ജപ്പാനിലെ ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദം മനസും ശരീരവും മറന്നുള്ള ആഡംബരമായ ശരീരശുദ്ധിയാണ്. നമ്മുടെ നാട്ടിലെ കുളി എന്ന ഈ പ്രക്രിയയ്ക്ക് ജപ്പാന്‍കാര്‍ നല്‍കേണ്ട തുക 1000 യെന്‍ മുതല്‍ 10,000 യെന്‍ വരെയാണ്. എല്ലാ രോഗങ്ങളും പരിഹരിക്കാനുതകുന്നതാണ് നീരാവിയിലുള്ള ഈ സ്‌നാനമെന്നതാണ് വലിയ പ്രത്യേകത. ഇവിടുത്തെ എല്ലാ വീടുകളിലും രണ്ടുതരത്തിലുള്ള ബത്ത്ടബ്ബുകളെങ്കിലും ഉണ്ടാകും. നല്ല തണുത്ത വെള്ളത്തില്‍ സോപ്പുതേച്ച് പതപ്പിച്ചശേഷം നല്ല ചൂടുവെള്ളത്തില്‍ ഇറങ്ങിക്കിടക്കുകയാണ് സാധാരണ സ്‌നാനം.
എന്നാല്‍ വെള്ളത്തിനു പകരം പാല്‍ നിറച്ച ടാങ്ക്, നാരങ്ങാനീര് നിറച്ച ടാങ്ക്, കളിമണ്ണ് കലക്കിയ ടാങ്ക് എന്നിവയും ഇവിടുത്തെ ബാത്ത്‌ഷോപ്പുകളില്‍ ഉണ്ട്. ഇങ്ങനെ കുളിക്കാനെത്തുന്നവര്‍ ആദ്യം തണുത്ത വെള്ളത്തിലെ കുളിക്കുശേഷം തുടര്‍ന്ന് പൊള്ളുന്ന ചൂടുള്ള നീരാവിനിറഞ്ഞ മുറിയിലേക്ക് ആനയിക്കപ്പെടുന്നു. തണുപ്പിനുശേഷം ശരീരം അസഹ്യമായ ചൂടുകൊണ്ട് വിയര്‍ത്തുകുളിക്കും.
അല്പനിമിഷത്തിനുള്ളില്‍ അത് സുഖകരമായ ഒരവസ്ഥയായി മാറുന്നു. കുറെ സമയം ഈ സ്റ്റീംചേമ്പറില്‍ കഴിഞ്ഞശേഷം തറ നിരപ്പില്‍ കുഴിട്ടിയിരിക്കുന്ന ടാങ്കിലേക്കിറങ്ങുന്നു. ഈ വെള്ളത്തില്‍ കൈയോ കാലോ ഒന്നു തൊട്ടുനോക്കിയാല്‍ പൊള്ളുന്ന ചൂടാണ്. എന്നാല്‍ ശരീരം മൊത്തം ഈ വെള്ളത്തിലേക്കിറങ്ങിയാല്‍ അത്ര അസഹ്യമായ ചൂട് അനുഭവപ്പെടില്ല. ഈ വെള്ളം ശാരീരിക സൗഖ്യത്തിന് ഉപകരിക്കുന്ന വിവിധ മരുന്നുകളുടെ ലായനിയാണ്. പിന്നീട് മറ്റൊരു ടാങ്കിലേക്ക് അവര്‍ നടന്നടുക്കുന്നു. ഈ വെള്ളത്തില്‍ വൈദ്യുതി പ്രവാഹം അനുഭവപ്പെടുന്നു എന്നുള്ളതാണ് പ്രത്യേകത. ശരീരത്തിലെ ഓരോ കോശത്തിലും വൈദ്യുതതരംഗങ്ങള്‍ കടന്നുചെല്ലുന്ന പ്രതീതി ഉണ്ടാകുന്നു. പിന്നീട് തണുത്ത വെള്ളത്തില്‍ ഒരു തവണ കൂടി കുളിച്ചശേഷം നീരാവിയിലും പിന്നീട് തണുത്ത വെള്ളത്തില്‍ അവസാനമായും കുളിക്കണം. രണ്ടുമണിക്കൂര്‍ സമയമെടുക്കുന്ന ഈ സ്‌നാനം ഓരോ ജപ്പാന്‍കാരന്റെയും ഏറ്റവും ഇഷ്ടവിനോദമാണ്.
