ജോർജ് എഫ് സേവ്യർ വലിയവീടിന്റെ പുഴയെ വരയ്ക്കുവാനാകുമോ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും കാവ്യാലാപനങ്ങളും ഉൾപ്പെടുന്ന ഇപ്ലോ എഴുത്തുപുരയുടെ ‘കാവ്യസന്ധ്യ’ കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊല്ലം: എന്തെഴുതണം എങ്ങനെ എഴുതണം എന്നുള്ള എഴുത്തുകാരന്റെ അവകാശം നിഷേധിക്കപ്പെടുന്ന ഇ കാലഘട്ടത്തിൽ സാംസ്കാരിക സാമൂഹ്യ മേഖലയിലുള്ളവർ എഴുത്തുകാരാകുമ്പോൾ അവ തുറന്നു പറയുവാനും പ്രതികരിക്കുവാനുമുള്ള ശേഷി വർധിക്കുകയാണെന്ന് എം പി എൻ കെ പ്രേമചന്ദ്രൻ. ഇപ്ലോയുടെ സാഹിത്യവിഭാഗമായ ഇപ്ലോ എഴുത്തുപുരയുടെ ആഭിമുഖ്യത്തിലുള്ള കാവ്യസന്ധ്യ കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം പി. ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നിടത്ത് കവിക്കും കവിതയ്ക്കും പ്രസക്തിയേറുകയാണ്. ചോദ്യം ചോദിക്കുന്നവർ നിശബ്ദരാക്കപ്പെടുമ്പോൾ കവിതകൾ നീതി നിഷേധങ്ങൾക്കെതിരെയുള്ള ചോദ്യങ്ങളായി ഉയരണം എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഇപ്ലോ എഴുത്തുപുര കോർഡിനേറ്റർ ഡോ സജി കരിങ്ങോല അധ്യക്ഷത വഹിച്ച കാവ്യസന്ധ്യയിൽ ജോർജ് എഫ് സേവ്യർ വലിയവീട് രചിച്ച നാലാമത്തെ കാവ്യസമാഹാരമായ ‘പുഴയെ വരയ്ക്കുവാനാകുമോ’എന്ന പുസ്തകത്തിന്റെ പ്രകാശനം ‘ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ ‘എന്ന കവിതയിലൂടെ സാധാരണക്കാരന്റെ ഹൃദയത്തിൽ ഇടം പിടിച്ച കവിയും സിനിമാഗാന രചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ വിശ്വഗുരു സിനിമയിലെ നായകകഥാപാത്രം വഴി ഗിന്നസ് ബുക്കിൽ പ്രവേശിച്ച സിനിമ നാടകനടൻ കെ പി എ സി ലീലാകൃഷ്ണന് പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു. കാഥികനും,കവിയും സാഹിത്യവിമർശകനുമായ വി വി ജോസ് കല്ലട പുസ്തക പരിചയം നടത്തി.
പുസ്തകത്തിന്റെ മുഖചിത്രപ്രകാശനം റിട്ടയേർഡ് എ ഈ ഒ എം എം സിദ്ധിഖ് നിർവഹിക്കുകയും ഇസ്‌ക്ര പ്രസിഡന്റ് ഇഗ്‌നേഷ്യസ് ജി ജോസ് മുഖചിത്രം സ്വീകരിക്കുകയും ചെയ്തു . ചിത്രകാരൻ കെ വി ജ്യോതിലാൽ മുഖചിത്ര അവലോകനം നടത്തി. കെ സി ബി സി പ്രോലൈഫ് സമിതി തിരുവനന്തപുരം മേഖല സമിതി ട്രഷറർ ഇഗ്‌നേഷ്യസ് വിക്ടർ കവിയെ ആദരിച്ചു. കാവ്യസമാഹാര രചയിതാവ് ജോർജ് എഫ് സേവ്യർ വലിയവീട് മറുപടി പ്രസംഗം നടത്തി
തുടർന്ന് ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, അജിത് മാടൻനട, ജോസ്ഫിൻ ജോർജ് വലിയവീട്എന്നിവർ സംസാരിച്ചു . ഇമ്‌നാ ജോർജ് വലിയവീട്, ഐശ്വര്യ എന്നിവർ കവിതാലാപനത്തിനു നേതൃത്വം നൽകി.