Voice of Truth

എന്റെ സിനിമകളിലൂടെ ആര്‍ക്കെങ്കിലുമൊക്കെ നന്മകള്‍ ഉണ്ടാകണം: സംവിധായകൻ ജിസ് ജോയ്

ജിസ് ജോയ് എന്ന യുവസംവിധായകനെ മലയാളികള്‍ അടുത്തറിഞ്ഞുതുടങ്ങിയിട്ട് ഏറെക്കാലമായില്ല. അഞ്ഞൂറില്‍ പരം പരസ്യചിത്രങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞിരിക്കുന്ന ‘ലൈറ്റ്‌സ് ഓണ്‍’ എന്ന കമ്പനിയുടെ ഉടമയും അത്രയുംതന്നെ പരസ്യ ചിത്രങ്ങളുടെ സംവിധായകനും കൂടിയാണ് ജിസ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ചാനല്‍ പ്രൊഡ്യൂസര്‍, അവതാരകന്‍, സ്‌റ്റേജ് പെര്‍ഫോമര്‍ തുടങ്ങി അനവധി മേഖലകളില്‍ കഴിവ് തെളിയിച്ചുകഴിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ ശബ്ദം ഒരുപക്ഷെ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതമാണ്. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്റെ മലയാളശബ്ദം ജിസ് ജോയിയുടേതാണ്. സിനിമാരംഗത്തേയ്ക്ക് കടന്നുവന്ന ശേഷം സംവിധാനത്തിന് പുറമേ, തിരക്കഥാ, സംഭാഷണ, ഗാന രചനാ മേഖലകളിലും ജിസ് കഴിവ് തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. 2013ല്‍ പുറത്തിറങ്ങിയ ബൈസിക്കിള്‍ തീവ്‌സ്, 2017ല്‍ പുറത്തിറങ്ങിയ സണ്‍ഡേ ഹോളിഡേ, ഈ വർഷം റിലീസായ വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ ചിത്രങ്ങളുടെ മികച്ച വിജയവും നിരൂപക പ്രശംസയും മാത്രം മതി ഈ പ്രതിഭയുടെ കഴിവ് തിരിച്ചറിയാന്‍.

എറണാകുളം വാഴക്കാല സ്വദേശിയായ ജിസ് ജോയിയുടെ പിതാവ് തോമസ് ജോയ്, അമ്മ പുഷ്പ്പ. നൈജിയാണ് ഭാര്യ. രണ്ടു മക്കള്‍, യോഹാന്‍, നിതാര.

ജയസൂര്യയ്ക്ക് പിന്നാലെ ഡബ്ബിംഗ് രംഗത്തേയ്ക്ക്

കോളേജ് വിദ്യാഭ്യാസകാലം മുതല്‍ തന്നെ, മിമിക്രി, സ്‌റ്റേജ് പെര്‍ഫോമന്‍സ് രംഗങ്ങളില്‍ സജീവമായിരുന്നു. അക്കാലത്ത് നടന്‍ ജയസൂര്യയുമൊന്നിച്ച് ‘ടു മാന്‍ ഷോ’ ചെയ്തിരുന്നു. ജയസൂര്യ സീരിയല്‍, സിനിമ മേഖലകളില്‍ കടന്നുവരുന്നതിന് മുമ്പുള്ള കാലമായിരുന്നു അത്. ധാരാളം സീരിയലുകള്‍ അക്കാലത്ത് ചെയ്തിരുന്ന യന്ത്ര മീഡിയയിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്നു ജയസൂര്യ. തുടര്‍ന്ന് അദ്ദേഹത്തിന് സീരിയലിലും സിനിമയിലും തിരക്കായപ്പോള്‍ ആ ഒഴിവിലേയ്ക്ക് ഞാന്‍ കടന്നുവന്നു. എംകോമിന് ജോയിന്‍ ചെയ്ത ആ കാലം മുതല്‍, ദിവസം എട്ടും പത്തും സീരിയലുകള്‍ വച്ച് വര്‍ഷങ്ങളോളം നായകന്‍, വില്ലന്‍ വേഷങ്ങള്‍ക്ക് വേണ്ടി അനവധി സീരിയലുകളില്‍ ഡബ്ബ് ചെയ്തിരുന്നു. വാസ്തവത്തില്‍ ദൃശ്യ മാദ്ധ്യമരംഗത്തേയ്ക്കുള്ള കടന്നുവരവ് അങ്ങനെയായിരുന്നു. സീരിയലുകള്‍ക്ക് പുറമേ പിന്നീട് സിനിമകള്‍ക്കും ഡബ്ബ് ചെയ്യാന്‍ ആരംഭിച്ചു. ആദ്യം ചെയ്തത് ജയസൂര്യ നായകനായ വിനയന്‍ സാറിന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രമായിരുന്നു. ആ സിനിമയില്‍ ഞാനും ജയസൂര്യയും കൂടി ഇരുപത്തിരണ്ടോളം കഥാപാത്രങ്ങള്‍ക്കാണ് ശബ്ദം നല്‍കിയത്. പിന്നീടിങ്ങോട്ട് ഇതുവരെ അഞ്ഞൂറോളം സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യ സിനിമയായ ബൈസിക്കിള്‍ തീവ്‌സിനു ശേഷവും ഡബ്ബ് ചെയ്തിട്ടുണ്ട്. അക്കാലത്ത് അനേകം പ്രതിഭാധനരായ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാനും അവരുമായി അടുത്ത് ഇടപഴകുവാനും കഴിഞ്ഞത് വലിയ അനുഗ്രഹമായി മാറി.

