- ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് (ISWAP) തടവിലാക്കിയിരുന്ന പതിമൂന്ന് പേരിൽ ക്രൈസ്തവരായ പതിനൊന്നുപേരെയാണ് ക്രിസ്മസ് ദിനത്തിൽ കൊലചെയ്തത്.
- സിറിയയിലും ഇറാഖിലുമായി കൊല്ലപ്പെട്ട തങ്ങളുടെ നേതാക്കന്മാരുടെ രക്തത്തിന് പകരമാണ് ഈ കൂട്ടക്കുരുതിയെന്ന് ഐഎസ് വെളിപ്പെടുത്തിയതായി റിപ്പോർട്ട്.
- ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ബൊക്കോ ഹറാം ഭീകരർ ഒരു ക്രിസ്ത്യൻ വില്ലേജിൽ നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞയിടെ ഇറാഖിലും സിറിയയിലുമായി കൊല്ലപ്പെട്ട ഐഎസ് നേതാക്കളായ അബു ബക്കർ അൽ ബാഗ്ദാദിയുടെയും, അബുൽ ഹസൻ അൽ മുഹാജിറിന്റെയും ജീവന് പ്രതികാരമായാണ് നൈജീരിയയിൽ പതിനൊന്ന് ക്രൈസ്തവരുടെ ജീവനെടുത്തതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് വക്താക്കൾ പ്രതികരിച്ചതായി നൈജീരിയയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച വീഡിയോ ബുധനാഴ്ച ഭീകരർ പ്രസിദ്ധപ്പെടുത്തിയതായാണ് വിവരം. തടവിലുണ്ടായിരുന്ന പതിമൂന്നു പേരിൽ രണ്ട് മുസ്ലീങ്ങൾ ഒഴികെ പതിനൊന്നുപേരെ തങ്ങൾ വധിച്ചതായി വീഡിയോയിൽ അവർ അവകാശപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന അതിക്രമത്തിൽ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാജ്യത്തോടും പൌരന്മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി പ്രസ്താവനയില്‍ നൈജീരിയന്‍ ഭരണനേതൃത്വത്തെ അറിയിച്ചു.
ഈ കൂട്ടക്കുരുതിക്ക് ഏതാനും മണിക്കൂർ മുമ്പ് ക്രിസ്മസ് രാവിൽ ബൊക്കോ ഹറാം ഭീകരർ ക്രൈസ്തവരായ ഏഴ് ഗ്രാമീണരെയും വധിച്ചിരുന്നതായി നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകമെമ്പാടും വ്യാപകമായി അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ വിവിധ രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ പ്രതികരിച്ചിട്ടും മുഖ്യധാരാ മാധ്യമങ്ങൾ പലതും മൗനം അവലംബിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുകയാണ്.