ഭക്ഷ്യാവശ്യത്തിന് ഏറെപ്പേരും പതിവായി ഉപയോഗിക്കുന്ന പായ്ക്കറ്റ് ഉപ്പുപൊടികളിൽ മാരകമായ വിഷാംശങ്ങൾ അടങ്ങിയിരിക്കുന്നു എന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൺസ്യൂമർ ആക്ടിവിസ്റ്റ് ആയ, ശിവ് ശങ്കർ ഗുപ്തയെ ഉദ്ധരിച്ചുകൊണ്ടാണ് PTI, Newswire തുടങ്ങിയ പ്രമുഖ വാർത്താ ഏജൻസികൾ ഈ വാർത്ത നൽകിയിരിക്കുന്നത്.
പൊട്ടാസ്യം ഫെറോസയനേഡ് പോലുള്ള മാരകമായ വിശാംശങ്ങളാണ് ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന പ്രീമിയം അയഡൈസ്ഡ് ഉപ്പിൽ അടങ്ങിയിരിക്കുന്നത് എന്ന് ശിവ് ശങ്കർ ഗുപ്ത മുന്നറിയിപ്പ് നൽകുന്നു. ഈ വിഷയത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും, അത് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
“തങ്ങൾ പൊട്ടാസ്യം ഫെറോസയനേഡ് നിയന്ത്രിതമായ അളവിൽ ഉപയോഗിക്കുന്നുണ്ട് എന്ന് ഒരു പ്രമുഖ കമ്പനി കഴിഞ്ഞയിടെ തുറന്ന് സമ്മതിക്കുകയുണ്ടായി. മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നതും എന്നാൽ, ഏറെക്കാലം മുമ്പ്തന്നെ അമേരിക്കയും, ബ്രിട്ടനും പോലുള്ള രാജ്യങ്ങളും നിരോധിച്ചവയുമായ ഇത്തരം രാസവസ്തുക്കൾ ഇന്നും ഇന്ത്യൻ കമ്പനികൾ ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാർക്ക് അതിന്റെ വാസ്തവങ്ങൾ മനസിലാക്കുക എളുപ്പമല്ല.” അദ്ദേഹം പറയുന്നു.
“കഴിഞ്ഞ ഇരുപത് വർഷങ്ങളായി വിപണിയെ ഭരിച്ചുപോരുന്ന പേരുകേട്ട കമ്പനികൾ മനുഷ്യർക്ക് വിളമ്പിയിരുന്നത് വിഷയമായിരുന്നു എന്ന് വിശ്വസിക്കുക അൽപ്പം ബുദ്ധിമുട്ടാണ്.” ഉപ്പിനെ വിഷവിമുക്തമാക്കാനായി പ്രയത്നിക്കുന്ന ഗുപ്തയുടെ വാക്കുകളാണ് ഇവ. ചില ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ഈ വിഷയത്തിന്റെ ഗൗരവം വിശദീകരിക്കുന്നതിനായി മാധ്യമങ്ങളെ കണ്ടിരുന്നു. “സമീപകാലത്തെ പഠനങ്ങൾ വെളിപ്പെടുത്തുന്നതനുസരിച്ച്, പ്രശസ്തമായ കമ്പനികളുടെ അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നവർക്കിടയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാണപ്പെടുന്നുണ്ട്. സ്ഥിരമായി ഇതുപയോഗിക്കുന്നവർക്ക് ഉയർന്ന രക്തസമ്മർദ്ദവും, ജീവനുതന്നെ ഭീഷണിയാകുന്ന ചില രോഗലക്ഷണങ്ങളും കാണപ്പെടുന്നു.”
ഈ മേഖലയിൽ ജാഗ്രത പുലർത്തേണ്ട ഔദ്യോഗിക സംവിധാനങ്ങളുടെ അലംഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ഗുപ്തയുടെ ആരോപണം. ഭക്ഷ്യയോഗ്യമായ ഉപ്പ് എന്നപേരിൽ എന്തും വിറ്റഴിക്കാൻ കോർപ്പറേറ്റ് ഭീമന്മാർക്ക് അവർ അവസരമൊരുക്കുകയാണ് എന്ന് അദ്ദേഹം പറയുന്നു. പ്രകൃതിദത്തമായഉപ്പിനെക്കാൾ വളരെ കുറഞ്ഞ നിലവാരം മാത്രമുള്ള രാസവസ്തുവാണ് ഗുണമേന്മയുള്ള അയഡൈസ്ഡ് ഉപ്പ് എന്നപേരിൽ വിറ്റഴിക്കപ്പെടുന്നതിൽ അധികവും.
“നമ്മുടെ തീരപ്രദേശങ്ങളിൽ, ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച പ്രകൃതിദത്തമായ ഉപ്പ് ലഭ്യമാണ്. രാജസ്ഥാനിലെ സാംഭർ തടാകത്തിൽനിന്ന് ലഭിക്കുന്നതിലും മികച്ച ഉപ്പ് ലോകത്ത് മറ്റെവിടെയും ലഭിക്കില്ല. എന്നാൽ, ദൗർഭാഗ്യവശാൽ, മികച്ചത് എന്നപേരിൽ ഇവിടെ വിറ്റഴിക്കപ്പെടുന്നത് ഇൻഡസ്ട്രിയൽ സാൾട്ട് ആണ്. നമുക്ക് ലഭ്യമായ പ്രകൃതിദത്ത ഉപ്പിൽ എൺപതിലധികം ധാതുലവണങ്ങൾ അടങ്ങിയിട്ടുണ്ട്. വിപണിയിൽ ലഭിക്കുന്ന റിഫൈൻഡ് ഉപ്പിനെക്കാൾ എന്തുകൊണ്ടും മികച്ചവയാണ് അവ.”
ഗോധം ഗ്രെയ്ൻസ് ആൻഡ് ഫാംസ് പ്രോഡക്ട്സിന്റെ ചെയർമാൻകൂടിയായ ഗുപ്ത, ഇന്ത്യയിൽ ലഭ്യമായ വിവിധയിനം ഉപ്പിന്റെ പരിശോധനാ റിപ്പോർട്ട് രണ്ടുമാസങ്ങൾക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. അമേരിക്കൻ വെസ്റ്റ് അനലിറ്റിക്കൽ ലബോറട്ടറിയിൽനിന്നു ലഭിച്ച പരിശോധനാഫലം അനുസരിച്ച് സാംഭർ റിഫൈൻഡ് സാൾട്ടിൽ 4.71 മില്ലിഗ്രാം/ കിലോഗ്രാമും, ടാറ്റാ സാൾട്ടിൽ 1.9 മില്ലിഗ്രാം/ കിലോഗ്രാമും പൊട്ടാസ്യം ഫെറോസയനേഡ് അടങ്ങിയിരിക്കുന്നു.