കായംകുളം കൊച്ചുണ്ണി എന്ന സീരിയലില്‍ ഡബ്ബ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അത് കേട്ടാണ് അല്ലു അര്‍ജ്ജുന്റെ സിനിമയില്‍ ഡബ്ബ് ചെയ്യുന്നതിനായി വിളിക്കുന്നത്. ആര്യ എന്ന സിനിമ മുതല്‍, ഇരുപത്തഞ്ചോളം സിനിമകളില്‍ അല്ലു അര്‍ജ്ജുന്റെ നായകവേഷങ്ങള്‍ക്ക് ശബ്ദം നല്‍കിക്കഴിഞ്ഞു. ഇത്രയും സിനിമകളിലൂടെ മലയാളികള്‍ കേട്ട് ശീലിച്ച ശബ്ദം മാറിയാല്‍ ബുദ്ധിമുട്ടാകും എന്നതിനാല്‍ ഇപ്പോഴും അല്ലു അര്‍ജ്ജുന് വേണ്ടി ഡബ്ബ് ചെയ്യുന്നുണ്ട്.

ചാനല്‍ രംഗത്തേയ്ക്ക്…

പിന്നീട് ജയസൂര്യയും ഞാനും ഒരുമിച്ച് എറണാകുളം എസിവി യില്‍ ചില പ്രോഗ്രാമുകള്‍ ആരംഭിച്ചു. ഞങ്ങള്‍ തന്നെ പ്രൊഡ്യൂസര്‍മാരും അവതാരകരുമായി. ജെ ആന്‍ഡ് ജെ മീഡിയ എന്ന ബാനറിലാണ് പ്രോഗ്രാമുകള്‍ ചെയ്തിരുന്നത്. അക്കാലത്ത് ചെയ്ത ചില പ്രോഗ്രാമുകള്‍ കണ്ടിട്ടാണ് വിനയന്‍ സാര്‍ ജയസൂര്യയെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലേയ്ക്ക് ക്ഷണിക്കുന്നത്.

പിന്നീട് ജീവന്‍ ടിവി ആരംഭിച്ചപ്പോള്‍ എന്നെ അവിടെ പ്രോഗ്രാം പ്രൊഡ്യൂസറായി വിളിച്ചു. മിസ്റ്റി കളേഴ്‌സ്, ചോക്കലേറ്റ്‌സ് തുടങ്ങി കുറെയേറെ പ്രോഗ്രാമുകളും ഇവന്റുകളും ജീവന്‍ടിവിക്ക് വേണ്ടി ആ കാലത്ത് സംവിധാനം ചെയ്തിരുന്നു. വിഷ്വല്‍ മീഡിയയെ അടുത്തറിയുന്നത് ജീവന്‍ ടിവിയില്‍ വച്ചാണ്. അക്കാലത്ത്തന്നെ ഞാനും എന്റെ ഒരു സുഹൃത്തും ചേര്‍ന്ന് ‘മെയിന്‍ സ്ട്രീം ആഡ്‌സ്’ എന്ന പേരില്‍ ഒരു പരസ്യക്കമ്പനി ആരംഭിച്ചിരുന്നു. ഫെഡറല്‍ ബാങ്ക്, സ്‌കൂബീ ഡേ ബാഗ് തുടങ്ങിയ പലര്‍ക്കും വേണ്ടി പരസ്യങ്ങള്‍ ചെയ്തിരുന്നു. ആരുടേയും കൂടെ സംവിധാനസഹായിയായി പ്രവര്‍ത്തിക്കുകയോ ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിക്കുകയോ ചെയ്തിരുന്നില്ല എങ്കിലും, പരസ്യചിത്രങ്ങള്‍ ചെയ്തുകൊണ്ട് തന്നെ സംവിധാനം എന്താണെന്ന് പഠിച്ചുകൊണ്ടിരുന്നു.

