മരട് ഫ്ലാറ്റുകൾ സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ പരിഗണിച്ചപ്പോഴൊക്കെയും കേരളം സർക്കാർ പഴികേൾക്കുകയുണ്ടായിട്ടുണ്ട്. ഇവിടെ നടക്കുന്ന കിരാതമായ നിയമലംഘനങ്ങൾക്ക് ഉദാഹരണങ്ങൾ മാത്രമായിരുന്നു മരടിലെ കെട്ടിടങ്ങൾ. എത്രമാത്രം ന്യായീകരണങ്ങൾ നിർത്തിയാലും, ആ കെട്ടിടങ്ങളിൽ പലതും പണിത കാലത്തെ നിയമലംഘനങ്ങൾ മാപ്പർഹിക്കുന്നതല്ല. നിയമ ലംഘനങ്ങൾ മാത്രമല്ല, ചില കാര്യസാധ്യങ്ങൾക്ക് വേണ്ടി നടത്തുന്ന നിയമപരിഷ്കരണങ്ങളും പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. അത്തരത്തിൽ ചിന്തിച്ചാൽ, ഒരിക്കൽ സർക്കാരുകളുടെ നടപടികളും ചോദ്യം ചെയ്യപ്പെട്ടേക്കാം.
അനധികൃത നിർമാണത്തെക്കുറിച്ച് സുപ്രീംകോടതി റിപ്പോർട്ടുതേടിയ പശ്ചാത്തലത്തിൽ തീരപരിപാലന നിയമങ്ങൾ ലംഘിച്ച് പണിതുയർത്തിയ 10 ജില്ലകളിലെ കെട്ടിടങ്ങളുടെ കണക്ക് സർക്കാർ ശേഖരിക്കുന്നു എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വാർത്ത.
ഗുരുതര നിയമലംഘനമുള്ളതും അനധികൃതമായതുമായ കെട്ടിടങ്ങൾ കണ്ടെത്താനാണ് ശ്രമം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പട്ടികയാണ് തയ്യാറാക്കുന്നത്. ജില്ലാ കളക്ടർ ചെയർമാനായ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിട്ടിയാണ് ആറ് കോർപ്പറേഷനുകൾ, 36 മുനിസിപ്പാലിറ്റികൾ, 245 പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിയമലംഘനങ്ങളുടെ കണക്കെടുക്കുന്നത്.
ഈ ജില്ലകളിൽ അനധികൃത നിർമാണങ്ങൾ പലപ്പോഴായി സർക്കാർ ക്രമപ്പെടുത്തി നൽകിയിട്ടുണ്ട്. അത്തരം കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. നാലു മാസത്തിനകം പരിശോധന പൂർത്തിയാക്കും. നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് തരംതിരിച്ച് പട്ടിക തയ്യാറാക്കും. ഉപഗ്രഹഭൂപടത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ച് ഓരോ സ്ഥലത്തെയും നിയമംലംഘിച്ചുള്ള കെട്ടിടങ്ങൾ തരംതിരിച്ച് ഒറ്റനില കെട്ടിടങ്ങൾ, വാണിജ്യസമുച്ചയങ്ങൾ, വൻകിട പാർപ്പിടസമുച്ചയങ്ങൾ എന്നിങ്ങനെ കണക്ക് തയ്യാറാക്കും. കടുത്ത നിയമലംഘനങ്ങൾ ബോദ്ധ്യപ്പെടുന്നവ പ്രത്യേകം രേഖപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള രേഖകളും പരിശോധിക്കും.
തീരദേശത്ത് 1800 അനധികൃത കെട്ടിടങ്ങളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.