ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശവും, വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന്റെ ഭാഗവുമാണെന്ന് ഹൈക്കോടതി. ഫഹീമ ഷിറിൻ എന്ന കോളേജ് വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിൽ വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് പിവി ആഷയുടെ ബഞ്ചാണ് ഈ പരാമർശം നടത്തിയത്. കോഴിക്കോട് ശ്രീ നാരായണ കോളേജിന്റെ ലേഡീസ് ഹോസ്റ്റലിൽ മൊബൈൽഫോൺ ഉപയോഗം നിരോധിച്ചിരിക്കുന്നതിനെതിരെയായിരുന്നു വിദ്യാർത്ഥിനിയുടെ ഹർജി.
മൊബൈലിലോ കമ്പ്യൂട്ടറിലോ ലഭിക്കുന്ന ഇന്റർനെറ്റ് കണക്ഷൻ വിവരശേഖരണത്തിനും പഠനത്തിനും ആവശ്യമാണ് എന്ന വിദ്യാർത്ഥിനിയുടെ വാദത്തെ കോടതി അംഗീകരിച്ചു. അതിനു വിരുദ്ധമായുള്ള മൊബൈൽഫോണിന്റെയും ഇന്റർനെറ്റിന്റെയും നിരോധനം, ഇന്ത്യൻ ഭരണഘടനയുടെ 19 (1) (a) ആർട്ടിക്കിൾ പ്രകാരം, ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഷിറിൻ കോടതിയിൽ വാദിച്ചു.
പ്രസ്തുത കോളേജ് ഹോസ്റ്റലിൽ വൈകിട്ട് ആറുമണിമുതൽ രാത്രി പത്തുമണിവരെ മൊബൈൽഫോൺ ഉപയോഗം അനുവദനീയമല്ല എന്ന നിയമത്തെയാണ് ഷിറിൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. ഈ നിയമം അനുസരിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് പരാതിക്കാരിയെയും ചില സുഹൃത്തുക്കളെയും ഹോസ്റ്റലിൽനിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് കോടതിയെ സമീപിച്ച ഷിറിൻ, മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയാത്തത് തന്റെ പഠനത്തെ ബാധിക്കുന്നുവെന്ന് ബോധിപ്പിക്കുകയായിരുന്നു.
ഉത്തരവാദിത്തപ്പെട്ട അധികൃതരുടെ മനോഭാവത്തിൽ ഒരു മാറ്റമുണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഷിറിൻ മാധ്യമങ്ങളോട് പറഞ്ഞു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരം നിയമങ്ങളൊന്നുമില്ല, പെണ്കുട്ടികളുടെ ഹോസ്റ്റലിൽ മാത്രമാണെന്നും, അതിനാലാണ് ഈ വിവേചനത്തിനെതിരെ പോരാടാൻ താൻ തീരുമാനിച്ചതെന്നും അവൾ പറഞ്ഞു.
ഇംഗ്ലീഷ് ഭാഷാ വിദ്യാർത്ഥിനിയായ താൻ, സംശയങ്ങൾ തീർക്കാനും മറ്റുമായി പഠനാവശ്യങ്ങൾക്ക് പലപ്പോഴും ഇന്റർനെറ്റ് ഉപയോഗിക്കാറുണ്ടെന്നും ഷിറിൻ കൂട്ടിച്ചേർത്തു.