ക്രിയാത്മകമായ പരസ്യചിത്രങ്ങള്‍

‘ലൈറ്റ്‌സ് ഓണ്‍’ എന്ന പരസ്യകമ്പനി ഇന്ന് സ്വന്തമായുണ്ട്. ഭാര്യ നൈജിയാണ് അതിന്റെ അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ് സംബന്ധമായ കാര്യങ്ങള്‍ നോക്കുന്നത്. ഇതിനകം അഞ്ഞൂറോളം ആഡ് ഫിലിംസ് ചെയ്തിട്ടുണ്ട്. ഒടുവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് മോഹന്‍ലാല്‍ നായകനായ പത്ത് പരസ്യചിത്രങ്ങളാണ്.
ഒരുപക്ഷെ, താരതമ്യപ്പെടുത്താന്‍ കഴിയാത്ത വ്യത്യസ്ഥമായ രണ്ട് മേഖലകളാണ് പരസ്യവും സിനിമയും. ഒരു കഥയുടെ ഏറ്റവും സൂക്ഷ്മമായ ഭാവം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒപ്പിയെടുക്കുകയാണ് ഒരു പരസ്യചിത്രം. ഒരു ഒത്ത സിനിമയ്ക്ക് എന്നതുപോലെതന്നെ ചില ലക്ഷണങ്ങളും, കഥാമുഹൂര്‍ത്തങ്ങളും പരസ്യചിത്രത്തിനുമുണ്ട്.

ഒരു പരസ്യ ചിത്രത്തിൻറെ ചിത്രീകരണത്തിനിടെ മോഹൻലാലിനൊപ്പം

ഒരു പരസ്യചിത്രത്തിലൂടെ ഒരു പ്രൊഡക്ട് അവതരിപ്പിക്കുമ്പോള്‍ കാഴ്ചക്കാര്‍ തിരിച്ചറിയേണ്ട അതിന്റെ സവിശേഷത എന്തായിരിക്കണം എന്നത് പഠിച്ച് അവതരിപ്പിക്കുവാന്‍ ശ്രദ്ധിക്കാറുണ്ട്. മാര്‍ക്കറ്റില്‍ ലഭ്യമായ എണ്ണമറ്റ ഉല്‍പ്പന്നങ്ങളില്‍ പ്രത്യേകമായൊന്ന് എന്തുകൊണ്ട് വാങ്ങണം എന്ന ആലോചനയുടെ ഉത്തരമായിരിക്കണം ആ പരസ്യമായി അവതരിപ്പിക്കപ്പെടേണ്ടത്. ഇത്തരത്തില്‍, ഇതിനകം ചെയ്തുകഴിഞ്ഞ അഞ്ഞൂറ് പരസ്യചിത്രങ്ങള്‍ക്കും പിന്നില്‍ ദീര്‍ഘമായ ആലോചനകളുണ്ടായിരുന്നു. ഇത്തരം പരിചയങ്ങള്‍ സിനിമയെയും സൂക്ഷ്മതയോടെ സമീപിക്കാന്‍ സഹായകമായിട്ടുണ്ട്. സിനിമയിലേയ്ക്ക് കടന്നുവന്നപ്പോള്‍ സാങ്കേതികമായ ആശയക്കുഴപ്പങ്ങളൊന്നും കൂടാതെ അത് പൂര്‍ത്തിയാക്കുവാനും പരസ്യചിത്രങ്ങള്‍ സഹായിച്ചു.