ജപ്പാന്‍കാര്‍ കാശുമുടക്കി കുളിക്കുമ്പോള്‍ ബര്‍മയിലെ ‘കാച്ചി’ വര്‍ഗത്തില്‍പെട്ടവര്‍ ജീവിതത്തില്‍ മൂന്നുതവണ മാത്രമേ കുളിക്കാറുള്ളൂവത്രേ. ഒന്ന് ജനിക്കുമ്പോഴുള്ള സ്‌നാനം. രണ്ടാമത് കല്യാണത്തിന് ദുര്‍ഗന്ധം കളഞ്ഞ് താലി ചാര്‍ത്താന്‍, മൂന്നാമത് മരിച്ചശേഷം മൃതദേഹത്തിലുള്ള സ്‌നാനം. മനസറിഞ്ഞ് കല്യാണനാളിലെങ്കിലുമൊന്ന് കുളിക്കുമല്ലോ… അതുതന്നെ ആശ്വാസം. ആദ്യത്തേതും അവസാനത്തേതും വ്യക്തിക്ക് ഓര്‍മയുണ്ടാവുകയില്ലല്ലോ.
അണയാത്ത ദീപം
ജപ്പാനിലെ കുട്ടികളും മുതിര്‍ന്നവരും പറയാറുള്ളൊരു കഥയാണ് ‘സദാക്കോ’യുടേത്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന സദാക്കോ മികച്ച കായികതാരം കൂടിയായിരുന്നു. എല്ലാവര്‍ക്കും അവളോട് അതിരറ്റ വാത്സല്യമായിരുന്നു. എന്നാല്‍ പെട്ടെന്നാണ് അണുബോംബിന്റെ റേഡിയേഷന്‍ മൂലം ബ്ലഡ്കാന്‍സര്‍ അവളെ പിടികൂടിയത്. അതോടെ അവള്‍ മരണത്തിന്റെ ദിനങ്ങളെണ്ണി തുടങ്ങി. സദാക്കോ രോഗബാധിതയായി എന്നറിഞ്ഞതോടെ അവളുടെ സഹപാഠികള്‍ നടുങ്ങി. ഒരു ചിത്രശലഭം പോലെ ഒഴുകി നടന്ന അവളുടെ ജീവിതം അവരെ ആര്‍ഷിച്ചിരുന്നു.
അവളുടെ ഒരു സ്‌നേഹിത അപ്പോഴാണ് സമ്മാനമായികടലാസ് കൊണ്ട് നിര്‍മ്മിച്ച കൊക്ക് അവള്‍ക്കു നല്കിയത്. ”കൊക്കുകള്‍ വളരെ വര്‍ഷം കഴിഞ്ഞേ മരിക്കൂ….അതുകൊണ്ട് ആയിരം കൊക്കിനെ ഉണ്ടാക്കിനോക്ക്. നിനക്ക് രക്ഷപെടാന്‍ കഴിയും.”
കൂട്ടുകാരിയുടെ വാക്കുകള്‍ അണയാറായ ദീപത്തിന് പ്രത്യാശയായി. സദാക്കോ ഉണര്‍ന്നു. പിന്നെയവള്‍ ധൃതഗതിയില്‍ കടലാസ് കൊക്കുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. 5, 10, 18, 36, 120 അവ വര്‍ദ്ധിച്ചുവന്നു. താന്‍ അനുനിമിഷം ഉന്മേഷവതിയായിത്തീരുന്നതായി അവള്‍ സ്വപ്‌നം കണ്ടു. ഓരോ ദിവസവും കടലാസുകൊണ്ട് കൊക്കിനെ നിര്‍മ്മിക്കുന്നതില്‍ മാത്രമായിരുന്നു അവളുടെ ശ്രദ്ധ. എന്നാല്‍ 700 എത്തുന്നതിനുമുമ്പേ ആ കുഞ്ഞു ജീവനെ ദൈവം തിരികെ വിളിച്ചു. അവളുടെ സഹപാഠികള്‍ സദാക്കോയുടെ പ്രവൃത്തി ഏറ്റെടുത്തു. അവര്‍ ബാക്കി കൊക്കുകള്‍ നിര്‍മ്മിച്ച് ആയിരം തികച്ചു. അവളുടെ മൃതദേഹത്തോടൊപ്പം ആ കൊക്കുകളെയും അവര്‍ അടക്കി. അങ്ങനെ മരണമില്ലാത്തവളായി സദാക്കോ ജനഹൃദയങ്ങളില്‍ ഇ ന്നും ജീവിക്കുന്നു. ജപ്പാനില്‍ സമാധാനസ്മാരകമായി അവളുടെ പ്രതിമയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ആ പ്രതിമയ്ക്ക് താഴെയായി ഇങ്ങനെയെഴുതിയിരിക്കുന്നു. ”വിശ്വം സമാധാനത്താല്‍ നിറയട്ടെ! ഇതാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയും.”