മേയ് പതിനഞ്ചാം തിയ്യതി ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. തല്‍ഫലമായി ബിജെപിയ്ക്കെതിരെ ശക്തമായ ജനരോഷമാണ് ബംഗാളില്‍ ഉയര്‍ന്നിരിക്കുന്നത്. പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോൺഗ്രസ് ആണെന്ന പ്രത്യാരോപണം ഉയര്‍ത്തിക്കൊണ്ട് ബിജെപി രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും ബംഗാളിലെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് പുതിയ രൂപം നല്‍കുവാന്‍ ഈ സംഭവം കാരണമായി. കാരണം, തത്വചിന്തകനും, വിദ്യാഭ്യാസ വിദഗ്ദനും, സാമൂഹിക പരിഷ്കര്‍ത്താവുമായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ ബംഗാളി ജനതയെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള നവോദ്ധാന നായകനാണ്.
വിധവകളുടെ വിവാഹ അവകാശത്തിനുവേണ്ടി പോരാടി, ബ്രിട്ടീഷ് ലെജിസ്ലേറ്റീവ് കൗൺസിലിനെ സ്വാധീനിച്ച് ഹിന്ദു വിധവാ പുനര്‍വിവാഹ നിയമം പാസാക്കിച്ചത് അദ്ദേഹമാണ്. ശൈശവവിവാഹം തടയാന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുകയും, സ്ത്രീ വിദ്യാഭ്യാസത്തിന് അനുകൂലമായ സാമൂഹിക സാഹചര്യങ്ങള്‍ വരുത്തുകയും ചെയ്തതിന്റെ പിന്നിലും ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പരിശ്രമങ്ങളായിരുന്നു. ഹിന്ദുമതാചാരങ്ങളെ തകിടം മറിക്കുന്ന വിപ്ലവകാരിയായിട്ടാണ് അന്നത്തെ സമുദായാചാര്യന്മാര്‍ അദ്ദേഹത്തെ കണ്ടിരുന്നത്. അവരില്‍ നിന്നും ധാരാളം പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹം, അവ സഹിക്കാന്‍ കഴിയാതെ കല്‍ക്കട്ട ഉപേക്ഷിച്ചുപോവുകയും ചെയ്തിട്ടുണ്ട്. ബഹുഭാര്യാത്വം തടയാനുള്ള അദ്ദേഹത്തിന്‍റെ പരിശ്രമങ്ങളും ബംഗാളിലെ സാമൂഹിക ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കി.
ബംഗാളിഭാഷയുടെ വികാസത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം, ബംഗാളി സമൂഹത്തിന്റെ ഇന്ന് കാണുന്ന പുരോഗതിയ്ക്കാവശ്യമായ അടിത്തറ പാകിയാണ് ജീവിതം അവസാനിപ്പിച്ചത്. ബംഗാളിലെ മുഴുവന്‍ ജനതയുടെയും ആത്മാഭിമാനത്തിനേറ്റ മുറിവായിട്ടാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയുടെ തകര്‍ക്കല്‍ വീക്ഷിക്കപ്പെടുന്നത്. ഇത്, ബിജെപിക്ക് എതിരായ ജനവികാരമായി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്നാണ് ഇപ്പോള്‍ പലരുടെയും ആകാംക്ഷ.