ന്യൂഡൽഹി: ചാരക്കേസ് ചുമത്തി പാക്കിസ്ഥാൻ വധശിക്ഷ വിധിച്ച ഇന്ത്യയുടെ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കേസ് സങ്കീർണ്ണമാകുന്നതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ വധശിക്ഷ തടഞ്ഞ് അന്താരാഷ്ട്ര കോടതി ഇന്നലെ വിധി പ്രഖ്യാപിച്ചിരുന്നു. കേസ് പുനഃപരിശോധിക്കാൻ പാക്കിസ്ഥാനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയുടെ വിജയമായി ഭാരതം ഒന്നടങ്കം ചർച്ച ചെയ്ത വിധിയെ പാക്കിസ്ഥാൻ മാധ്യമങ്ങൾ വളച്ചൊടിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം, അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത് ശരിവച്ചുകൊണ്ട് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ രംഗത്ത് വന്നിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി പാക്കിസ്ഥാന് അനുകൂലമെന്നും, കുൽഭൂഷൺ ജാദവിനെതിരായ വിചാരണയും വിധിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കുൽഭൂഷൺ ജാദവിനെ വിട്ടുനൽകണം എന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല എന്നും അദ്ദേഹം പ്രസ്താവിച്ചു.
എന്നാൽ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ ആവശ്യത്തിനൊപ്പം നിലകൊണ്ട സാഹചര്യത്തിൽ രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി ഇന്ത്യയ്ക്ക് അനുകൂലമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വിട്ടുനൽകണം എന്നതിന് പകരം, വിഷയം പുനഃപരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണം എന്ന കോടതിയുടെ നിർദ്ദേശമാണ് പാക്കിസ്ഥാൻ ദുർവ്യാഖ്യാനം ചെയ്യുന്നത്.
‘കുൽഭൂഷൺ ജാദവിനെ വിട്ടയയ്ക്കണം എന്ന ഇന്ത്യയുടെ ആവശ്യം ഐസിജെ നിരാകരിച്ചു’ എന്നാണ് പാക്കിസ്ഥാൻ ടുഡേയുടെ ഇന്നത്തെ പ്രധാന തലക്കെട്ട്. കുൽഭൂഷണ് എതിരായ വിചാരണയും വിധിയും വിയന്ന കരാറിന്റെ ലംഘനമല്ല എന്നാണ് പത്രം സ്ഥാപിക്കാൻ ശ്രമിച്ചിരിക്കുന്നത്. അതോടൊപ്പം ഇന്ത്യ നിർദ്ദേശിച്ച പരിഹാരമാർഗ്ഗങ്ങളെ കോടതി അപ്പാടെ തള്ളി എന്നും പത്രം പറഞ്ഞുവയ്ക്കുന്നു.
‘പരിഹാരത്തിനായുള്ള ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം അന്തർദേശീയ നീതിന്യായ കോടതി തകർത്തെറിഞ്ഞു’ എന്ന തലക്കെട്ടോടെ എക്‌സ്പ്രസ്സ് ട്രിബ്യൂൺ വാർത്ത നൽകിയിരിക്കുന്നു. ഇതിനു പുറമെ, എട്ടോളം മറ്റു റിപ്പോർട്ടുകളും ഈ മാധ്യമത്തിന്റെ വെബ്‌സൈറ്റിൽ വലിയ പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്.
മേജർ ജനറൽ ആസിഫ് ഗഫൂർ പാക് മാധ്യമങ്ങൾക്ക് സന്ദേശത്തിൽ, കഴിഞ്ഞ ദിവസത്തെ വിധി ഇന്ത്യയ്ക്ക് മറ്റൊരു ‘ഫെബ്രുവരി 17’ ആണ് എന്ന് അവകാശപ്പെട്ടിരിക്കുന്നു. അഭിനന്ദൻ വർദ്ധമാൻ പാക് പിടിയിൽ അകപ്പെട്ട ദിവസമാണ് ഫെബ്രുവരി പതിനേഴ്.