നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ?
നമ്മള്‍ ചെറുതെന്ന് കരുതി നിസാരമായി കരുതുന്ന ചില കാര്യങ്ങള്‍ ഒരുപക്ഷേ വലിയ ദുരന്തങ്ങള്‍ക്ക് പോലും കാരണമാകുമെന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിലുള്ളത്.
ഏതാണ്ട് ഇതിന് സമാനമായൊരു സംഭവമാണ് ഒക്ടോബര്‍ അഞ്ചാം തിയതി നമ്മുടെ നാട്ടില്‍ നടന്നത്. ഏറ്റവും നിസാരമായി നാം കാണുന്ന ഒരു കാക്ക നൂറുകണക്കിന് യാത്രക്കാരുടെ യാത്ര വൈകിച്ചു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ് തീവണ്ടി ഒന്നരമണിക്കൂറോളമാണ് ഇക്കാരണത്താല്‍ തലശ്ശേരി സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടത്. എന്‍ജിനെ വൈദ്യുതി കമ്പിയുമായി ബന്ധിപ്പിക്കുന്ന ഭാഗമായ പാന്റോഗ്രാഫ് കാക്കയിടിച്ച് തകരാറായിലായതാണ് കാരണമെന്നാണ് റയില്‍വേ വിശദീകരിച്ചത്. കണ്ണൂരില്‍ നിന്നെത്തിയ പകരം എന്‍ജിന്‍ ഘടിപ്പിച്ചശേഷമാണേ്രത യാത്ര പുനരാരംഭിച്ചത്.
ആകാശത്തുകൂടി പറന്നുപോകുന്ന പക്ഷിക്കൂട്ടം വിമാനയാത്രക്കാര്‍ക്ക് എക്കാലവും ഭീഷണിയാണ്. ഈ പക്ഷികള്‍ വിമാനങ്ങള്‍ക്ക് വരുത്തുന്ന നാശനഷ്ടം ഭീകരമാണ്. ഓരോ വര്‍ഷവും 200 കോടി രൂപയ്ക്ക് മേല്‍ നഷ്ടം ഈ പക്ഷികള്‍ വഴി ഭാരതത്തിലെ സിവില്‍ ഏവിയേഷന്‍ വകുപ്പിന് ഉണ്ടാകാറുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അപകടങ്ങളില്‍ ഏറെയും ഇരകളാകുന്നത് താഴ്ന്നുപറക്കുന്ന വ്യോമസേനയുടെ വിമാനങ്ങളാണ്. വലിയ വിമാനത്തില്‍ നിസാരനായൊരു പക്ഷി ഇടിച്ചാല്‍, എന്ത് പ്രശ്‌നം എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ വിമാനത്തില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ വന്നിടിക്കുന്ന ഒരു പക്ഷിക്ക് 14 ടണിന്റെ ആഘാതമുണ്ടാക്കാന്‍ കഴിയും.
ഏതാനും വര്‍ഷം മുമ്പ് ന്യൂയോര്‍ക്കിലെ ലാഗാര്‍ഡിയ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍വെയ്‌സിന്റെ യാത്രാവിമാനം 155 യാത്രക്കാരുമായി 3200 അടി ഉയരത്തിലെത്തിയപ്പോഴാണ് പൈ ലറ്റ് യെല്‍ഡി സുലെന്‍ബര്‍ഗര്‍ വിമാനത്തിന് മുന്നില്‍ പക്ഷിക്കൂട്ടത്തെ കാണുന്നത്. എന്നാല്‍ നിരന്തര പ്രാര്‍ത്ഥനയും, പൈലറ്റ് യെല്‍ഡിയുടെ അടിയുറച്ച മനസും അന്ന് ദുരന്തത്തെ വഴിമാറ്റി വിട്ടു. പൊട്ടിത്തകര്‍ന്ന് കടലില്‍ വീണ വിമാനത്തില്‍ നിന്ന് നിസാര പരിക്കുകളോടെ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇങ്ങനെ യാത്രക്കാര്‍ രക്ഷപെടുന്ന സംഭവം അത്യപൂര്‍വ്വമാണ്.
