Voice of Truth

കങ്കാരുകെയര്‍ നല്‍കാന്‍ അച്ഛന്‍മാരും


സഞ്ചിമൃഗമെന്ന് നമ്മള്‍ വിളിക്കുന്ന കങ്കാരു തന്റെ കുഞ്ഞിനെ സഞ്ചിക്കുള്ളില്‍ ശരീരത്തോട് ചേര്‍ത്ത് ചൂടുനല്‍കി പരിചരിക്കും. പൂര്‍ണ്ണവളര്‍ച്ചയെത്താത്ത കങ്കാരുക്കുഞ്ഞുങ്ങള്‍ അമ്മയുടെ ചൂടും സ്പര്‍ശനവും ഏറ്റ് പാല്‍കുടിച്ച് വളരുന്നു. ഇതില്‍ നിന്നുള്ള പ്രചോദനമാകാം പണ്ടുകാലത്തും സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രത്യേക സഞ്ചിയിലാക്കി പുറത്തു കെട്ടിവെച്ച് പരിപാലിച്ചിരുന്നു. മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്കായി ഇത്തരം പരിപാലനമുറ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തിരിക്കുന്നു.

മാസം തികയാത്ത, ഭാരം ഒന്നരകിലോയില്‍ കുറവുള്ള കുഞ്ഞുങ്ങളെ അമ്മയുടെ മാറോട് ചേര്‍ത്ത് പൊതിഞ്ഞു സംരക്ഷിക്കുന്ന രീതിയാണ് കങ്കാരു കെയര്‍. അമ്മയുടെയും കുഞ്ഞിന്റെയും സ്‌കിന്‍ -റ്റു- സ്‌കിന്‍ ബന്ധം കുഞ്ഞിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ചൈനയിലെ നാഞ്ചിംഗ് പ്രവിശ്യയിലെ ചൈല്‍ഡ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ മാസം തികയാതെ പിറന്ന 2 കുഞ്ഞുങ്ങള്‍ക്ക് അവരുടെ അച്ഛന്‍മാര്‍ അമ്മമാരുടെ റോള്‍ ഭംഗിയായി ചെയ്തു. തൂക്കക്കുറവുള്ള 2 കുഞ്ഞുങ്ങളുടെയും പിതാക്കന്‍മാര്‍ സന്തോഷത്തോടെ തങ്ങളുടെ മക്കള്‍ക്കായി ആ ത്യാഗം ഏറ്റെടുക്കുകയായിരുന്നു. ദിവസേന 2 മണിക്കൂര്‍ വീതം കങ്കാരു കെയര്‍ കുഞ്ഞിനു നല്‍കാന്‍ അവര്‍ സഹകരിച്ചു. ഇത് ആദ്യമായാണ് കുട്ടികളുടെ അച്ഛന്‍മാര്‍ ഈ ആശുപത്രിയില്‍ കങ്കാരു കെയര്‍ നല്‍കാന്‍ മുന്നോട്ട് വന്നത്. ഇനി ഇത് മറ്റു പുരുഷന്‍മാര്‍ക്കും പ്രചോദനമാകട്ടെ.

തന്റെ കടിഞ്ഞൂല്‍ സന്താനവുമായി യുവദമ്പതികള്‍ ഒ.പിയിലേയ്ക്കു കടന്നുവന്നപ്പോള്‍ അച്ഛന്‍ എത്ര പൂര്‍ണ്ണതയോടെയാണ് തന്റെ നവജാതശിശുവിനെ കൈയ്യില്‍ വഹിക്കുന്നതെന്നു കണ്ടപ്പോള്‍ അഭിനന്ദിക്കാതിരിക്കുവാന്‍ സാധിച്ചില്ലാ. എന്നാല്‍ മറ്റു ചില പിതാക്കന്‍മാരാകട്ടെ 5- 6 മാസമാകും വരെ സ്വന്തം കുഞ്ഞിനെ കൈയ്യിലെടുക്കുവാന്‍ മടി കാണിക്കുന്നതായും കാണാനിട വന്നിട്ടുണ്ട് . കുഞ്ഞിന്റെ കഴുത്തുറയ്ക്കുന്ന കാലം വരെ തലയ്ക്കു സപ്പോര്‍ട്ട് കൊടുത്ത് നമ്മുടെ ശരീരത്തോട് ചേര്‍ത്ത് കുഞ്ഞിനെ എടുക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലാ. അത് പ്രോത്സാഹിപ്പിക്കേണ്ടതാണ്.

ചെറിയ കുഞ്ഞിനെ എടുക്കാന്‍ ഇഷ്ടമല്ലാ, പേടിയാണ് എന്നൊക്കെ ജാഢ പറയുന്ന പിതാക്കന്‍മാരുടെ ചിന്ത തന്റെ അഭിമാനത്തിന് കുഞ്ഞിനെ പരിചരിക്കുന്നത് വിഘാതമാണോയെന്ന് ഭയന്നാണ് !! സ്വന്തം കുഞ്ഞിനെ മടിയിലിരുത്തി തലോലിക്കുവാനും, കുളിപ്പിക്കുവാനും, കളിപ്പിക്കാനും, ഭക്ഷണം കൊടുക്കാനും പിതാക്കന്‍മാര്‍ക്കു സാധിക്കണം. അടയ്ക്കാ മടിയില്‍ വെയ്ക്കാം, അടയ്ക്കാമരം അങ്ങനെ പറ്റില്ലല്ലോയെന്ന ചൊല്ലുണ്ടല്ലോ. കുഞ്ഞുങ്ങള്‍ക്ക് ശൈശവത്തിലാണ് മാതാപിതാക്കളുടെ സ്‌നേഹവാല്‍സല്യങ്ങള്‍ ലഭിക്കേണ്ടത്.

Leave A Reply

Your email address will not be published.