കോട്ടയം: പുതിയ ചെയർമാൻ ആരായിരിക്കണം എന്നതിൽ ഇനിയും സമവായം ഉണ്ടാകാത്ത സാഹചര്യത്തില്‍ സംസ്ഥാനകമ്മറ്റിയില്‍ മത്സരിച്ച് ജയിക്കുന്നയാള്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കട്ടെ എന്നാണ് ജോസ് കെ മാണിയുടെ നിര്‍ദ്ദേശം. പി ജെ ജോസഫ് ചെയര്‍മാനും, ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാനും, സി എഫ് തോമസ് നിയമസഭയിലെ പാര്‍ലമെന്‍ററി ലീഡറും എന്നിങ്ങനെ പി ജെ ജോസഫ് തന്റെ നിര്‍ദ്ദേശം മുന്നോട്ടു വച്ചതിനെ തള്ളികൊണ്ടായിരുന്നു ജോസ് കെ മാണിയുടെ വാക്കുകള്‍. ഉടന്‍ സംസ്ഥാന കമ്മറ്റി യോഗം വിളിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കാന്‍ കഴിയില്ല എന്നാണ് ഇപ്പോള്‍ താല്‍ക്കാലിക ചെയര്‍മാനായ പി ജെ ജോസഫിന്റെ പക്ഷം. മുന്നൊരുക്കങ്ങള്‍ പലതും നടത്തി, സാഹചര്യങ്ങള്‍ വ്യക്തമാക്കിയ ശേഷമേ അത് കഴിയൂ എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പി ജെ ജോസഫ് വിഭാഗം പാര്‍ട്ടിയിലേയ്ക്ക് വന്നപ്പോള്‍ ഉണ്ടായിരുന്ന, രണ്ട് പ്രധാന സ്ഥാനങ്ങള്‍ മാണിക്ക് എന്ന കരാറില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം സംസ്ഥാന കമ്മിറ്റി വിളിച്ചേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാണിക്ക് ശേഷം ഇനിയെന്ത്? എന്ന സങ്കീര്‍ണ്ണമായ ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന കേരളാകോണ്‍ഗ്രസിന്റെ ഭാവിക്ക് നല്ലത് തികഞ്ഞ സമവായത്തോടെ മുന്നോട്ട് പോകാന്‍ സഹായിക്കുന്ന ഒരു സമവാക്യം രൂപപ്പെടുത്തുകയാണ്. പിളര്‍പ്പുകളും ഭിന്നതകളും പുത്തരിയല്ലാത്ത ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഇനിയുള്ള ഭാവി മികച്ച തീരുമാനങ്ങളില്‍ അധിഷ്ഠിതമാണ്. ഒരു വലിയ കാലഘട്ടത്തിലെ കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം നേടിയെടുത്ത ഒരു പ്രസ്ഥാനം ബുദ്ധിപൂര്‍വ്വമുള്ള തീരുമാനത്തിന്റെ അഭാവത്തില്‍ തകരുന്നത് കേരളസമൂഹത്തിനും നല്ലതല്ല.