ആയിരം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ ഒരു ചെറിയ പക്ഷി ഇടിച്ചാല്‍ 60 ടണിന്റെ ഭാരമാണ് അനുഭവപ്പെടുന്നത്. ഇത്ര ശക്തമായ ആഘാതമേറ്റാല്‍ ഏത് വിമാനവും തകരും. പ്രതിരോധമെന്ന നിലയില്‍ ചില രാജ്യങ്ങളില്‍ പരിശീലനം സിദ്ധിച്ച ഫാല്‍ക്കനുകളെ വിട്ട് പക്ഷികളെ തുരത്താന്‍ ശ്രമിക്കുന്നുണ്ട്. കുറച്ചൊക്കെ അവ വിജയപ്രദമാകാറുണ്ടെന്ന് മാത്രം.
മഞ്ഞുകട്ടകള്‍ കടലില്‍ ഒഴുകി നടക്കുന്നുണ്ടെന്നുള്ള മുന്നറിയിപ്പ് അവഗണിച്ചതാണ് ‘ടൈറ്റാനിക്കിനെ’ ദുരന്തപഥത്തിലെത്തിച്ചത്. കേവലം ഒരു മഞ്ഞുകട്ടയ്ക്ക് ബ്രഹ്മാണ്ഡമായ കപ്പലിനെ അപകടത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കരുതി കപ്പല്‍ ജീവനക്കാര്‍ മുന്നറിയിപ്പുകള്‍ തൃണവല്‍ഗണിച്ചു. ഒടുവില്‍ മലപോലുള്ള മഞ്ഞുകട്ടയില്‍ തട്ടി കപ്പല്‍ തകര്‍ന്നു തരിപ്പണമായി.
നാം നിസാരമായി കരുതുന്ന ജീവിയാണ് എലികള്‍. ഇവ പ്ലേഗ് പരത്തുന്നു എന്നു മാത്രമേ ഏറെപ്പേര്‍ക്കും അറിയൂ. എന്നാല്‍ മുപ്പതോളം പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്ന ഭീകരനാണിതെന്ന് എത്ര പേര്‍ക്കറിയാം? വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ പഠനരേഖ അനുസരിച്ച് ലോകചരിത്രത്തില്‍ ഇന്നുവരെ യുദ്ധങ്ങള്‍ വഴിയും സായുധ സമരങ്ങള്‍ വഴിയും മരിച്ചതിലേറെ ആളുകള്‍ എലി പരത്തുന്ന പകര്‍ച്ചവ്യാധികള്‍ വഴി മരിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ നാട്ടില്‍ പടര്‍ന്നു പിടിച്ച എലിപ്പനിയും അതുവഴിയുണ്ടായ ദുരന്തങ്ങളും കൂടി ചേര്‍ത്ത് വായിക്കണം.
ലോകത്തിലെ ഭക്ഷ്യധാന്യങ്ങളില്‍ അഞ്ചില്‍ ഒന്നെങ്കിലും എലികള്‍ തിന്നു നശിപ്പിക്കുന്നുണ്ട്. ഉഷ്ണമേഖലാ രാജ്യത്തിലാകട്ടെ ഇത് മൂന്നിലൊന്നായി വര്‍ദ്ധിച്ചിരിക്കുന്നു. ഭാരതത്തില്‍ എലി, തിന്നുതീര്‍ക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ കണക്കുകൂട്ടിയാല്‍ ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ക്കുള്ള ഭക്ഷണത്തോളം വരുമെന്നുള്ളത് എലിയെ അടിയന്തിരമായി നശിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
എലിവഴിയുണ്ടാകുന്ന രോഗങ്ങള്‍ക്ക് പരിഹാരമാകാന്‍ ഓരോ വര്‍ഷവും രാജ്യം കോടിക്കണക്കിന് രൂപയാണത്രേ മാറ്റിവെക്കുന്നത്. എന്നാല്‍ ഇത്രയേറെ ദോഷകരമായ എലിയെ നശിപ്പിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായിട്ടില്ല താനും.
