Voice of Truth

പച്ചക്കറികള്‍ കൂടുതല്‍ കഴിക്കണമെന്ന് വിദഗ്ദർ നിർദ്ദേശിക്കാൻ കാരണം ഇതൊക്കെയാണ്

ശരിയായ ആരോഗ്യം നിലനിറുത്താന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഔഷധമാണ് പച്ചക്കറികള്‍. പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മനുഷ്യശരീരത്തില്‍ വേഗം ലയിച്ചുചേര്‍ന്ന് ആരോഗ്യം നിലനിറുത്തുകയും നാരുകള്‍ രോഗകാരികളായ അന്യപദാര്‍ത്ഥങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു. ഇന്നു മാര്‍ക്കറ്റില്‍ ലഭിക്കുന്ന ചില പച്ചക്കറികളില്‍ മാരക വിഷങ്ങള്‍ കലര്‍ന്നിരിക്കുന്നതിനാല്‍, നമ്മുടെ വീട്ടില്‍ തന്നെ ഉള്ള സൗകര്യങ്ങളില്‍ പച്ചക്കറി കൃഷി നടത്തി ആവശ്യമായ പച്ചക്കറികള്‍ സ്വയം ഉല്പാദിപ്പിക്കാം. പല പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച് രോഗങ്ങള്‍ മാറ്റുവാനുള്ള കഴിവുണ്ട്.

അമിതമായ മാംസാഹാരവും മത്സ്യവും മുട്ടയും വറുത്തരച്ച കറികളും രോഗകാരികളാണ്. അവയുടെ ഉപയോഗം കുറച്ചുകൊണ്ടു വന്നാല്‍ ആരോഗ്യത്തിന് വളരെ സഹായകമാവും. പച്ചക്കറികള്‍ കഴിക്കുന്നവരില്‍ മനസ്സിന് ശാന്തി ലഭിക്കുന്നതിനാല്‍ അവരില്‍ ശാന്തിയും ക്ഷമയും ആനന്ദവും ഉള്‍ക്കൊള്ളാനുള്ള കഴിവും ഉണ്ടാവുന്നു. പച്ചക്കറികളിലൂടെ പല മാനസിക രോഗങ്ങളും മാറുകയും തിരിച്ചറിയുവാനുള്ള കഴിവ് വര്‍ദ്ധിക്കുകയും ചെയ്യും.

ഉറക്കക്കുറവ്:

ഉറക്കക്കുറവിന് ചെരവയ്ക്ക (ബോട്ടില്‍ ഗാര്‍ഡ്) ജ്യൂസ് ഒരു ഗ്ലാസ്സ് വീതം തേന്‍ചേര്‍ത്ത് കഴിക്കാം. വിറ്റാമിന്‍ ബി,സി,ഡി മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, മാംഗനീസ് ഇവ കുറഞ്ഞാല്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. ഇവ അടങ്ങിയിരിക്കുന്ന കാരറ്റ്, ബീറ്റ്‌റൂട്ട് പോലുള്ള പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തി ദോഷകരമായ പഞ്ചസാരയും ചായ, കാപ്പി, ചോക്കലേറ്റ്, കൂള്‍ഡ്രിംഗ്‌സ്, ആല്‍ക്കഹോള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, വറുത്തരച്ചതും എണ്ണയില്‍ പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഇവ ഒഴിവാക്കുകയും വേണം. കുമ്പളങ്ങയുടെ മജ്ജ (അകത്തെ കാമ്പ്) അരച്ച് തലയില്‍ വയ്ക്കുന്നതും കുമ്പളങ്ങനീരില്‍ തേന്‍ ചേര്‍ത്ത് കിടക്കുന്നതിന് മുന്‍പ് കഴിക്കുന്നതും ഉറക്കത്തിന് നല്ല ഗുണം ചെയ്യും.

