ന്യൂഡൽഹി: അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തിലൂടെ കേരളം ധന്യമായി.
സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ് പുരസ്കാരം. ഡൽഹിയിൽ ചേർന്ന സമിതി ഐകകണ്ഠ്യേനയാണ് പുരസ്കാരം നിർണ്ണയിച്ചത്.
11 ലക്ഷം രൂപയും സരസ്വതി ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. 93ാം വയസ്സിലാണ് ഈ അക്കിത്തത്തിന് പുരസ്കാരം ലഭിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം എന്നിവയും അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. ഈ കൃതിയിൽ നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികൾ ഏറെ പ്രസക്തമാണ്.
പാലക്കാട് കുമരനല്ലൂർ സ്വദേശിയായ അക്കിത്തം അച്യുതൻ നമ്പൂതിരി 43 ഓളം കൃതികൾ രചിട്ടിട്ടുണ്ട്
2017ൽ പദ്മശ്രീ നൽകി അക്കിത്തത്തെ രാജ്യം ആദരിച്ചിട്ടുണ്ട്.
മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്കാരമാണിത്. കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്.
തകഴി, എസ്കെ പൊറ്റക്കാട്, എംടി വാസുദേവൻനായർ, ഒഎൻവി കുറുപ്പ് എന്നിവരും ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയിട്ടുണ്ട്.