ന്യൂഡൽഹി: എട്ടുവയസുകാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിധി പത്താന്‍കോട്ട് കോടതി വിധി പ്രസ്താവിച്ചപ്പോള്‍ ആകെ എട്ടുപ്രതികളില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും, മറ്റു മൂന്നുപേര്‍ക്ക് അഞ്ചുവര്‍ഷം കഠിന തടവുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയുടെ വിചാരണയെക്കുറിച്ചുള്ള അന്തിമ തീരുമാനം ജമ്മു ഹൈക്കോടതിയുടെ പരിഗണനയിലാണ്. മറ്റൊരു പ്രധാന പ്രതിയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടിരിക്കുന്നു. മൂന്നുപേര്‍ക്ക് ജീവപര്യന്തം വിധിച്ചിരിക്കുന്നത് മരണം വരെയാണ് എന്ന് കോടതി പ്രത്യേകം സൂചിപ്പിച്ചിരിക്കുന്നുവെങ്കിലും പൊതുവേ, ഇത്തരമൊരു കേസില്‍ വിധിക്കപ്പെട്ടിരിക്കുന്ന ശിക്ഷ അപര്യാപ്തമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എല്ലാ പ്രതികള്‍ക്കും വധ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. വധശിക്ഷ ഉറപ്പുവരുത്തുവാന്‍ അപ്പീല്‍ നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍റെ പ്രതികരണം. ദേശീയ വനിതാകമ്മീഷനും സമാനമായ അഭിപ്രായം ഉന്നയിച്ചിട്ടുണ്ട്.
സമീപകാല ലോക ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരതയാണ് കത്വയില്‍ എട്ടുവയസുള്ള പിഞ്ച് ബാലികയോട് ഒരു കൂട്ടം നരാധമാര്‍ ചെയ്തത്. ഒരിക്കലും മനുഷ്യജന്മം കൊണ്ട ഒരാള്‍ക്കോ മൃഗങ്ങള്‍ക്ക് പോലുമോ അനുകരിക്കാൻ കഴിയാത്ത ക്രൂരത. 2012ലെ നിര്‍ഭയ സംഭവത്തെ തുടര്‍ന്ന് ലോകം വേദനയോടെ ചര്‍ച്ച ചെയ്ത ഇന്ത്യയിലെ ഒരു അതിക്രമം. തട്ടിക്കൊണ്ടുപോയി മാരകമായ മയക്കുമരുന്നുകളും, മാനസികരോഗത്തിനുള്ള മരുന്നുകളും കൊടുത്ത് മയക്കി ഒരാഴ്ച തടവില്‍ വച്ച് മരിക്കുവോളം പീഡിപ്പിക്കുക! അത് സംഭവിച്ചതാകട്ടെ, ഒരു ക്ഷേത്രത്തിനുള്ളില്‍ വച്ച് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ക്ഷേത്ര അധികാരിയുടെ നേതൃത്വത്തിലും. പലരും ആഗ്രഹിക്കുന്നതുപോലെ ഈ കേസിലെ പ്രതികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ വിധിക്കപ്പെട്ടാലും, ഈ സംഭവം ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി ചരിത്രത്തിൽ അവശേഷിക്കും എന്നതാണ് വാസ്തവം.
ഓരോ പതിനഞ്ച് മിനിട്ടിലും ഇന്ത്യയില്‍ ഒരു കുട്ടി ലൈംഗികമായി ദുരുപയോഗിക്കപ്പെടുന്നു എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, ഓരോ വര്‍ഷം കഴിയുംതോറും ഇത്തരം ദുരനുഭവങ്ങളുടെയും കേസുകളുടെയും എണ്ണം ഇവിടെ വര്‍ദ്ധിച്ചുവരികയാണ്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ലൈംഗികമായി ദുരുപയോഗിക്കപ്പെട്ട കുട്ടികള്‍ ലോകത്തില്‍ ഏറ്റവുമധികം ഇന്ത്യയിലാണുള്ളത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവിക്കുന്നവയുടെ യഥാര്‍ത്ഥ എണ്ണം ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളേക്കാൾ എത്രയോ അധികം ആയിരിക്കാമെന്നും അവര്‍ പറയുന്നു. കത്വ പീഡന കേസിനെ മുന്‍നിര്‍ത്തി, പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുവാന്‍ നിയമ നിര്‍മ്മാണം ഉണ്ടാകണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു.
കത്വ ജില്ലയിലെ രസാന ഗ്രാമത്തില്‍ പാര്‍ത്തുവരികയായിരുന്ന നാടോടി സമുദായമായ ബഖര്‍വാല വിഭാഗത്തില്‍ പെട്ട മുസ്ലീംപെണ്‍കുട്ടിയെയാണ് 2018 ജനുവരിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. അവളുടെ സമുദായത്തെ നാട്ടില്‍ നിന്ന് ഭയപ്പെടുത്തി തുരത്തുകയായിരുന്നു ലക്ഷ്യം എന്നായിരുന്നു പോലിസിന്റെ കണ്ടെത്തല്‍. ഗ്രാമത്തിലെ പ്രമാണിയായിരുന്ന മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സാൻജിറാമിന്റെ നേതൃത്വത്തില്‍ അയാളുടെ മേല്‍നോട്ടത്തിലുള്ള ക്ഷേത്രത്തിനുള്ളില്‍ വച്ചായിരുന്നു പീഡനം. സാന്‍ജിറാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാവാത്ത അനന്തിരവന്‍, പോലിസ് ഓഫീസര്‍ ദീപക്, സുഹൃത്ത് പര്‍വേഷ് തുടങ്ങിയവരാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നായിരുന്നു കേസ്. പോലിസ് ഉദ്യോഗസ്ഥരായ ആനന്ദ് ദത്ത, തിലക് രാജ്, സുരീന്ദര്‍ കുമാര്‍ തുടങ്ങിയവര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നവരാണ്.
