ന്യൂഡൽഹി: ദീർഘകാലത്തെ പ്രതീക്ഷകൾക്ക് വിരാമമിട്ടു കൊണ്ട് ആദ്യ ഇലക്ട്രിക്ക് എസ് യു വി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടു. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 452 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ കഴിയുന്ന ഹ്യൂണ്ടായ് കോന ഫുൾ ചാർജ് ആകാൻ ആറു മണിക്കൂർ വേണം. പ്രത്യേക സൗകര്യമായ ഡി സി ക്വിക്ക് ചാർജർ ഉപയോഗിച്ച് അതിവേഗം ചാർജ് ചെയ്യാൻ കഴിയും. ഇത്തരത്തിൽ 80% ചാർജ് ചെയ്യാൻ ഒരു മണിക്കൂറിൽ താഴെ മാത്രമേ വേണ്ടതുള്ളു എന്ന സവിശേഷതയുമുണ്ട്.
ക്വിക്ക് ചാർജിംഗ് സംവിധാനം നിലവിൽ പ്രധാന നഗരങ്ങളിലെ കമ്പനി കേന്ദ്രങ്ങളിലാണ് ഉണ്ടാവുക. വീട്ടിൽ സെറ്റ് ചെയ്യാൻ കഴിയുന്ന ചാർജിംഗ് സംവിധാനം 7.2 KW ലെവൽ 2 AC വാൾ ബോക്സ് ചാർജർ ആണ്. സാധാരണ ചാർജറുകൾ ഘടിപ്പിച്ച് ചാർജ് ചെയ്യാമെങ്കിലും 19 മണിക്കൂറുകൾ സമയമെടുക്കുമെന്നാണ് റിപ്പോർട്ട്. വാഹനത്തിന്റെ മുൻഭാഗത്തെ ഗ്രില്ലിലാണ് ചാർജിംഗ് പോർട്ട് ഘടിപ്പിച്ചിരിക്കുന്നത്.
പൊതുവെ നമ്മുടെ മനസിലുള്ള ചിത്രത്തിൽ നിന്ന് വിഭിന്നമായ തികഞ്ഞൊരു എസ് യു വിയാണ് കോന. കോനയ്ക്ക് ശക്തി പകരുന്ന 100 KW എൻജിൻ 136 PS പവറിൽ, 395 NM ടോർക്ക് ഉത്പാദിപ്പിക്കുന്നു. 9.7 സെക്കന്റുകൾക്കൊണ്ട് 100 KM വേഗത കൈവരിക്കാൻ ഈ എൻജിന് കഴിയും. 39.2 V ലിഥിയം പോളിമർ ബാറ്ററിയാണ് കോനയിൽ ഉള്ളത്.
കഴിഞ്ഞ വർഷത്തെ ജനീവ മോട്ടോർ ഷോയിൽ അവതരിപ്പിക്കപ്പെട്ട ഹ്യൂണ്ടായ് കോന നിലവിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ലഭ്യമാണ്. കോന ഇലക്ട്രിക്ക് കാർ 100 KW, 150 KW എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ വിദേശ രാജ്യങ്ങളിൽ ലഭ്യമാണ്.
വാഹനത്തിന്റെ രൂപകൽപ്പനയും, സുരക്ഷാ സംവിധാനങ്ങളും, മറ്റ് സൗകര്യങ്ങളും ഈ വിലനിലവാരത്തിലുള്ള മറ്റ് വാഹനങ്ങളുമായി താരതമ്യപ്പെടുത്താനാവും വിധം മികച്ചതാണ്. സ്പോർട്ടി ഡിസൈൻ, സ്പ്ലിറ്റ് ടൈപ്പ് ഹെഡ് ലാമ്പുകൾ, റൂഫ് റെയിൽ, സ്മാർട്ട് ഇലക്ട്രിക്ക് റൂഫ് തുടങ്ങിയവ കോനയെ സുന്ദരനാക്കുന്നു. സോഫ്റ്റ് ടച്ച് ഡാഷ് ബോർഡ്, ബ്രിഡ്ജ് ടൈപ്പ് സെൻട്രൽ കൺസോൾ തുടങ്ങിയവയോടെ ഉൾവശം മനോഹരമാക്കി ഡിസൈൻ ചെയ്തിട്ടുണ്ട്. പത്ത് രീതിയിൽ ക്രമീകരിക്കാവുന്ന പവർ ഡ്രൈവർ സീറ്റ് മറ്റൊരു പ്രത്യേകതയാണ്.
ആറ് എയർ ബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റന്റ് കൺട്രോൾ തുടങ്ങിയവയുമുണ്ട്. അപകടങ്ങളുടെ ആഘാതം യാത്രക്കാരിലേയ്ക്ക് എത്തുന്നത് കുറയ്ക്കും വിധമാണ് രൂപകൽപ്പന എന്ന് കമ്പനി പറയുന്നു.
അഞ്ച് നിറങ്ങളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഹ്യൂണ്ടായ് കോന ഇലക്ട്രിക്കിന് 25.3 ലക്ഷം രൂപ വരും. മൂന്നു വർഷം വാറന്റിയും, പൂർണമായ റോഡ് സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്ദാനം ചെയ്യുന്നു.
2019 – 20 വർഷത്തെ കേന്ദ്ര ബജറ്റിൽ വൈദ്യുതി കാറുകൾക്ക് പ്രോത്സാഹനകരമായി സബ്സിഡിയും ടാക്സ് കുറവും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ബജറ്റിന് തൊട്ടുപിന്നാലെയുള്ള കോനയുടെ അവതരണം പ്രാധാന്യമർഹിക്കുന്നു.