അനവധി യുവജനങ്ങള്‍ സെല്‍ഫി എടുക്കുവാനായി ട്രെയിനിനുമുകളില്‍ കയറി അപകടങ്ങളില്‍ പ്പെടാറുണ്ട്. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിനു മുകളില്‍ കയറുന്നതുപോലും വളരെയേറെ അപകടകരമാണ്. 25000വോള്‍ട്ട് വൈദ്യുതിയാണ് ഓവര്‍ഹെഡ് വയറിലൂടെ പ്രവഹിക്കുന്നത്. ഹൈസ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ വരെ സെല്‍ഫി ഭ്രമത്താല്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ കാണിക്കുന്നു. ഈയിടെ 14 വയസ്സുകാരന്‍ ചന്ദ്രകാന്ത് നിര്‍ത്തിയിട്ട ട്രെയിനിനു മുകളില്‍ കയറി ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു. 80% പൊള്ളലേറ്റാണ് അവന്‍ ജീവന്‍ വെടിഞ്ഞത്.
സെല്‍ഫികള്‍ എടുത്ത് സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുന്നതുകൊണ്ട് എത്രപേര്‍ക്ക് ഗുണം ലഭിക്കുന്നു? ചില രോഗികളും കലാകാരന്മാരും മറ്റും ഇപ്രകാരം ശ്രദ്ധിക്കപ്പെട്ട് ജീവിതത്തിന് പുതിയ വഴി തുറന്നു ലഭിക്കാറുണ്ട്. പക്ഷെ ഓടുന്ന ട്രെയിനിന്റെ മുകളിലെ സാഹസം കണ്ടാല്‍ എന്തെങ്കിലും ഗുണകരമായ മാറ്റം ആ വ്യക്തിക്കുണ്ടാവുമോ ? അതുകണ്ട് അനുകരിക്കുവാന്‍ കുറേക്കൂടി കൗമാരക്കാര്‍ തയ്യാറായി അവരേയും വഴിതെറ്റിക്കുവാന്‍ നാം കാരണമാകുന്നുവെന്നു മാത്രം.
ഈയടുത്ത കാലത്ത് സെല്‍ഫി ഭ്രമത്താല്‍ ഓടുന്ന ട്രെയിനില്‍ നിന്ന് കൈവിട്ട് പ്ലാറ്റ്‌ഫോമിലേയ്ക്കിറങ്ങി വീണ്ടും ട്രെയിനിലേയ്ക്ക് ചാടിക്കയറുന്ന സെല്‍ഫിയെടുക്കുവാന്‍ ശ്രമിച്ച യുവാവിന്റെ അതിദാരുണമായ അന്ത്യം കണ്ടവരെങ്കിലും ഇത്തരം സാഹസത്തിന് മുതിരാതിരുന്നെങ്കില്‍!! ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നവര്‍ അവിടെ നിന്നും മാറി നില്‍ക്കാറില്ലാ. പിന്നീട് കയറുന്നവര്‍ക്ക് സ്ഥലം ലഭിക്കുക ബുദ്ധിമുട്ടാണ് . അതിന്റെയിടയിലാണ് കൈവിട്ട സര്‍ക്കസ്സ് കളിയും ഒരു കയ്യില്‍ നീട്ടിപ്പിടിച്ച മൊബൈലും.
വെള്ളത്തിലിറങ്ങിയെടുക്കുന്ന സെല്‍ഫി ദമ്പതികളെവരെ മരണക്കയത്തിലേയ്ക്ക് തള്ളി വിട്ടിട്ടുണ്ട്. അപകടം നടന്ന് സെല്‍ഫി നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്തും മുമ്പ് അപകടം ക്ഷണിച്ചു വരുത്താതിരിക്കാന്‍ നമുക്കു ശ്രമിക്കാം. സന്ദര്‍ശകരുടെ പ്രിയപ്പെട്ട ദക്ഷിണമുംബൈയിലെ മറൈന്‍ ഡ്രൈവ് ഉള്‍പ്പെടെ നഗരത്തിലെ 15 കേന്ദ്രങ്ങളില്‍ സെല്‍ഫി എടുക്കുന്നതിനു മുംബൈ പോലീസ് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. കുട്ടികളും യുവാക്കളുമടക്കം കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഇടങ്ങളാണിവ. അപകടസാധ്യതയേറിയ കടലിടുക്കുകളും ബീച്ചുകളും കോട്ടകളും പോലീസിന്റെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. ഈയടുത്ത ദിവസം സെല്‍ഫിയെടുത്ത കോളേജ് വിദ്യാര്‍ത്ഥിനി ബാന്ദ്രാതീരത്തു കടലില്‍ വീഴുകയും രക്ഷാശ്രമത്തിനിടെ യുവാവ് മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ത്ഥിനിയെ ഇനിയും കണ്ടെത്താനായില്ല. ലോക്കല്‍ ട്രെയിനുകളിലും ഷോപ്പിംഗ് മാളുകളിലും സെല്‍ഫിക്ക് നിരോധനം വേണമെന്ന് ആവശ്യമുയര്‍ന്നിരിക്കുന്നു. ഓടി വരുന്ന ട്രെയിനിന്റെ മുമ്പില്‍ നിന്ന് ഫോട്ടോ എടുക്കുന്ന വിഡ്ഢികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുവാന്‍ നമ്മുടെ നിയമനിര്‍മ്മാണം ഉതകിയാല്‍ കുറേയെറെ വൃഥാ പൊലിയുമായിരുന്ന ജീവന്‍ രക്ഷിക്കാനായേനെ. കിണറ്റിന്‍ കരയിലിരിക്കുന്ന സെല്‍ഫിയും അപകടത്തിലേക്ക് വഴി തെളിക്കുന്നു. സെല്‍ഫിഭ്രമം ചികിത്സിക്കേണ്ട മനോരോഗമായി തീര്‍ന്നിരിക്കുന്നു. ഡാമിലെ വെള്ളത്തിലേയ്ക്ക് കാലിറക്കി വെച്ച് ഒരു കൂട്ടം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ സെല്‍ഫി എടുക്കുമ്പോള്‍ ഒരാള്‍ക്ക് അടി തെറ്റി, കൂട്ടത്തിലുണ്ടായിരുന്നവരെ കടന്നു പിടിച്ചപ്പോള്‍ കൂട്ടത്തോടെ എല്ലാവരും വെള്ളത്തില്‍ വീണ് മരണപ്പെട്ടിട്ട് ആഴ്ചകള്‍ ഏറെയായില്ലാ.
അതിനാല്‍ സെല്‍ഫി ഭ്രമത്തോട് വിടപറയാനുള്ള കാലമായിരിക്കുന്നു ഇതാണ്.