2018 ജനുവരി പത്തിന് കാണാതായ കുട്ടിയെ ഒരാഴ്ചയ്ക്ക് ശേഷം പതിനേഴിനാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം, ഫോറന്‍സിക് പരിശോധനകളില്‍ പുറത്തുവന്ന വിവരങ്ങള്‍ ലോകത്തെ മുഴുവന്‍ നടുക്കുവാന്‍ പര്യാപ്തമായിരുന്നു. ഏഴുദിവസം എട്ടുവയസ് മാത്രം പ്രായമുള്ള ആ പിഞ്ചുബാലിക അനുഭവിച്ചതെന്തൊക്കെ എന്നത് കണ്ണുനനയാതെ കേട്ടവസാനിപ്പിക്കുവാന്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും കഴിയുമായിരുന്നില്ല. വലിയ അളവില്‍ മയക്കുമരുന്നും മാനസിക രോഗത്തിനുള്ള ഗുളികകളും നല്‍കി പൂര്‍ണ്ണമായ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം, ഒടുവില്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസന്വേഷണത്തിനെതിരെ പ്രതികൾക്കുവേണ്ടി പരസ്യമായി രംഗത്ത് വന്നവരില്‍ രാഷ്ട്രീയക്കാരും, ബാര്‍ അസോസിയേഷനും ഉണ്ടായിരുന്നു. അന്നത്തെ മന്ത്രിസഭയിലെ രണ്ട് ബിജെപി മന്ത്രിമാരും പ്രതികള്‍ക്കുവേണ്ടി രംഗത്തെത്തിയിരുന്നു. ഉന്നത സ്വാധീനം കേസിലുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതും വഴിത്തിരിവിലെത്തിയതും. ജമ്മുകാശ്മീര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള പോലീസിന്റെ ശ്രമത്തെയും അഭിഭാഷകര്‍ തടസപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, നാഷണല്‍ കോണ്‍ഫ്രന്‍സും, ജമ്മുവിലെ വ്യാപാരി സംഘടനയും അനവധി വ്യക്തികളും നീതി നടപ്പാകണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി. ഇതിനകം അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഈ സംഭവം വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു എന്‍ സെക്രട്ടറി ജനറലും നീതിനടപ്പാകണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
പിന്നീട് ജമ്മു ജില്ലാ കോടതിയില്‍ നിന്ന്, കേസിന്റെ വാദം പത്താന്‍കോട്ട് കോടതിയിലേയ്ക്ക് മാറ്റുകയുണ്ടായി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജ്ജിയില്‍ സുപ്രീം കോടതിയുടെ ഇടപെടലാണ് കോടതി മാറാന്‍ കാരണമായത്. സുപ്രീംകോടതിയുടെ ഇടപെടലോടെ, അതീവസുരക്ഷിത സാഹചര്യത്തില്‍ പ്രത്യേക പരിഗണന നല്‍കിക്കൊണ്ടാണ് ഈ കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്.
മുഖ്യ പ്രതിയായ സാന്‍ജിറാമിന്റെ മകന്‍ വിശാല്‍ ഈ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ വേണ്ടി മാത്രം യു പിയിലെ മീററ്റില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ യാത്ര ചെയ്ത് വരികയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. വധിക്കുന്നതിന് മുമ്പ് കുട്ടിയുടെ ശരീരമുപയോഗിച്ച് ഇയാള്‍ ചില പൂജകള്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, വേണ്ടത്ര തെളിവുകളില്ല എന്ന കാരണത്താല്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.
കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട് പതിനാല് മാസങ്ങള്‍ക്കിപ്പുറം, അനേകായിരങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന വിധി പ്രസ്താവം നടക്കുമ്പോള്‍ ഒട്ടേറെ പേരുടെ ശക്തമായ ഇടപെടലുകള്‍ അതിനു പിന്നിലുണ്ട്. ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു നാടോടി കൂട്ടത്തിലെ ഒരു കുഞ്ഞിന് സംഭവിച്ച ഇത്തരമൊരു ദുരന്തം പുറം ലോകമറിയാതെ ഒതുക്കിതീര്‍ക്കപ്പെടുവാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. എന്നാല്‍, നീതി നടപ്പാകണമെന്നും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നും ആഗ്രഹിച്ച അനേകര്‍ ജീവിതത്തിന്റെ സുരക്ഷിത വലയങ്ങള്‍ വിട്ട് രംഗത്തെത്തിയതാണ് നിര്‍ണ്ണായകമായി മാറിയത്.
ഇത്തരം പൈശാചിക കൃത്യങ്ങള്‍ ചെയ്യുന്നവരുടെ ലക്‌ഷ്യം ഇനിയും തിരിച്ചറിയപ്പെടാത്ത പലതുമാകാം. അവയ്ക്കെതിരെ പോരാടാന്‍ നിയമത്തിനും ശിക്ഷകള്‍ക്കും പരിമിതികളുണ്ട്. എന്നാല്‍, സമൂഹത്തിന്റെ കണ്ണുകളും, ഹൃദയവും ദുര്‍ബ്ബലരായ വിഭാഗങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ അധര്‍മ്മത്തിനെതിരെ പോരാടുവാന്‍ മാത്രമല്ല, ദുരന്തങ്ങളെ അകറ്റിനിര്‍ത്തുവാനും സഹായകമാകും എന്ന് ഇത്തരം മുന്നേറ്റങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.