ആദ്യത്തെ സിനിമാസംരംഭം

മുന്നൂറില്‍ പരം പരസ്യചിത്രങ്ങള്‍ ചെയ്ത പരിചയവുമായാണ് 2013ല്‍ ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയത്. അതുവരെ മുപ്പത് സെക്കന്റുകള്‍കൊണ്ട് അവതരിപ്പിച്ചിരുന്നത് രണ്ടരമണിക്കൂരില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്ത അല്‍പ്പം ആശങ്ക സൃഷ്ടിച്ചിരുന്നു. പരിശ്രമത്തിന്റെയും, മാനസികമായ ഒരുക്കത്തിന്റെയും കാര്യത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട് എന്നതായിരുന്നു ഒരു കാരണം. പരസ്യത്തിനുവേണ്ടി ഒന്നോ രണ്ടോ ദിവസം ചെയ്തിരുന്ന സ്ഥാനത്ത്, നാല്‍പ്പത്തഞ്ചോ അതില്‍ കൂടുതലോ ദിവസം സെറ്റിനെ റൂള്‍ ചെയ്യുക എന്ന ഉത്തരവാദിത്തം കഠിനമായി അനുഭവപ്പെട്ടു.

നടൻ ആസിഫ് അലിക്കൊപ്പം

സന്മനസോടെ സഹകരിച്ചവരുടെ വിശ്വാസം വലിയ ആത്മബലം പകര്‍ന്നിരുന്നു. ബൈസിക്കിള്‍ തീവ്‌സ് എന്ന ആ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത് ആസിഫ് അലിയും, നിര്‍മ്മാണം ധാത്രിയും, വിതരണം ഏറ്റെടുത്തത് യുടിവിയുമായിരുന്നു. മുമ്പ് സിനിമ ചെയ്യുകയോ, അസ്സിസ്റ്റ് ചെയ്യുകയൊ ചെയ്തിട്ടുണ്ടായിരുന്നില്ലെങ്കിലും കുറെയേറെ പരസ്യചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് എന്നത് തന്നെയായിരുന്നു അവര്‍ക്കെല്ലാം എന്നിലുള്ള വിശ്വാസം. അതിനാല്‍ തന്നെ ആദ്യത്തെ സിനിമ മോശമാക്കില്ല എന്ന് അവര്‍ ചിന്തിച്ചിരുന്നു.

വര്‍ഷങ്ങളോളം ഒട്ടേറെ പരസ്യങ്ങള്‍ ചെയ്തിട്ടും എന്നെ അതുവരെയും ആരും അറിഞ്ഞിരുന്നില്ലെങ്കില്‍, ഇന്ന് അനേകര്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും പതിവായി ആശയവിനിമയം നടത്തുന്നു, അഭിപ്രായങ്ങള്‍ പറയുന്നു.

പതിനായിരം വേദികളിലെ പ്രസംഗത്തെക്കാള്‍ ശക്തം…

സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ലാല്‍ജോസിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘പതിനായിരം വേദികളില്‍ കയറിനിന്ന് പ്രസംഗിക്കുന്നതിനേക്കാള്‍ നല്ലതല്ലേ സര്‍, ഒരു സിനിമയെടുക്കുന്നത്?’ എന്ന്. വാസ്തവത്തില്‍ അത് എന്റെ ചിന്തയാണ്. സിനിമയുടെ സാധ്യതകളും സ്വാധീനശേഷിയും അനന്തമാണെന്ന് ഞാന്‍ കരുതുന്നു. ജനഹൃദയങ്ങളിലേയ്ക്ക് ഇത്രമാത്രം ശക്തമായി ഇറങ്ങിച്ചെല്ലാന്‍ കഴിവുള്ള മറ്റേത് കലാസൃഷ്ടിയാണുള്ളത്? ഇത്രമാത്രം സാധ്യതകളുള്ള ഒരു സ്ഥാനത്ത് കടന്നുവന്നുവെങ്കില്‍ അത് ഭംഗിയായി ഉപയോഗിക്കുവാനുള്ള ബാധ്യതയും എനിക്കുണ്ടെന്ന് കരുതുന്നു.
പരസ്യത്തിലായാലും, സിനിമയിലായാലും നല്ല ചിന്തകള്‍ കൊടുക്കുക എന്നത് മാത്രമാണ് ആഗ്രഹം. അത്തരം കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായതിനാല്‍ മാത്രം, ധാരാളം പണം കിട്ടിയേക്കുമായിരുന്ന ചില പ്രോജക്ടുകള്‍ വേണ്ടെന്ന് വയ്ക്കുകകൂടിയുണ്ടായിട്ടുണ്ട്. ഞാന്‍ ഒരു സിനിമാക്കാരന്‍ ആവുമെന്നോ, തിരക്കഥയെഴുതുമെന്നോ, പാട്ട് എഴുതുമെന്നോ ഒരുകാലത്ത് കരുതിയിരുന്നില്ല. ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ സിനിമയിലൂടെ ആര്‍ക്കെങ്കിലുമൊക്കെ നന്മകള്‍ ഉണ്ടാകണം എന്നാണ്. പ്രചോദനം പകരുന്ന ചിന്തകളാവണം കാഴ്ചക്കാര്‍ക്ക് നല്‍കേണ്ടത്. ഒരാളും നെഗറ്റീവ് ചിന്തകളോടെ തിയേറ്റര്‍ വിട്ട് ഇറങ്ങിപ്പോകാന്‍ പാടില്ല.

