ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിന്റെ കിഴക്കുഭാഗത്തായുള്ള 40000 ഹെക്ടർ വനഭൂമിയാണ് പുതിയ തലസ്ഥാന നഗരമായി പണിതുയർത്തപ്പെടാൻ പോകുന്നത്. ഏകദേശം രണ്ടര ലക്ഷം കോടി രൂപ (486 ട്രില്യൺ റുപ്പിയ) ചെലവ് വരുന്ന പദ്ധതിയുടെ പൂർത്തീകരണം പത്തുവർഷത്തിനുള്ളിൽ പ്രതീക്ഷിക്കുന്നു.
ഏറെക്കാലത്തെ ശ്രമഫലമായാണ് നശിച്ചുകൊണ്ടിരിക്കുന്ന പഴയ തലസ്ഥാന നഗരത്തിന് പകരം പുതിയതായൊന്ന് പണിതുയർത്താനുള്ള സ്ഥലം ഇന്തോനേഷ്യ കണ്ടെത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ മാധ്യമങ്ങളെ അറിയിച്ചു. സർക്കാരിന്റെ ഈ തീരുമാനത്തിന് പാർലമെന്റിന്റെ അനുമതി ലഭിക്കേണ്ടതായുണ്ട്.
ജാവ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ജക്കാർത്ത ചരിത്രമായി മാറുമ്പോൾ, പുതിയ തലസ്ഥാനം പണിതുയർത്തപ്പെടുക ബോർണിയോ ദ്വീപിലെ കിഴക്കൻ കലിമന്തൻ പ്രവിശ്യയിലാണ്. ഇന്തോനേഷ്യയിലെ താരതമ്യേന അവികസിതങ്ങളായ ബാലിക്പപൻ സമരിന്ദ തുടങ്ങിയ പട്ടണങ്ങൾക്ക് സമീപമാണ് പുതിയ തലസ്ഥാനത്തിനായി കണ്ടെത്തിയിരിക്കുന്ന സ്ഥലം എന്ന പ്രത്യേകതയുമുണ്ട്. പാർലമെന്റിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാൽ അടുത്തവർഷം നിർമ്മാണം ആരംഭിക്കും എന്ന് പ്രസിഡന്റ് അറിയിച്ചു. നിർമ്മാണച്ചെലവായി പ്രതീക്ഷിക്കുന്ന തുകയുടെ പത്തൊമ്പത് ശതമാനം സർക്കാർ വഹിക്കും. ബാക്കി തുക, പബ്ലിക് – പ്രൈവറ്റ് പാർട്ട്ണർഷിപ്പിലൂടെയും സ്വകാര്യ നിക്ഷേപത്തിലൂടെയും കണ്ടെത്തും എന്നാണ് സർക്കാർ അറിയിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഒരുകോടിയാണ് ജക്കാർത്തയിലെ ജനസംഖ്യ. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് അത്. ഭൂപ്രകൃതിയനുസരിച്ച് കടൽനിരപ്പിനേക്കാൾ താഴെയാണ് ജക്കാർത്തയുടെ ഏറിയപങ്കും. ശുദ്ധജല ദൗർലഭ്യം നേരിടുന്നതിനാൽ, ജക്കാർത്തയിലെ പ്രധാന ജലസ്രോതസ് ഭൂഗർഭജലമാണ്. അമിതമായി ഭൂഗർഭജലം കുഴിച്ചെടുക്കുന്നത് ജക്കാർത്ത കടലിൽ മുങ്ങാൻ ഒരു കാരണമായി പറയപ്പെടുന്നു. ആഗോള താപനം മൂലം സമുദ്ര ജലത്തിന്റെ അളവ് കൂടുന്നതും ഒരു കാരണമാണ്.
ഓരോവർഷവും ഏഴിഞ്ച് എന്ന തോതിലാണ് ജക്കാർത്ത കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്കം പതിവായതിനാൽ കൂടുതൽ ദുരിതമാണ്. ഓരോ വർഷവും കൂടുതലായി വെള്ളം കയറുന്നത് തടയാൻ സർക്കാർ വലിയ മതിലുകൾ പണിയുകയാണ്. ചതുപ്പ് നിലത്താണ് ജക്കാർത്ത നഗരം സ്ഥിതി ചെയ്യുന്നത് എന്നുള്ളത് കൂടുതൽ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
ഇതുനുപുറമെ, ജക്കാർത്തയിലെ മലിനീകരണ പ്രശ്നങ്ങളും, നിരന്തരവും അപരിഹാര്യവുമായ ഗതാഗതക്കുരുക്കും സർക്കാരിന് തലവേദനയാണ്. മാത്രമല്ല, പരിസ്ഥിതി ദുർബ്ബല പ്രദേശമായ അവിടെ, തുടർന്നുള്ള കാലങ്ങളിൽ പ്രകൃതിസൗഹൃദ രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം ലഭിക്കണമെന്ന പൊതു അഭിപ്രായവുമുണ്ട്. എന്നാൽ, തലസ്ഥാനം മാറ്റിയാലും ജനങ്ങൾ ജക്കാർത്തയിൽ തന്നെ തുടരുന്ന പക്ഷം പ്രതിസന്ധികൾ പരിഹരിക്കപ്പെടാനിടയില്ല.
കലിമന്തൻ ഭാഗത്തേയ്ക്ക് തലസ്ഥാനം പറിച്ചുനടുന്നതിനെക്കുറിച്ചും ആശങ്കകളുണ്ട്. മഴക്കാടുകളാൽ സമ്പന്നമായ പ്രദേശമാണ് കലിമന്തൻ. അവിടെ നാൽപ്പതിനായിരം ഹെക്ടറിൽ പുതിയ നഗരം പണിയപ്പെടുമ്പോൾ വ്യാപകമായ പരിസ്ഥിതി നാശം സംഭവിക്കും എന്ന ആരോപണം ഉയരുന്നു. ലോകമെമ്പാടും മഴക്കാടുകൾക്കും സ്വാഭാവിക വനങ്ങൾക്കുമുണ്ടാകുന്ന നാശം ചർച്ചയാകുന്നു ഈ കാലത്ത് മറ്റൊരു ചർച്ചാവിഷയംകൂടിയായി മാറുകയാണ് ഇന്തോനേഷ്യയുടെ പുതിയ പദ്ധതി.