Voice of Truth

സ്വിസ്സ് ബാങ്കിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന് ലഭിച്ചു. കള്ളപ്പണം കണ്ടെത്താൻ കഴിഞ്ഞേക്കും

ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എ.ഇ.ഒ.ഐ) കരാറിന്‍റെ ഭാഗമായി, സ്വിസ് ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങൾ കേന്ദ്ര സർക്കാറിന് ലഭിച്ചു.

അക്കൗണ്ട് ഉടമയുടെ പേര്, വിലാസം, വിനിമയം ചെയ്ത തുക, തുടങ്ങിയ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവയിൽ ഏറെയും വിദേശത്ത് താമസമാക്കിയ ഇന്ത്യൻ വ്യവസായികളുടെ അക്കൗണ്ട് വിവരങ്ങളാണ് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ക്ലോസ് ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടും.

എന്നിരുന്നാലും, കർശനമായ വ്യവസ്ഥകളോടെയും, രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടുമാണ് വിവരങ്ങളുടെ കൈമാറ്റം. എത്ര അക്കൗണ്ടുകൾ കൃത്യമായും ഉണ്ടെന്നും, എത്ര പണം ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും തുടങ്ങിയ വിവരങ്ങൾ ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ വെളിപ്പെടുത്തിയിട്ടില്ല. യഥാർത്ഥത്തിൽ ഇന്ത്യൻ പൗരന്മാരുടെ പേരിൽ തന്നെയുള്ളവയും, ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നവയുമായ അക്കൗണ്ടുകളുടെ വിവരങ്ങളാണ് നിലവിൽ നൽകിയിരിക്കുന്നത്.

ഇന്ത്യയുൾപ്പടെ 75 രാജ്യങ്ങൾക്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് സ്വിറ്റ്സർലൻഡ് ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അടുത്ത ഘട്ട വിവരങ്ങൾ 2020 സെപ്റ്റംബറിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Leave A Reply

Your email address will not be published.