ക്യാമ്പസുകളില്‍, ഓര്‍ഡിനന്‍സ് ഇറക്കിക്കൊണ്ട്, വിദ്യാര്‍ത്ഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണല്ലോ. വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നുവച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ജൂണിയര്‍ വിംഗ് ആണ്. പാര്‍ട്ടിയില്‍ അംഗങ്ങളെ ചേര്‍ക്കാനും പാര്‍ട്ടിക്ക് അനുഭാവികളെ ഉണ്ടാക്കാനും പാര്‍ട്ടി പരിപാടികള്‍ ക്യാമ്പസുകളില്‍ നടപ്പാക്കാനുമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഉപയോഗിക്കുന്നത്.
എല്ലാ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കും ഫണ്ട് കിട്ടുന്നതും മാര്‍ഗനിര്‍ദേശം നല്‍കുന്നതും പാര്‍ട്ടികളാണ്. അക്രമത്തിന് പ്രേരിപ്പിക്കുന്നതും അക്രമം കാണിച്ചാല്‍ സംരക്ഷണം നല്‍കുന്നതും പാര്‍ട്ടിയാണ്. അതിനാല്‍ ക്ലാസില്‍ കയറാതിരിക്കാനും ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും രണ്ടുപേര്‍ തമ്മില്‍ സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളുടെ പേരില്‍ സമരം ചെയ്യുന്നതും ഘെരാവോ ചെയ്യുന്നതും അടി ഉണ്ടാക്കുന്നതും സമരം ചെയ്യുന്നതും പടിപ്പുമുടക്കുന്നതുമെല്ലാം വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളില്‍നിന്ന് കിട്ടുന്ന പിന്‍ബലംകൊണ്ടാണ്.
ക്യാമ്പസുകളില്‍ വര്‍ഗീയത വളരാതിരിക്കാനും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ജനാധിപത്യബോധം വളര്‍ത്താനുമൊക്കെയാണ് വിദ്യാര്‍ത്ഥിസംഘടനകള്‍ എന്ന് വാദിക്കും. തിരുവനന്തപുരത്തെ കത്തിക്കുത്തും പരീക്ഷാക്രമക്കേടും മഹാരാജാസിലെ കൊലപാതകവും ഒക്കെ ചെയ്തത് വിദ്യാര്‍ത്ഥിസംഘടനകള്‍ക്കാണ് എന്ന് ഓര്‍ക്കുക. രാഷ്ട്രീയ സംഘടനകള്‍ ക്യാമ്പസുകളില്‍ അഴിഞ്ഞാടിയിരുന്ന കാലത്ത് നടന്ന സംഘട്ടനങ്ങളുടെ, സമരങ്ങളുടെ, പഠിപ്പുമുടക്കുകളുടെ കണക്ക് ഞെട്ടിക്കുന്നതായിരിക്കും.
സമസ്ത മേഖലകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിടിമുറുക്കുക എന്ന ഒറ്റ ഉദ്ദേശമേ വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരിച്ചുകൊണ്ടുവരുന്നതിന് ഉള്ളൂ. ഇപ്പോള്‍ത്തന്നെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ രാഷ്ട്രീയ സ്വാധീനവും ക്രമക്കേടുകളും ധാരാളം. അക്കൂട്ടത്തില്‍ അക്രമ വിദ്യാര്‍ത്ഥി രാഷ്ട്രീയം കൂടി നിയമനിര്‍മാണംവഴി തിരിച്ചു കൊണ്ടുവന്നാല്‍ തീര്‍ന്നു.