- ഇന്ത്യ മുന്നോട്ടുവച്ച ആശങ്കകൾ പരിഗണിക്കപ്പെടാത്തതാണ് കാരണം എന്ന് വിശദീകരണം
- കരാറിന്റെ ഭാഗമാകുന്നത് പിന്നീട് തീരുമാനിക്കും എന്ന് ഇന്ത്യ
- ഇന്ത്യ ഒഴികെയുള്ള പതിനഞ്ച് രാജ്യങ്ങൾ അടുത്തവർഷം കരാറിൽ ഒപ്പുവയ്ക്കും
- കോൺഗ്രസും വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകളും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കെയാണ് ഇന്ത്യയുടെ പിന്മാറ്റം
വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച റീജണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് (ആർസിഇപി) കരാറിൽനിന്ന് ഇന്ത്യ വിട്ടു നിൽക്കുന്നതായി പ്രധാന മന്ത്രി ബാങ്കോക്ക് ഉച്ചകോടിയിൽ അറിയിച്ചു. ഇന്ത്യ ഉയർത്തിയ ആശങ്കകൾ പരിഗണിക്കപ്പെടാത്തതാണ് കാരണം. ഇന്ത്യ ഉൾപ്പെടെ പതിനാറ് രാജ്യങ്ങൾ പങ്കാളികളാകാൻ നിശ്ചയിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ ആയിരുന്നു ആർസിഇപി. ഇന്ത്യ ഒഴികെയുള്ള പതിനഞ്ച് രാജ്യങ്ങളും അടുത്ത ഫെബ്രുവരിയിൽ കരാറിൽ ഒപ്പുവയ്ക്കും.
ഉച്ചകോടിയുടെ ഭാഗമായി പതിനാറ് രാഷ്ട്ര നേതാക്കൾ ചേർന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ, ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹാരമില്ലാത്ത അവശേഷിക്കുകയാണെന്നും അവ തൃപ്തികരമായി പരിഹരിക്കാൻ എല്ലാവരും ചേർന്ന് പരിശ്രമിക്കുമെന്നും ഫലപ്രാപ്തിയിൽ എത്തുന്ന പക്ഷം ഇന്ത്യയും കരാറിന്റെ ഭാഗമായേക്കും എന്നുമുള്ള സൂചനകളുള്ളതായി റിപ്പോർട്ടുകളുണ്ട്.
ചരക്ക്, സേവന,നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ ആശങ്കകള്‍ കരാര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടിരുന്നു. കരാറിലെ ചില വ്യവസ്ഥകളിൽ ഇളവുവേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലൊന്നും തീരുമാനമാകാത്ത സാഹചര്യത്തിലാണ് കരാറുമായി മുന്നോട്ട് പോകേണ്ടെന്ന നിലപാടിൽ കേന്ദ്രം എത്തിയത്.
കരാറിൽ ഒപ്പുവയ്ക്കാനായിരുന്നു കേന്ദ്രസർക്കാർ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, കൃഷി, വ്യവസായ മേഖലകളിലടക്കം കരാർ ഇന്ത്യയ്ക്കു ദോഷകരമാകുമെന്നു ചർച്ചകളുയരുകയും, സംഘപരിവാർ പോഷകസംഘടനയായ സ്വദേശി ജാഗരൺ മഞ്ചും വിവിധ കർഷക, ഉൽപാദക സംഘടനകളും ഇടതു പാർട്ടികളും ശക്തമായി എതിർപ്പുന്നയിക്കുകയും ഉണ്ടായിരുന്നു. കരാറിനെതിരെയുള്ള പ്രക്ഷോഭത്തിന് കോൺഗ്രസ് കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.
2020 ഫെബ്രുവരി വരെയാണ് കരാറിന്‍റെ ഭാഗമാകാൻ ഇന്ത്യക്ക് സമയം നൽകിയിരിക്കുന്നത്. കരാറിലെ ഇന്ത്യയുടെ പങ്കാളിത്തം മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നിർണ്ണായകമായതിനാൽ അനുരഞ്ജന ചർച്ചകൾ തുടരുമെന്നത് തീർച്ചയാണ്. എന്നാൽ മോദി സർക്കാർ തുടർചർച്ചകൾക്കില്ലെന്ന നിലപാടാണ് സ്വകരിച്ചിരിക്കുന്നതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്ന കാലയളവായതിനാൽ അടുത്ത ഫെബ്രുവരി വരെയുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ്.