കാഴ്ചക്കുറവ്

ശാരീരികമായോ മാനസികമായോ സമ്മര്‍ദ്ദം കൂടുതലുള്ളവര്‍ക്ക് കണ്ണിലെ ഞരമ്പുകള്‍ക്കും മസിലുകള്‍ക്കും ക്ഷീണം അനുഭവപ്പെടാം. ഡയബറ്റിക്‌സ് പോലുള്ള രോഗങ്ങളാലും വിറ്റാമിന്‍ എ യുടെ അഭാവത്തിലും കാഴ്ച കുറയുന്നു.

കാരറ്റ്, മുരിങ്ങയില ചേര്‍ത്ത് ജ്യൂസാക്കി ഒരു ഗ്ലാസ്സ് കുടിക്കുകയും കാരറ്റ് ചെരുകി കണ്ണടച്ച് കണ്ണിനുമുകളില്‍ വയ്ക്കുകയും ചെയ്താല്‍ വളരെ വ്യത്യാസം കാണാം. വേവിക്കാത്ത പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, കുക്കുമ്പര്‍ ഇവ ചേര്‍ന്ന സലാഡും ഉരുളക്കിഴങ്ങും അണ്ടിവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

കണ്ണിന് കാഴ്ച കൂട്ടാന്‍ മാംസ്യത്തിന്റെ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. മുളപ്പിച്ച ചെറുപയര്‍ ഒരു പിടി രാവിലെ കഴിച്ചാല്‍ ഒരു ദിവസത്തേക്ക് ആവശ്യമായ പ്രോട്ടീന്‍ നമ്മുടെ ശരീരത്തിന് ലഭിക്കും. ചെറുപയറില്‍ അടങ്ങിയിരിക്കുന്നത്രയും പ്രോട്ടീന്‍ മാംസാഹാരത്തില്‍ ഇല്ല എന്നു മാത്രമല്ല, മാംസാഹാരത്തിലെ പ്രോട്ടീന്‍ ശരീരത്തില്‍ ലയിച്ചു ചേരുവാന്‍ ബുദ്ധിമുട്ടുമാണ്. അവ അന്യപദാര്‍ത്ഥങ്ങളായി ശരീരത്തില്‍ കെട്ടി നിന്ന് രോഗങ്ങളുണ്ടാക്കും. കാരറ്റില്‍ വിറ്റാമിന്‍ എ, ബി, സി ഇവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും തഴുതാമ ചേര്‍ത്ത് ജ്യൂസാക്കി കഴിക്കുന്നത് നല്ല ഒരു ഔഷധമാണ്. മൈദ ആഹാരങ്ങള്‍, മാംസം, മത്സ്യം, മുട്ട, കാപ്പി, ചായ, പഞ്ചസാര തുടങ്ങി ദഹിക്കാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഓറഞ്ച് , പപ്പായ, ഈന്തപ്പഴം തുടങ്ങിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്.

രക്തസമ്മര്‍ദ്ദം

കൊഴുപ്പുള്ള ഭക്ഷണങ്ങളും വിരുദ്ധാഹാരങ്ങളും മാനസിക പിരിമുറുക്കം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാവും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പ് കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

മുള്ളങ്കി, കാബേജ്, കാരറ്റ്, തക്കാളി, കുക്കുമ്പര്‍, പാലക് ഇവ അരിഞ്ഞ് നാരങ്ങനീര് ചേര്‍ത്ത് പച്ചക്ക് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് ഗുണം ചെയ്യും. കക്കിരി (കുക്കുമ്പര്‍) യില്‍ 96 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ അമിതഭാരം ഒഴിവാക്കി മൂത്രം കൂടുതലാക്കുന്നു. ഇവയിലെ വൈറ്റമിന്‍സും മിനറല്‍സും സോഡിയത്തെ കുറയ്ക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയുവാന്‍ കാരണമാകുന്നു. കാരറ്റിലെ പെക്റ്റിന്‍ ഫൈബര്‍, വിറ്റാമിന്‍ സി ഇവ ബിപി കുറയ്ക്കാന്‍ സഹായകമാണ്.

