തിരുവനന്തപുരം: മലയാള ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കായി കേരളസര്‍ക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നല്‍കുന്ന പരമോന്നത പുരസ്കാരമായ ജെ സി ഡാനിയല്‍ പുരസ്കാരം നടി ഷീലയ്ക്ക്. മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ 1992ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പുരസ്കാരത്തിന് മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയലിന്റെ പേര് നല്‍കുകയായിരുന്നു. നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്ന ടിഇ വാസുദേവനാണ് ആദ്യ പുരസ്‌കാരം നേടിയത്. തുടര്‍ന്ന്, തിക്കുറിശ്ശി, ജി ദേവരാജന്‍, യേശുദാസ്, നവോദയ അപ്പച്ചന്‍, എം ടി വാസുദേവന്‍നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി പ്രഗല്‍ഭരായ ഇരുപത്തഞ്ചോളം പേര്‍ക്ക് ഈ പുരസ്കാരം സമ്മാനിക്കുകയുണ്ടായിട്ടുണ്ട്. 2017ലെ ജെ സി ഡാനിയല്‍ പുരസ്കാരം നേടിയത് ശ്രീകുമാരന്‍ തമ്പി ആയിരുന്നു. ആരംഭത്തില്‍ കേരള സാസ്കാരിക വകുപ്പ് നിയമിക്കുന്ന പ്രത്യേക സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍, 1998ല്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കപ്പെട്ടതിനു ശേഷം പുരസ്കാര ജേതാവിനെ അക്കാദമി തെരഞ്ഞെടുക്കുന്നു. ആരംഭത്തില്‍ അമ്പതിനായിരം രൂപതും ശില്‍പ്പവും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരമായി നല്‍കിയിരുന്നെങ്കില്‍, ഇപ്പോള്‍ അവാര്‍ഡ് തുക അഞ്ചുലക്ഷമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2005ല്‍ പുരസ്കാരം നേടിയ ആറന്മുള പൊന്നമ്മയാണ് കഴിഞ്ഞ കാലത്ത് ജെ സി ഡാനിയല്‍ പുരസ്കാരം കരസ്ഥമാക്കിയ ഏക വനിത.
2018ലെ ജെ സി ഡാനിയല്‍ പുരസ്കാരം ലഭിക്കുന്നതോടെ ആദരിക്കപ്പെടുന്നത് മലയാള സിനിമയിലെ സമാനതകളില്ലാത്ത ഒരു കാലാകാരിയാണ്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികാ നായകന്മാരായി അഭിനയിച്ചതിന് അനശ്വര നടനായ പ്രേംനസീറിന്റെ ഒപ്പം, ഗിന്നസ് റെക്കോര്‍ഡ് ഷീലയ്ക്ക് ലഭിച്ചിട്ടുണ്ട്. നൂറ്റിമുപ്പത് സിനിമകളിലാണ് ഇരുവരും നായികാ നായകന്മാരായി വെള്ളിത്തിരയിലെത്തിയത്. ഒരു തവണ ദേശീയ അവാര്‍ഡും, നാല് തവണയായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കൂടാതെ മറ്റനവധി അംഗീകാരങ്ങളും ഷീല കരസ്ഥമാക്കിയിട്ടുണ്ട്.
മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമായി ഷീല 475 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1963ല്‍ എംജിആറിന്റെ പാശം എന്ന ചലച്ചിത്രത്തിലൂടെയാണ് പതിമൂന്നുവയസുകാരിയായിരുന്ന ഷീല ആദ്യമായി വെള്ളിത്തിരയിലെത്തിയത്. അന്ന് എംജിആര്‍ ഷീലയുടെ പേരിന്റെ കൂടെ ‘ദേവി’ എന്നുകൂടി ചേര്‍ത്തതോടെ ഷീല സെലിന്‍ പിന്നീട് ഷീല ദേവി എന്ന് തമിഴ് സിനിമാ രംഗത്ത് അറിയപ്പെട്ടു. ആദ്യമായി അഭിനയിച്ച സിനിമ തമിഴ് ആയിരുന്നുവെങ്കിലും, പ്രദര്‍ശനത്തിനെത്തിയത് പി ഭാസ്കരന്റെ ഭാഗ്യജാതകം ആയിരുന്നു. പാശത്തിന്റെ സെറ്റില്‍ വച്ച് ഷീലയെ കണ്ട പി ഭാസ്കരന്‍ തന്റെ അടുത്ത ചിത്രത്തില്‍ അവളെ നായികയായി അവതരിപ്പിക്കുകയായിരുന്നു.
തൃശൂര്‍ കണിമംഗലം സ്വദേശി ആന്റണിയുടെയും ഭാര്യ ഗ്രേസിയുടെയും മകളായി 1942 മാര്‍ച്ച് 24നാണ് ഷീല ജനിച്ചത്. റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനറായിരുന്ന പിതാവിനൊപ്പം വിവിധ നാടുകളിലായാണ് ഷീല വളര്‍ന്നത്. പിന്നീട് കുടുംബം കോയമ്പത്തൂര്‍ ഒരു വാടക വീട്ടില്‍ താമസമുറപ്പിക്കുകയും, സാമ്പത്തിക ക്ലേശം മൂലം പത്താംക്ലാസില്‍ വച്ച് ഷീല പഠനം അവസാനിപ്പിക്കുകയും ചെയ്തു. അക്കാലത്ത്, റെയില്‍വേ ക്ലബിന്റെ ഒരു നാടകത്തില്‍ നായികയ്ക്ക് പകരക്കാരിയായി വേദിയിലെത്തിതായിരുന്നു ആദ്യ അരങ്ങേറ്റം.
1982ല്‍ പുറത്തിറങ്ങിയ ആശ എന്ന ചലച്ചിത്രത്തിന് ശേഷം മലയാളത്തില്‍ ഷീല തിരിച്ചത്തിയത് രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം, 2003ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം മനസിനക്കരെയിലൂടെയാണ്. എന്നാല്‍, രണ്ട് തമിഴ് സിനിമകളില്‍ ഇടക്കാലത്ത് അഭിനയിച്ചിരുന്നു. 1976ലും, 1979ലുമായി രണ്ട് ചലച്ചിത്രങ്ങള്‍ ഷീല സംവിധാനം ചെയ്യുകയുമുണ്ടായി.