നെടുംകണ്ടത്ത് ഭീമൻ കാബേജുകൾ വിളവെടുത്തു വിദ്യാർത്ഥികളും അധ്യാപകരും. നെടുംകണ്ടം സെൻറ് സെബാസ്ററ്യൻസ് സ്കൂളിലെ കാബേജ് കൃഷിയുടെ വിളവെടുപ്പാണ് കാബേജിന്റെ വലുപ്പം കൊണ്ട് കൗതുകമായത്. ജൂൺ മാസത്തിലാണ് സ്കൂൾ മുറ്റത്തു 10 സെൻറ് സ്ഥലത്തു കാബേജ് കൃഷി ഇറക്കിയത്. പൂർണമായുള്ള ജൈവകൃഷി ആണ് ഇത്. കരിയില പൊതിഞ്ഞമേൽമണ്ണും ചാണകവും അനുകൂലമായ കാലാവസ്‌ഥയും കൃഷിയെ തുണച്ചു. 350 കാബേജുകളാണ് ആദ്യ ഘട്ടത്തിൽ നട്ടത്. ആറു കിലോ മുതൽ പത്തു കിലോ വരെയുള്ള ഭീമൻ കാബേജുകളാണ് വിളവെടുത്തത്. ആകെ 1500 കിലോയോളം വിളവാണുള്ളത്.
വിളവെടുപ്പ് ഉത്സവം അറിഞ്ഞു നിരവധി പേരാണ് കാബേജ് വാങ്ങുവാനായി സ്കൂളിലേക്ക് എത്തിയത്. എന്നാൽ സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഇവ മാറ്റിവെച്ചതിനാൽ പുറത്തു വില്പന നടത്തില്ല. കൃഷിയുടെ ചുക്കാൻ പിടിച്ചത് സ്കൂൾ ഹെഡ്‌മാസ്റ്റർ ലിജി വർഗീസാണ്. മികച്ച സ്കൂൾ തോട്ടത്തിന്റെ മേധാവിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് രണ്ടു തവണ ലിജി വർഗീസിന് ലഭിച്ചിട്ടുണ്ട്.