അടിസ്ഥാനപരമായി ഒരു ദൈവവിശ്വാസിയും ഒരു ക്രൈസ്തവനുമാണ് ഞാന്‍. മതത്തെ മാറ്റി നിര്‍ത്തി ചിന്തിച്ചാലും, ഞാന്‍ മനസിലാക്കിയ ക്രിസ്തു എന്നെ മനസിലാക്കുന്നോ എന്ന് ഓരോ കഥാസന്ദര്‍ഭങ്ങളെയും മുന്‍നിര്‍ത്തി ചിന്തിക്കാറുണ്ട്. എന്റെ പേനയിലൂടെ കുറിക്കപ്പെടുന്ന വാക്കുകളും ആശയങ്ങളുമൊന്നും എന്റേതല്ല എന്നതാണ് വാസ്തവം. എന്നെ നന്മയ്ക്കായി ഉപയോഗിക്കേണമേ എന്ന പ്രാര്‍ത്ഥനയ്ക്ക് ലഭിക്കുന്ന ഉത്തരം മാത്രമാണ് ഓരോ വാക്കുകളും. ചില ട്വിസ്റ്റുകളെക്കുറിച്ച് ആളുകള്‍ ചോദിക്കാറുണ്ട്, എങ്ങനെ അത്തരത്തില്‍ ആലോചിച്ചു എന്ന്. വാസ്തവത്തില്‍, എഴുതാനിരിക്കുമ്പോള്‍ മറ്റേതോ ശക്തിയാണ് അത്തരം ആശയങ്ങളൊക്കെയും എനിക്ക് നല്‍കുന്നത്. അതിനാല്‍ തന്നെ, ഒരിക്കലും നാമെന്തോ വലിയ കാര്യം ചെയ്തു എന്ന ചിന്തയില്ല.

ഒരിക്കല്‍ സംവിധായകന്‍ ബ്ലെസ്സി ഇപ്രകാരം പറഞ്ഞു കേട്ടിട്ടുണ്ട്, ‘സിനിമയ്ക്ക് ഒരു ഉത്തരവാദിത്തമുണ്ട്, അത് ഒരു കുഴിയില്‍ കിടക്കുന്ന കുറെ പേരെ കൈകൊടുത്ത് മുകളിലേയ്ക് ഉയര്‍ത്തുകയാണ്. അതൊരിക്കലും താഴെ കുഴിയിലിറങ്ങി സിനിമ ചെയ്യുകയല്ല.’ എന്ന്. എപ്രകാരം ഒരു ചലച്ചിത്രകാരന്‍ പോസിറ്റിവ് ആവണം എന്നതിന്റെ സൂചനയാണ് അത്. സണ്‍ഡേ ഹോളിഡേ കണ്ടതിനു ശേഷം തൃശൂരുള്ള ഒരു ചെറുപ്പക്കാരനെയുംകൊണ്ട് ഓട്ടോ പിടിച്ച് അവന്റെ സുഹൃത്തുക്കള്‍ എന്റെയടുത്ത് കൊണ്ടുവരികയുണ്ടായി. മുടിയും പുരികവും പോലും കൊഴിഞ്ഞ് വല്ലാത്തൊരവസ്ഥയിലായിരുന്നു അവന്‍. കുറച്ചു നാള്‍ മുമ്പ് കാമുകി ഉപേക്ഷിച്ചുപോയതിന്റെ മാനസിക സമ്മര്‍ദ്ധമാണത്രേ അവനെ അപ്രകാരമാക്കിതീര്‍ത്തത്. സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധപ്രകാരം പലതവണ അവന്‍ ആ സിനിമ കാണുകയുണ്ടായി എന്ന് ഞാനറിഞ്ഞു. ഏതായാലും ഇപ്പോള്‍ അവന്‍ ജോലിക്ക് പോയി തുടങ്ങിയത്രെ. ഇത്തരം പ്രചോദനങ്ങളുടെയും മാറ്റങ്ങളുടെയും കഥകള്‍ കേള്‍ക്കുമ്പോള്‍ അവരെ സ്വാധീനിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷം തോന്നാറുണ്ട്.