പപ്പായയില്‍ പല ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിച്ച് ഹൃദയ സമ്മര്‍ദ്ദത്തെയും കൊളസ്‌ട്രോളിനെയും നിയന്ത്രിക്കുവാന്‍ സഹായിക്കും. കുക്കുമ്പറും തക്കാളിയും സോഡിയം കുറയ്ക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. മാംസം, മുട്ട, മൈദ, പരിപ്പ്, ഉഴുന്ന്, മസാലക്കറികള്‍, എണ്ണയില്‍ വറുത്ത സാധനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. വൈകുന്നേരം അരി ആഹാരങ്ങള്‍ ഒഴിവാക്കി പഴങ്ങളാക്കുന്നത് നല്ലതാണ്.

മൂന്ന് വെളുത്തുള്ളിയുടെ അല്ലി, മുരിങ്ങയില, കാബേജ്, കറിവേപ്പില, ഇഞ്ചി, ജീരകം ഇവ തിളപ്പിച്ച് സൂപ്പാക്കി ഒരു ഗ്ലാസ് വീതം രണ്ട് നേരം കഴിക്കാം. ഒരു നെല്ലിക്ക, കാരറ്റ്, ഇഞ്ചി, കറിവേപ്പില, പടവലങ്ങ ജ്യൂസ് ഒരു ഗ്ലാസ് വീതം രണ്ട് നേരം കഴിക്കാം. മഗ്നീഷ്യം അടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. ഉരുളക്കിഴങ്ങില്‍ പൊട്ടാസ്യം കൂടുതലും സോഡിയം കുറവുമായതിനാല്‍ ഉപ്പ് ചേര്‍ത്ത് കഴിക്കാം. ഒലിവ് ഓയില്‍ സാലഡില്‍ ചേര്‍ക്കുന്നത് ബിപി കുറക്കാന്‍ സഹായിക്കും.

വെരിക്കോസ് വെയിന്‍

കൂടുതല്‍ നില്‍ക്കുക, പുകവലി, മലബന്ധം, ഭക്ഷണത്തിലൂടെയുള്ള കൊഴുപ്പിന്റെ ആധിക്യം, വ്യായാമക്കുറവ്, അമിതവണ്ണം, ഭയം, ദേഷ്യം, മാനസിക പിരിമുറുക്കം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഇവയെല്ലാം വേരിക്കോസിന് കാരണമാവുന്നു. കാലുകളില്‍ ഞരമ്പു വീര്‍ത്ത് കൊഴുപ്പടിഞ്ഞു കൂടുന്നു.

പച്ചക്കറികളും നാരങ്ങനീരും ചേര്‍ത്ത് സലാഡ് രണ്ട് നേരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാബേജ്, കാരറ്റ്, പാലക് ഇവ പകുതി വേവിച്ച് കഴിക്കുന്നത് നല്ലതാണ്.

ഉരുളക്കിഴങ്ങ്, കാപ്പി, ചായ, പഞ്ചസാര, മാംസം, മുട്ട, മൈദ, തൈര് ഒഴിവാക്കണം. കാരറ്റ്, പാലക് ജ്യൂസ് ഒരു ഗ്ലാസ്സ് വീതം രണ്ട് നേരം കഴിക്കുന്നത് ഗുണം ചെയ്യും. വിറ്റാമിന്‍ ഇ, എഫ്, എ, സി അടങ്ങിയ നെല്ലിക്ക, കാരറ്റ് പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തക്കാളിയിലും വിറ്റാമിന്‍ സിയും സിട്രിക്, മാലിക്, ഓക്‌സാലിക്, ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുവാന്‍ സഹായിക്കുന്നു. മേരുദണ്ഡാസനം, സൈക്‌ളിംഗ് തുടങ്ങിയ കാല്‍ ഉയര്‍ത്തുന്ന രീതിയിലുള്ള യോഗാസനകളും വെരിക്കോസ് വെയിനു ഗുണം ചെയ്യും.

