമാറുക. ജില്ലാതല തിരഞ്ഞെടുപ്പുകളില്‍ ഉദ്യോഗാര്‍ത്ഥി അപേക്ഷ സമര്‍പ്പിച്ച അതാത് ജില്ലാ ആഫീസുകളില്‍ നിന്നായിരിക്കും നിയമനശിപാര്‍ശ നല്‍കുക.
നിയമനശിപാര്‍ശ നല്‍കുന്നതിന് മുമ്പ് അത് കൈപ്പറ്റുന്ന ഉദ്യോഗാര്‍ത്ഥിയുടെ ഐഡന്റിറ്റി പരിശോധിച്ച് , അവരുടെ വിവരങ്ങളും ഒപ്പും രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതാണ്. നിര്‍ദ്ദിഷ്ട ദിവസം ഹാജരാകാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുളള ദിവസങ്ങളിലും അത് കൈപ്പറ്റുന്നതിന് കഴിയും. കൈപ്പറ്റാത്ത നിയമന ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ എന്‍.ജെ.ഡി. ഒഴിവുകള്‍ അറിയിക്കുന്നത് വേഗത്തിലാക്കുന്നതിനുളള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിനും അതിലൂടെ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റാങ്കുപട്ടിക റദ്ദാകുന്നതിനുമുമ്പ് നിയമനശിപാര്‍ശ നല്‍കുന്നതിനും കഴിയും എന്ന വസ്തുത കൂടി കണക്കിലെടുത്താണ് കമ്മിഷന്‍ ഇത്തരത്തിലൊരു നടപടിക്രമത്തിലേക്ക് കടക്കുന്നത്.
സനൽ ജി
പബ്ലിക് റിലേഷൻസ് ഓഫീസർ
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