സഹായിച്ചവരും സ്വാധീനിച്ചവരും…

ഡബ്ബിംഗ് രംഗത്തേയ്ക്കുള്ള കടന്നുവരവിന് നിമിത്തമായത് ജയസൂര്യയാണ്. അന്ന് മുതല്‍ കരം പിടിച്ച് നയിച്ചവരും സ്വാധീനിച്ചവരും അനേകരുണ്ട്. ഏറ്റവുമധികം സ്വാധീനിച്ച ഒരാളായിരുന്നു ലോഹിതദാസ് സാര്‍. അദ്ദേഹത്തിന്റെ ചില സിനിമകളില്‍ ഡബ്ബ് ചെയ്തത് മുതലുള്ള കാലങ്ങളില്‍ ഒരുപാട് അവസരങ്ങളില്‍ ദീര്‍ഘനേരം അടുത്ത് സംസാരിക്കുവാനും, അദ്ദേഹത്തിന്റെ ആശയങ്ങള്‍ ശ്രവിക്കുവാനും ഇടയായിട്ടുണ്ട്. ഹിസ്‌ഹൈനസ് അബ്ദുള്ളയുടെ ക്ലൈമാക്‌സ് എങ്ങനെയുണ്ടായി, ദശരഥം എന്ന സിനിമ എങ്ങനെ രൂപപ്പെട്ടു, കിരീടത്തിലെ സേതുമാധവന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്നിങ്ങനെ പലതും അദ്ദേഹത്തില്‍നിന്ന് ശ്രവിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ആധുനിക മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനന്മാരില്‍ ഒരാളായിരുന്ന അദ്ദേഹവുമായി അടുക്കുവാന്‍ കഴിഞ്ഞതുതന്നെ വലിയ അനുഗ്രഹമായി കാണുന്നു. ഒരുപക്ഷെ അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്റെ മനസ്സില്‍ ഒരു കഥ രൂപപ്പെടുമ്പോള്‍ ഞാന്‍ ആദ്യമെത്തുന്നത് അദ്ദേഹത്തിന്റെ മുന്നിലാകുമായിരുന്നു.

ജോണ്‍സണ്‍ മാഷ്, ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയവരുടെ സ്വാധീനം മൂലമാണ്, സ്‌കൂള്‍ കാലഘട്ടത്തില്‍ കഥയോ കവിതയോ പോലും എഴുതിയിട്ടില്ലാത്ത ഞാന്‍ രണ്ട് സിനിമകള്‍ക്കും ഗാനങ്ങള്‍ രചിക്കാന്‍ കാരണമായത്. അതുപോലെ സിദ്ധിഖ് ലാലിന്റെ സിനിമകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സിനിമയെ നല്ല സന്ദേശങ്ങള്‍ നല്‍കാന്‍ ഉപയോഗിച്ചിരുന്ന ശ്രീനിവാസന്റെയും ലാല്‍ ജോസിന്റെയും സിനിമകളും എക്കാലവും എന്നെ സ്വാധീനിച്ചവയാണ്. അവര്‍ ഇരുവരുമായും ഇന്ന് നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുമുണ്ട്.