അലഞ്ഞുനടക്കുന്ന തെരുവ്‌നായ്ക്കളാണ് നാം നിസാരമായി തള്ളിക്കളയുന്ന മറ്റൊരു വിഭാഗം. ഇങ്ങനെ അലഞ്ഞു തിരിയുന്ന നായ്ക്കള്‍ ഉപദ്രവകാരികളായി മാറിയ അനേകം സംഭവങ്ങള്‍ ഉണ്ട്.
ഇറച്ചിക്കടകളില്‍നിന്നും ഹോട്ടലുകളില്‍ നിന്നും പുറന്തള്ളുന്ന വെയിസ്റ്റും മറ്റും ഭക്ഷിച്ച് വളരുന്ന ഈ നായ്ക്കള്‍, പിഞ്ചുകുട്ടികളെ പച്ചയോടെ കടിച്ചുകീറിയ അനുഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. നമ്മുടെ നാട്ടില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മനുഷ്യരും, വളര്‍ത്തുമൃഗങ്ങളും അപകടത്തില്‍പെടുന്നത് സര്‍വ്വസാധാരണമാണല്ലോ. നിസാരമായ ഈ ശ്രത്രുവിനെതിരെ നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു.
വലിയ കാര്യങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊക്കെ സമയം കണ്ടെത്തുന്ന നാം ഇത്തരം നിസാര കാര്യങ്ങള്‍ ഗൗരവത്തോടെ കാണാറില്ല. അതുകൊണ്ട് തീര്‍ത്തും നിസാരമെന്ന് കരുതുന്ന കാര്യങ്ങള്‍ വലിയ വിപത്തായി മാറുകയും ചെയ്യുന്നു. നിസാരമെന്ന് കരുതി ഒന്നും അവഗണിക്കാതിരിക്കുക എന്നതാണ് പ്രധാനം.
ഒരു ചെറിയ മണല്‍ത്തരി മതിയല്ലോ ഒരു വലിയ യന്ത്രത്തിന്റെ ബെയറിങ്ങ് അപ്പാടെ നശിപ്പിക്കാന്‍. ഒരു വൈറസ് മതി കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളെ തകരാറിലാക്കാന്‍. ഒരു തുള്ളി നാരങ്ങാനീര് തിളപ്പിച്ച് സൂക്ഷിച്ച പാലത്രയും കേടുവരുത്തുന്നു. ഒരു യന്ത്രത്തിന്റെ നിസാര തകരാര്‍ വലിയ വാഹനാപകടങ്ങള്‍ക്ക് പോലും കാരണമാകുന്നു, എന്തിന് നാവിന്റെ നിസാര പിഴവ് പോലും എത്രയോ വമ്പന്മാരുടെ കസേര തെറിപ്പിച്ചിരിക്കുന്നു.
ഒന്നിനെയും നിസാരമായി കണ്ട് അവഗണിക്കാതിരിക്കുക. ഈ നിസാരവത്കരണമാണ് പലപ്പോഴും നമ്മെ കുഴിയില്‍ വീഴ്ത്തുന്നത്. സമൂഹത്തിന് ദൂഷ്യമാകുന്ന പാഴ്‌വസ്തുക്കളോട് അയഞ്ഞ സമീപനമോ, നിസാര കാര്യങ്ങളില്‍ അശ്രദ്ധയോ കാട്ടാതിരിക്കുക. കാരണം, ഇവയെ അവഗണിച്ചുകൊണ്ട് നമുക്ക് സുഗമമായി മുന്നോട്ട് പോകാനാവില്ല. ഇക്കഴിഞ്ഞ ദിവസത്തെ ട്രെയിന്‍ യാത്ര വൈകിച്ചതുപോലും കേവലം ഒരു കാക്കയാണെന്ന് ഓര്‍ക്കുക…