മാസങ്ങളായി അനേകര്‍ ആകാംക്ഷയോടെ കാത്തിരുന്നതാണ് ജിയോ ബ്രോഡ്ബാന്‍ഡിന്റെ വരവ്. ചില സൂചനകള്‍ ജിയോ മുമ്പേ നല്‍കിയിരുന്നുവെങ്കിലും, താരിഫ് പ്ലാനുകളെക്കുറിച്ചും മറ്റും വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍, ടിവി, ലാന്‍ഡ് ഫോണ്‍, ഹൈസ്പീഡ് ഇന്റര്‍നെറ്റ് എന്നിവ ഉള്‍പ്പെടെ അറുനൂറുരൂപയ്ക്ക് ജിയോ ഫൈബര്‍ കണക്ഷന്‍ ഉടന്‍ അവതരിപ്പിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ആദ്യത്തെ ഒരു വര്‍ഷത്തേയ്ക്ക് ഈ സര്‍വീസുകള്‍ തുടര്‍ന്ന് സൗജന്യമായിരിക്കും എന്നും റിപ്പോര്‍ട്ട് ഉണ്ട്.
നിലവില്‍, ജിയോയുടെ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് സര്‍വീസുകളുടെ ടെസ്റ്റ് പല നഗരങ്ങളിലും നടക്കുന്നുണ്ട്. നാലായിരത്തിഅഞ്ഞൂറ് രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി നല്‍കിയ ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് തികച്ചും സൗജന്യമാണ്. കഴിഞ്ഞ ദിവസം ലൈവ് മിന്റ് എന്ന വെബ്സൈറ്റ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, അറുനൂറുരൂപ അടച്ചാല്‍ ആദ്യത്തെ ഒരു വര്‍ഷം സൗജന്യമായി ഇന്റര്‍നെറ്റും, അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കാന്‍ കഴിയുമത്രേ. അറുനൂറു രൂപയുടെ പ്രതിമാസ പ്ലാനാണ് ആദ്യത്തെ ഒരുവര്‍ഷം ജിയോ മൊബൈല്‍ കണക്ഷന്റെ മാതൃകയില്‍ സൗജന്യമായി ലഭിക്കുക.
ഭാരതത്തിലെ ഉപയോക്താക്കളേയും, വിവിധ സേവന ദാതാക്കളെയും, പൊതുവേ മാധ്യമരംഗത്തെയും സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരിക്കും ജിയോ ബ്രോഡ്ബാന്‍ഡിന്റെ കടന്നുവരവ്. നിരവധി വിദേശ രാജ്യങ്ങളില്‍ ഇതിനകം പ്രചാരം നേടി കഴിഞ്ഞുവെങ്കിലും ഐപി ടിവിയുടെ ഉപയോഗം ഇനിയും ഇന്ത്യയില്‍ പ്രചാരത്തിലെത്തിയിട്ടില്ല. ഇന്റര്‍നെറ്റിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ സാങ്കേതികവിദ്യയായ ഐപി ടിവിക്ക് ഉയര്‍ന്ന വേഗതയും, പരിധികളില്ലാത്തതുമായ ഇന്റര്‍നെറ്റ് കണക്ഷനുമാണ് അടിസ്ഥാനപരമായ ആവശ്യം. ഇന്നും നാം ആശ്രയിക്കുന്നത് ഏറിയപങ്കും സാറ്റലൈറ്റ് ചാനലുകളെയും ചുരുക്കം ചില കേബിള്‍ ചാനലുകളെയുമാണ്. സാറ്റലൈറ്റ് ചാനലുകളുടെ ഉയര്‍ന്ന പ്രവര്‍ത്തന ചിലവും, കേബിള്‍ ചാനലുകളുടെ പ്രചാരക്കുറവും അതിജീവിക്കാന്‍ ഐപി ടിവി ചാനലുകള്‍ക്ക് കഴിയും. കാഴ്ചക്കാരെ സംബന്ധിച്ചും, ചാനല്‍ ഉടമകളെ സംബന്ധിച്ചും പ്രത്യേകിച്ച് പുതുതായി ടിവി ചാനലുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചും ജിയോ ബ്രോഡ്ബാന്‍ഡ് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. ആദ്യഘട്ടത്തില്‍ അറുനൂറോളം ചാനലുകള്‍ ജിയോ വാഗ്ദാനം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഇന്ന് ലഭ്യമല്ലാത്ത നിരവധി ചാനലുകള്‍ കൂടുതലായി ലഭിച്ചേക്കാം. പുതിയതായി ടെലിവിഷന്‍ ചാനലുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നവരെ സംബന്ധിച്ച് കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ മികവോടെ കാഴ്ചക്കാരില്‍ എത്തിക്കുവാന്‍ ഐപി പ്ലാറ്റ്ഫോം അവസരമൊരുക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഇത്തരത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന നിരവധി ചാനലുകളുണ്ട്.
ഈ നാളുകളില്‍ പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ടിവിയുടെയും, മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങളുടെയും ഉപയോഗവും ജനപ്രിയതയും വര്‍ദ്ധിപ്പിക്കാനും ജിയോ ബ്രോഡ്ബാന്‍ഡ് കാരണമായേക്കും. ജിയോ ഫൈബറിന്റെ ആഗമനം ഒരു വിപ്ലവമായേക്കും എന്ന് കരുതുന്നവര്‍ അനവധിയാണ്.