ജീവിതാനുഭവങ്ങള്‍ ചലച്ചിത്രകാരന് മുഖ്യം…

ചെറുപ്പകാലം മുതല്‍ മിമിക്രി, മോണോ ആക്റ്റ് തുടങ്ങിയവയിലുള്ള താല്‍പ്പര്യം മൂലം കലാഭവനില്‍ മിമിക്രി പഠിക്കാന്‍ പോയിരുന്നു. പിന്നീട് മിമിക്രിയും, ‘ടു മാന്‍ ഷോ’യുമായി ലോകം ചുറ്റി. ഒരിക്കലും ഒന്നിനും തടസം പറയാതിരുന്ന മാതാപിതാക്കളാണ് ഏറ്റവും വലിയ പ്രചോദനമായിരുന്നിട്ടുള്ളത്. പ്രീഡിഗ്രി കാലം മുതല്‍ സ്വന്തം ചെലവിനും പഠനത്തിനുമുള്ള പണം സ്വന്തമായുണ്ടാക്കുവാന്‍ ശ്രമിച്ചിരുന്നു. ആദ്യ കാലത്ത് വൈകുന്നേരങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് പോവുകയും, കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുകയും, ടൂര്‍ പോകുവാനുള്ള പണം സമ്പാദിക്കാന്‍ രാത്രികാലങ്ങളില്‍ മുളകുപൊടി മില്ലില്‍ ജോലി ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ അതൊന്നും വീട്ടില്‍നിന്നും പണം തരാന്‍ നിവൃത്തി ഇല്ലാതിരുന്നിട്ടല്ല, മറിച്ച്, ജോലി ചെയ്ത് ചെലവിനുള്ള പണം സമ്പാദിക്കുന്നത് ഒരാവേശമായിരുന്നു. അതിനാല്‍ ഇന്നും ഇരുനൂറും മുന്നൂറും രൂപയുടെ മൂല്യം വ്യക്തമായി അറിയാം. അന്നും ഇന്നും, ഉള്ളതില്‍ സന്തോഷത്തോടെ ജീവിക്കുവാന്‍ കഴിയുന്നു. അക്കാലങ്ങളില്‍ മറ്റുള്ളവര്‍ സ്‌നേഹത്തോടെ പെരുമാറണം എന്ന് ആഗ്രഹിച്ചിരുന്നതിനാല്‍ ഇന്ന് ഏത് അവസ്ഥയില്‍ മുന്നില്‍ വരുന്നവരോടും സ്‌നേഹത്തോടും അനുകമ്പയോടും പെരുമാറാന്‍ കഴിയുന്നു. എല്ലാത്തിനും പുറമേ, ചെറുപ്പം മുതലുള്ള ഇത്തരം അനുഭവങ്ങളിലൂടെ അനേകരുമായി അടുക്കാനും പലതരത്തിലുള്ളവരെ പരിചയപ്പെടുവാനും കഴിഞ്ഞു. ഇന്ന് തിരക്കഥയും സംഭാഷണവും എഴുതുമ്പോള്‍ അത്തരം പരിചയങ്ങളും അനുഭവങ്ങളും വളരെയേറെ സഹായിക്കുന്നു.

കേരള യുവത്വത്തോട്…

എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരിക്കാം ഈ പറയുന്നത്, എന്റെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്ന മൂന്ന് കാര്യങ്ങളുണ്ട്. മാതാപിതാക്കളുടെയും, ഗുരുസ്ഥാനീയരുടെയും, ദൈവത്തിന്റെയും അനുഗ്രഹമാണ് അവ. മാതാപിതാക്കള്‍ക്ക് വിഷമം തോന്നും എന്ന് കരുതുന്ന ഒരു കാര്യവും ഇന്നോളം ഞാന്‍ ജീവിതത്തില്‍ ചെയ്തിട്ടില്ല. എന്റെ അദ്ധ്യാപകരായിരുന്ന മിക്കവാറും എല്ലാവരുമായും ഇന്നും എനിക്ക് ബന്ധമുണ്ട്. അവരുടെ അനുഗ്രഹം എന്നുമുണ്ടായിട്ടുണ്ട്. അതുപോലെ തന്നെ, ദൈവഹിതമെന്ന ബോധ്യമില്ലാത്തതൊന്നും ചെയ്യുവാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഇനി തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കും എന്നുറപ്പുണ്ട്. ഒരു കാര്യം നിശ്ചയം, നാളെ ഞാന്‍ എന്തെങ്കിലുമൊക്കെ ആയി തീര്‍ന്നാലും അത് ഈ മൂന്ന് ഭാഗത്തുനിന്നുള്ള അനുഗ്രഹത്തിന്റെ ഫലമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്. അത് തന്നെയാണ് യുവ തലമുറയോട് എനിക്ക് പറയാനുള്ളതും.

Leave A Reply

Your email address will not be published.