പ്രമേഹം

അമിതമായ മധുര പദാര്‍ത്ഥങ്ങളുടെയും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെയും ഉപയോഗം പ്രമേഹത്തിന് കാരണമാവുന്നു. അമിതവണ്ണമുള്ളവരിലും മാനസിക സമ്മര്‍ദ്ദവും ഹോര്‍മോണ്‍ തകരാറും ഉള്ളവരിലും പ്രമേഹം കണ്ടുവരുന്നുണ്ട്. ചില മരുന്നുകളുടെ പാര്‍ശ്വഫലമായും ഈ രോഗം ഉണ്ടാവുന്നു. അച്ഛനും അമ്മയ്ക്കും പ്രമേഹം ഉണ്ടെങ്കില്‍ മക്കള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തി പാരമ്പര്യത്തെ മറികടക്കേണ്ടതാണ്.

പ്രമേഹമുള്ളവര്‍ക്ക് വിശപ്പും ദാഹവും വര്‍ദ്ധിക്കുന്നു. ചിലര്‍ക്ക് അധികമായി യൂറിന്‍ പോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. കൈകാല്‍ തരിപ്പ്, ക്ഷീണം, മലബന്ധം, ലൈംഗിക പരാജയം, വിഷാദം ഇവയും പ്രമേഹം മൂലം ഉണ്ടാകും. ദാഹവും വിശപ്പും എപ്പോഴും തൊണ്ടവരള്‍ച്ചയും അനുഭവപ്പെടുന്നവര്‍ക്ക് കുക്കുമ്പര്‍ അരിഞ്ഞ് കഴിച്ചാല്‍ ഇവ മാറി ഉന്മേഷം കൂടുന്നു. പാവയ്ക്ക (കയ്പക്ക) കുരു ഉള്‍പ്പെടെ വേവിച്ച് മഞ്ഞള്‍, കറിവേപ്പില, തേങ്ങ ഇവ ചേര്‍ത്ത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നെല്ലിക്ക, മഞ്ഞള്‍, പടവലങ്ങ, കറിവേപ്പില ജ്യൂസ് ഒരു ഗ്ലാസ്സ് ദിവസവും രാവിലെയും വൈകീട്ടും കഴിക്കാം.

വിറ്റാമിന്‍ സി പ്രമേഹത്തിന് ഏറെ ഗുണം ചെയ്യുന്നതിനാല്‍ തക്കാളിയും കാബേജും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കോവക്കയില്‍ ബീറ്റാകരോട്ടിന്‍, ഫൈബര്‍, പ്രോട്ടീന്‍ ഇവയുള്ളതിനാല്‍ പ്രമേഹം കുറച്ച് ഊര്‍ജ്ജസ്വലത കൂട്ടുന്നു. പാന്‍ക്രീയാസിനെ ശുദ്ധീകരിച്ച് ഇന്‍സുലിന്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കോവയ്ക്കയ്ക്കുണ്ട്. പച്ചക്കറികള്‍ കൂടുതലും മൂപ്പെത്താത്തവയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ് വെണ്ടയ്ക്കയ്ക്കുണ്ട്. വിറ്റാമിന്‍ എ, സി, കാല്‍സ്യം, അയണ്‍ ഇവ വെണ്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

കടപ്പാട്: പ്രസിദ്ധ പ്രകൃതി ചികിത്സാവിദഗ്ധനും രാമവര്‍മ്മപ്രകൃതി ചികിത്സാ കേന്ദ്രത്തിലെ സീനിയര്‍ നാച്വറോപതിസ്റ്റുമായ ഡോക്ടര്‍ എ.കെ.വിജയകുമാറിന്റെ ലേഖന സമാഹാരം.